ക്ഷത്രിയൻ
എ.കെ.ബാലനെ പോലൊരു നിഷ്കളങ്കൻ ഭൂമി മലയാളത്തിൽ വേറൊരാൾ ഉണ്ടാകുമെന്ന് വിശ്വസിക്കാനേ വയ്യ. അത്രയേറെ നിഷ്കളങ്കൻ അല്ലായിരുന്നുവെങ്കിൽ ബാലൻ സഖാവ് ഇത്രയും കാര്യങ്ങൾ തുറന്ന് പറയുമോ?
വിപ്ലവപ്പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു കഴിഞ്ഞാഴ്ച വരെ ബാലൻ സഖാവ്. പ്രായപരിധിയിൽപ്പെട്ട് സ്ഥാനം ഒഴിവായിരിക്കയാണിപ്പോൾ. സ്ഥാനമില്ലായ്മയും ബാലനും തമ്മിൽ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.
മധുരയിൽ നിന്ന് തിരിച്ചെത്തി തിരുവനന്തപുരത്ത് പാർട്ടി വക പാർപ്പിടത്തിലെത്തിയിട്ടും നിദ്രാദേവി കടാക്ഷിക്കാത്ത സ്ഥിതിയിലായിരുന്നു ബാലൻ. അർധരാത്രി കഴിഞ്ഞപ്പോൾ വന്ന കാൾ ആകട്ടെ ബാക്കിനേരത്തെ ഉറക്കവും ഇല്ലാതാക്കി.
ഇക്കാലമത്രയും അനുഭവിക്കേണ്ടിവന്ന കുടിയിറക്കിനെക്കുറിച്ചുള്ള ആലോചനയായിരുന്നു നിശയുടെ ആദ്യയാമത്തിൽ ബാലനെ നിദ്രാവിഹീനനാക്കിയത്. അവസാന ഭാഗത്തെ ഉറക്കം നഷ്ടപ്പെടുത്തിയതാകട്ടെ ബ്രണ്ണൻ കാല ഓർമ്മകളും.
ബാലസ്മൃതിയിലെ തലശ്ശേരി ബ്രണ്ണൻ കോളേജ് ഓർമ്മകളിൽ പിണറായിയെക്കുറിച്ച് കോൾമയിർക്കൊള്ളാൻ തന്നെയാണ് ബാലന് ഇഷ്ടം. കോളജ് വരാന്തയിൽ ശത്രുക്കളുടെ ഊരിപ്പിടിച്ച വടിവാളുകൾക്കിടയിലൂടെ നടന്നുപോയ പിണറായിയെക്കുറിച്ച് പിണറായി തന്നെ മലയാളികളെ ഉണർത്തിയിട്ടുണ്ട്. ഇരുകൈകളും ചേർത്തുള്ള പ്രത്യേക ആക് ഷനും മൂപ്പരു തന്നെ പറഞ്ഞുവച്ചിട്ടുണ്ട്.
അതുക്കും മേലെയാണിപ്പോൾ ബാലൻ്റെ പിണറായി സ്തുതി. അടിയിൽ നിന്ന് രക്ഷപ്പെടാൻ കടലിൽ ചാടിയ കുട്ടിസഖാക്കളെ പിണറായി വിജയനും കടലിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയതായാണ് ബാലൻ സഖാവ് സാക്ഷ്യപ്പെടുത്തുന്നത്. കടലും വിജയനും തമ്മിൽ അത്രമാത്രം രമ്യതയിലായിരുന്നുവെന്ന് ബാലൻ പറഞ്ഞപ്പോൾ മാത്രമാണ് മലയാളികൾ അറിയുന്നത്.
കടലിൽ ചാടിയ ഓരോ സഖാവിനെയും പിണറായി സഖാവ് തലമുടിയിൽ പിടിച്ചുവലിച്ച് കരയിലെത്തിക്കുന്ന ചിത്രം ഓർമ്മവരും ബാലൻ്റെ വെളിപാട് കേട്ടാൽ. കടലിൽ ചാടുന്നത് അക്കാലത്ത് കോംപിറ്റീഷൻ ഐറ്റം അല്ലാത്തതിനാലാകാം പിണറായി അങ്ങനെയൊരു ചാട്ടം പതിവാക്കാതിരുന്നത്.
പതിവാക്കിയിരുന്നെങ്കിൽ ഒളിംപിക്സുൾ ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളിൽ നീന്തലിൽ സ്വർണവുമായെത്തുന്നവരുടെ കൂട്ടത്തിൽ ഇന്ത്യൻ നാമമായി പിണറായി എന്നും വായിക്കാൻ സാധിച്ചേനെ. മൈക്കൾ ഫെലിപ്സ്, മാർക്ക് സ്പിറ്റ്സ്, ഇയാൻ തോർപ്പ്, പിണറായി വിജയൻ………. ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നില്ലേ..
തലയിൽ പരുക്കേറ്റ ബാലനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയപ്പോൾ ഡോക്ടറുടെ സഹായിയായി വർത്തിച്ചതും സാക്ഷാൽ പിണറായിയാണെന്ന് ബാലൻ സാക്ഷ്യപ്പെടുത്തുന്നു. തലയിലൊക്കെ ശസ്ത്രക്രിയ നടത്തുക അനിസ്തീസ്യ നൽകിയ ശേഷമാണ് അന്നും ഇന്നും.
