ക്ഷത്രിയൻ.
ചോറിൻറെ വേവറിയാൻ നാലഞ്ച് വറ്റുകൾ എടുത്ത് നോക്കിയാൽ മതിയെന്നാണ് അരിയും ചോറും കണ്ടുപിടിച്ച കാലംതൊട്ടുള്ള രീതി.
എന്നാൽ വിപ്ലവപ്പാർട്ടിയുടെ ദേശീയ കാര്യസ്ഥൻ കാരാട്ട് സഖാവിൻ്റെ നയമനുസരിച്ച് ഇനി അങ്ങനെ പോരാ. കലത്തിലെ മുഴുവൻ വറ്റുകളുമെടുത്ത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ചോറ് വെന്തുവെന്ന് ഉറപ്പിക്കാൻ പാടുള്ളൂ.
രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്നാണ് കാര്യസ്ഥൻ്റെ നിലപാട്. അതേസമയം നവ ഫാഷിസത്തിൻറെ സൂചനകളുണ്ടെന്ന് സമ്മതിക്കുന്നുമുണ്ട്. ഫാഷിസം വന്നെങ്കിൽ എ കെ ജി സെൻറർ ഉണ്ടാകുമോ എന്ന് സന്ദേഹപ്പെട്ടിട്ടുണ്ട് കുറച്ച് മുൻപ് ഗോവിന്ദൻ മാഷ്. അതും ചേർത്ത് വായിച്ചാൽ കാരാട്ടും ഗോവിന്ദനും സഞ്ചരിക്കുന്നത് ഒരേ വള്ളത്തിലാണെന്നും മനസിലാക്കാം.
വിപ്ലവത്തിൻറെ വരവിൽ തന്നെ കാതലായ മാറ്റമുണ്ടെന്നാണ് കാരാട്ടിൻ്റെ കണ്ടെത്തൽ .വിപ്ലവം ഇതാ തൊട്ടടുത്ത പറമ്പിലും എത്തിയിരുന്ന കാലത്ത് ചെങ്കൊടി പിടിക്കാൻ തുടങ്ങിയ കൂട്ടത്തിലാണ് കാരാട്ടിൻ്റെ തലമുറ. വിപ്ലവം പൂർത്തിയാകുംവരെ പോരാട്ടം തുടരണമെന്നതായിരുന്നു അക്കാലത്തെ വിശ്വാസം.
വീടിൻ്റെ തൊട്ടപ്പുറത്തെത്തിയ വിപ്ലവം അധികം താമസിയാതെ വീട്ടിലുമെത്തുമെന്നതിനാൽ ഏറെക്കാലമൊന്നും പോരാടേണ്ടിവരില്ലെന്നും വിശ്വസിച്ചുപോയി പാവങ്ങൾ. അതിനിടെ വിപ്ലവം തോക്കിൻ കുഴലിലൂടെ എന്നൊക്കെപ്പറഞ്ഞ് ചിലർ വഴിതെറ്റി സഞ്ചരിച്ചുവെങ്കിലും കാരാട്ടും കൂട്ടരും വിപ്ലവാരിഷ്ട സേവ തുടർന്നുകൊണ്ടേയിരുന്നു.
പിന്നെപ്പിന്നെയാണ് മനസിലായത് അയൽവീട്ടിലെത്തിയത് വിപ്ലവമല്ലെന്നും എത്താൻ ഇനിയും കാലമെടുക്കുമെന്നും.ഏതായാലും പിടിച്ച കൊടി താഴെവയ്ക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് വിപ്ലവത്തിനായി കാത്തിരിക്കുകയാണ് അവർ.
അതിനിടെ ബംഗാളിലും ത്രിപുരയിലുമൊക്കെ സംഭവിച്ചത് പോലെ ആയാൽ വിപ്ലവാരിഷ്ടം കൊണ്ടുള്ള ഫലം ലഭിക്കാൻ അനന്തകാലം കാത്തിരിക്കേണ്ടിവരുമെന്നതും ഉറപ്പ്.
മധുര പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി മാധ്യമങ്ങളായ മാധ്യമങ്ങൾക്കൊക്കെ അഭിമുഖം നൽകി ക്ഷീണിച്ചിട്ടുണ്ട് കാര്യസ്ഥൻ. കാര്യദർശിസ്ഥാനം ഒഴിഞ്ഞ് അല്ലലും അലട്ടുമില്ലാതെ കഴിയവേയാണ് യച്ചൂരി സഖാവിൻ്റെ വിയോഗം കാരണം പാർട്ടിയുടെ കാര്യസ്ഥപ്പണി കാരാട്ട് ഏറ്റെടുക്കേണ്ടിവന്നത്. കാര്യമെന്തായാലും കാരാട്ട് ചെന്നുപെട്ടിട്ടുള്ളത് വല്ലാത്ത അസ്ഥിത്വ പ്രതിസന്ധിയിലാണ്.
