ക്ഷത്രിയൻ.
മധുരയിലെ മാരിയറ്റ് ഹോട്ടലിൽനിന്ന് കഴിഞ്ഞ രാത്രിതൊട്ട് സൂംബ ഡാൻസിൻറെ താളം കേൾക്കുന്നുവത്രെ.
സി പി എം പാർട്ടി കോൺഗ്രസിനെത്തിയ കാരണഭൂതനും കുടുംബവും താമസിക്കുന്നത് അവിടെയാണ്. തൊട്ടടുത്ത് തമിഴ്‌നാട് വിനോദ സഞ്ചാര വികസന കോർപറേഷൻ വക ഹോട്ടലിൽ കേരളത്തിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ ചിലരുമുണ്ട്.
മാരിയറ്റിനെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യമല്ല സ്വാഭാവികമായും തമിഴ്‌നാട്ടുകാരുടെ ഹോട്ടലിൽ. ഇടുങ്ങിയ ഇടനാഴിയും അതിനനുസരിച്ചുള്ള സൗകര്യങ്ങളും മാത്രം. മെച്ചപ്പെട്ട സൗകര്യം ലഭിക്കാൻ അവരൊന്നും കാരണഭൂതനോ കാരണഭൂതൻ്റെ കുടുംബാംഗങ്ങളോ അല്ലല്ലോ.
മഴ ചാറിയതിനാൽ പ്രഭാതനടത്തം വരെ അലോസരപ്പെട്ട കൂട്ടത്തിലാണ് മന്ത്രിമാരും കൂട്ടരും. അകത്തായാലും നടന്നേതീരൂവെന്ന് നിർബന്ധബുദ്ധിയുള്ള ചിലർ ഒന്നിച്ചിറങ്ങിയതിനെ തുടർന്ന് ഇടനാഴിയിൽ കൂട്ടയിടിയുണ്ടായെന്നാണ് കേൾവി.
അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നവരുടെ വീശുന്ന കൈകൾ അപരൻ്റെ മൂക്കിൽ പതിക്കാത്തത് ഭാഗ്യമെന്നേ പറയേണ്ടൂ. വെളുപ്പാൻ കാലത്തെ ഈ ദൃശ്യം പകർത്താൻ ഉറക്കമിളിച്ച് കാത്തിരുന്ന മാപ്ര ഫോട്ടോഗ്രാഫർമാർ എന്തായാലും കുതിരപ്പവൻ സമ്മാനത്തിന് അർഹർ തന്നെ.
തട്ടിയും മുട്ടിയുമെന്നതാണ് മന്ത്രിപ്പടയുടെ അവസ്ഥയെങ്കിൽ മാരിയറ്റിൽ കാര്യങ്ങളെല്ലാം നൂറ്റുക്ക് നൂറാണ്. നടക്കാൻ മാത്രമല്ല, ഓടാൻ വരെയുള്ള സൗകര്യമുണ്ട് അവിടെ. നീന്തൽക്കുളവും ജിം പോയിൻറുമൊക്കെ റെഡി. ഇക്കാലമത്രയും രാപ്പാർക്കാൻ എത്തിയവർ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ സൂംബ ഡാൻസിനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നില്ലെന്ന് മാത്രം.
സൂംബ ഡാൻസിൻ്റെ മഹത്വം ഊന്നിപ്പറഞ്ഞ ശേഷമാണ് കാരണഭൂതൻ കേരളത്തിൽ നിന്ന് മധുരയിലേക്ക് വണ്ടികയറിയത്. ‘’കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യുമെന്നായിരുന്നു’’ കണ്ടുപിടിത്തം. ഈ ആഹ്വാനം തമിഴ് പത്രങ്ങളിലും കാരണഭൂതൻ്റെ ചിത്രം സഹിതം വന്നതാണ് വഴിത്തിരിവായത്.
ഉപഭോക്താവിൻ്റെ സംതൃപ്തിയാണ് തങ്ങളുടെ ലക്ഷ്യമെന്ന ആപ്തവാക്യത്തിൽ വിശ്വസിക്കുന്നവരാണ് ഹോട്ടലുടമകൾ. അടുത്ത ദിവസത്തെ പത്രങ്ങളിൽ മറ്റൊരു വാർത്തയ്ക്കൊപ്പം വന്ന പടത്തിലെ പെൺകുട്ടിയുടെ മുഖം കാരണഭൂതൻ്റെ കുടുംബാംഗങ്ങളിൽ ഒരാളുടെ മുഖത്തിനോട് സാമ്യമുണ്ടെന്ന് ഉറപ്പിച്ചതോടെ കുട്ടികളുടെ മാനസിക സമ്മർദ്ദം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന അച്ഛനും കുടുംബവുമാണ് ഹോട്ടലിലുള്ളതെന്ന് ഉറപ്പിക്കുകയായിരുന്നു.
തുടർന്ന് സൂംബയ്ക്ക് വേണ്ടിയുള്ള അന്വേഷണമായി. സൂംബയ്ക്കൊരു പരിഹാരം കാണാനാകാതെ വൈക്ലബ്യാധിഷ്ഠരായിരിക്കുമ്പോഴാ
സൂംബ ഡാൻസിനെക്കുറിച്ച് കാരണഭൂതൻ പറഞ്ഞുതീരും മുൻപ് അടുത്ത അധ്യയനവർഷം തൊട്ട് പാഠ്യപദ്ധതിയിൽ സൂംബ ഡാൻസും ഉൾപ്പെടുത്തിയ വിനീതവിധേയൻ കൂടിയാണല്ലോ അണ്ണൻ.
അണ്ണൻ്റെ ഉപദേശ നിർദേശങ്ങൾക്കൂടി പരിഗണിച്ച് ഏർപ്പെടുത്തിയ സംവിധാനത്തിൽ നിന്നാണത്രെ ഹോട്ടൽ മുറിയിൽനിന്ന് സൂംബയുടെ താളം പുറത്തുവന്നത്. പെറ്റിക്കേസിൽ പ്രതിചേർക്കപ്പെട്ടാൽ വരെ ആർക്കും മാനസിക സമ്മർദ്ദമുണ്ടാകും.
കോടികളുടെ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണെങ്കിൽ സമ്മർദ്ദത്തിൻറെ തീവ്രത കൂടുതലുമായിരിക്കും. അത്തരം മാനസിക സമ്മർദ്ദത്തിന് സാധാരണക്കാരെന്നോ കാരണഭൂതൻ്റെ മകളെന്നോ മരുമോൻ മന്ത്രിയുടെ കെട്ട്യോളെന്നോ വിവേചനമൊന്നും കാണില്ല.
സൂംബ കൊണ്ട് ഇല്ലാതാകുന്നതാണോ ഇപ്പോഴത്തെ മാനസിക സമ്മർദ്ദമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മാനസിക സമ്മർദ്ദം പകർച്ചവ്യാധിയാണെങ്കിൽ മകളിൽനിന്ന് ആരിലൊക്കെ പകരുമെന്നതും അചിന്തനീയം.