അനസ്തീസ്യയിൽ മയങ്ങിക്കിടന്ന ബാലൻ ഡോക്ടറെ സഹായിക്കുന്ന പിണറായിയെ കണ്ടുവെന്ന് പത്തറുപത് കൊല്ലത്തിനുശേഷം ഓർത്തുപറയുന്നതിൽ തന്നെയുണ്ട് വൈശിഷ്ട്യം. രോഗിക്കൊപ്പം എത്തുന്നവരെ ഓപ്പറേഷൻ തിയറ്ററിലും സഹായികളായിക്കൂട്ടുന്ന സംവിധാനം അക്കാലത്ത് തലശേരി ഭാഗത്തെ ആശുപത്രികളിലുണ്ടായിരുന്നുവോ ആവോ! ശസ്ത്രക്രിയാ മുറിയിൽ സഹായം ചെയ്യുന്ന ജോലി തുടർന്നിരുന്നെങ്കിൽ പിണറായി ബിരുദമില്ലെങ്കിലും ലക്ഷണമൊത്ത ഡോക്ടർ ആയി വളർന്നേനെ.
പിണറായി തുടങ്ങിവയ്ക്കുകയും കുമ്പക്കുടി സുധാകരൻ ഏറ്റുപിടിക്കുകയും ചെയ്ത ബ്രണ്ണൻ ചരിത്രമാണ് ഇതുവരെ മലയാളി മനസുകളിലുള്ളത്. അതിനൊപ്പം ബാലൻ്റെ ബ്രണ്ണൻ കാലവും നാമൊക്കെ കേട്ടും വായിച്ചും അറിയുക തന്നെ.
പിണറായിയെ പുകഴ്ത്താൻ മാത്രമല്ല, സുധാകരനെ ഇകഴ്ത്താനും ബാലൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ബ്രണ്ണനിലെ പഠനകാലത്ത് സുധാകരൻ്റെ പാൻറ്സ് അഴിക്കലാണ് ബാലൻറെ പതിവെന്ന് തോന്നും എഫ് ബി പോസ്റ്റ് വായിച്ചാൽ. ബാലൻ പാൻറ്സ് അഴിക്കും സുധാകരൻ പ്രിൻസിപ്പലിൻ്റെ ഓഫീസിലേക്ക് ഓടിക്കയറും.
അലോപ്പതി ഡോക്ടർമാരും കോളജ് പ്രഫസർമാരും പിന്നെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർമാരും മാത്രം പാൻറ്സിടുന്ന കാലമാണ് അതെന്നോർക്കണം. പോലീസുകാർക്ക് പോലും അക്കാലത്ത് മുറിയൻ ട്രൗസറാണ്. പാൻറ്സ് ആയിട്ടില്ല.
അങ്ങനെയൊരു കാലത്ത് പാൻറ്സ് ധരിച്ച് കോളജിലെത്തിയ സുധാകരൻ ചില്ലറക്കാരനാകാനിടയില്ല. ബാലൻ്റെ വെളിപ്പെടുത്തലിൽ മറ്റൊരപകടം കൂടി ഒളിഞ്ഞുകിടപ്പുണ്ട്. അപരൻ്റെ പാൻറ്സ് അഴിക്കുക എന്നത് അന്നും അതിക്രമം എന്ന പട്ടികയിൽപ്പെട്ടതാകാനാണ് സാധ്യത. ഇന്നത്തെ നിയമം അനുസരിച്ച് ചിന്തിച്ചാൽ പോക്സോ കേസിന് വരെ സാധ്യതയുള്ള വകയുമുണ്ട്.സുധാകരൻ അന്ന് പ്രായപൂർത്തിയായവരുടെ ഗണത്തിലായിരുന്നെങ്കിൽ റാഗിങ്ങിനെതിരായ വകുപ്പുകളും പ്രയോജനപ്പെടുത്താം.
നക്സൽ വർഗീസ് വധം പോലുള്ള കേസുകൾ പതിറ്റാണ്ടുകൾക്ക് ശേഷം ജീവൻ വയ്ക്കുകയും പോലീസ് ഐജി വരെ ശിക്ഷിക്കപ്പെടുകയും ചെയ്ത സംഭവങ്ങളുണ്ട്. സുധാകരനൊന്ന് വിചാരിച്ചാൽ ബാലനെതിരെ പോക്സോ കേസിന് വരെ നിയമത്തിൽ പഴുത് കാണുമെന്ന് ചുരുക്കം.
തികച്ചും വ്യത്യസ്തനാണ് ബാലൻ സഖാവ്. ബലാത്സംഗത്തിന് തീവ്രത കണ്ടെത്താൻ വരെ വൈദഗ്ധ്യമുള്ളവൻ. വ്യത്യസ്തനാമൊരു സഖാവാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല എന്നിടത്താണ് കേരളത്തിൻ്റെ പരാജയം.
One Response
ഈ കഠിനമായ ജീവിതമായിരിക്കും
പിൽക്കാലത്ത്
പീഡന തീവ്രത പരിശോധനയിൽ
ബാലന്റെ കൈമുതൽ.
തലയോട്ടിയിൽ നിന്നും തലച്ചോർ നീക്കം ചെയ്തിരുന്നുവോ