അതിൽ ചെന്നുപെടുകയെന്നത് ഒരുവിധം സാധാരണക്കാർക്കൊക്കെ അപ്രാപ്യവുമാണ്. ചുരുങ്ങിയത് ഒരു പാർട്ടിയുടെ കാര്യസ്ഥനെങ്കിലും ആകുമ്പോഴാണ് പ്രതിസന്ധിക്ക് ചാരുത കൂടുന്നതും. മലയാളത്തിൽ ചിന്തിക്കുകയും ഇംഗ്ലീഷിൽ മൊഴിയുകയും ചെയ്യുന്നയാളാണ് കാരാട്ട്.
ഗാന്ധിപ്പാർട്ടിയിലെ വിശ്വപൗരനെപ്പോലെയോ കാവിപ്പാർട്ടിയിലെ സംസ്ഥാന ഏമ്പ്രാനെപ്പോലെയോ ഇംഗ്ലീഷിൽ ചിന്തിച്ച് മംഗ്ലീഷിൽ മൊഴിയേണ്ട ദുരവസ്ഥയില്ലാത്തതിനാൽ പ്രതിസന്ധിയിലേക്ക് ഏതെങ്കിലൂം മാപ്ര എടുത്ത് ചാടിച്ചെന്നും പറയാനാകില്ല.
മനസിൽ ഉറപ്പിച്ച് നാവ് കൊണ്ട് മൊഴിയുക എന്നതാണ് കാരാട്ട് സ്റ്റൈൽ. മധുരയ്ക്ക് മുൻപുള്ള കാരാട്ട് മൊഴികൾ ചിന്തനീയങ്ങളാണ്. ബിജെപിയിതര മുഖ്യമന്ത്രിമാരെ വിളിച്ചുകുട്ടാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിചാരിച്ചാൽ സാധിക്കില്ലെന്ന സന്ദേഹമുണ്ട് ഒരു പ്രസ്താവനയിൽ. പിണറായി വിളിച്ചാൽ ആരും വരില്ലത്രെ.
വെറുക്കപ്പെട്ടവർ ക്ഷണിച്ചാൽ മാന്യന്മാർ ക്ഷണം സ്വീകരിക്കാറില്ല എന്നത് നാട്ടുനടപ്പാണ്. കാര്യസ്ഥൻ ഉദ്ദേശിച്ചതും അതാണോയെന്ന് ആർക്കറിയാം. വെറുക്കപ്പെട്ടവനായി മലയാളിക്ക് ഒരാളെയേ അറിയൂ. അത് വി.എസ്.അച്യുതാനന്ദനിൽ നിന്ന് വെറുക്കപ്പെട്ടവൻ പട്ടം കിട്ടിയ ഫാരിസ് അബൂബക്കർ ആണ്. കാണഭൂതനെയും കാര്യസ്ഥൻ ആ പട്ടികയിൽ ഉൾപ്പെടുത്തിയോ ആവോ!
കാര്യസ്ഥൻ്റെ വിപ്ലവചിന്തകളിൽ പ്രായപരിധി തൊട്ട് അനന്തരാവകാശം വരെയുള്ള ഒട്ടേറെ വിഷയങ്ങളുണ്ട്. 75 കഴിഞ്ഞവർക്കുള്ള ഇളവ് കാരണഭൂതന് ഇതിനകം ലഭിച്ചുകഴിഞ്ഞു. കാര്യസ്ഥന് അത് ലഭിക്കുമോ എന്നതൊക്കെ കണ്ടറിയേണ്ട കാര്യം.
ബംഗാളിലെ ജ്യോതി ബാസുവിനെ മാതൃകയാക്കണമെന്ന അഭിപ്രായമൊക്കെ ഉയർന്നുവരുന്നത് എന്തിൻ്റെ ലക്ഷണമാണെന്ന് എങ്ങനെ അറിയാം. മകൻ ചന്ദൻ ബസുവിനെ ഒന്നാംതരം മുതലാളിയാക്കി എന്നത് മാത്രമല്ല, കാലാവധി ബാക്കിനിൽക്കെ മുഖ്യമന്ത്രി പദം ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് ഒഴിഞ്ഞുകൊടുത്ത പാരമ്പര്യവും ജ്യോതി ബാസുവിനുണ്ട്.
പ്രായപരിധിയിൽ ഇളവൊക്കെ നൽകിയിട്ടുണ്ടെങ്കിലും കാരണഭൂതനും പിൻഗാമിയെ പ്രഖ്യാപിച്ച് സ്ഥാനമൊഴിയണമെന്നതാണോ അത്തരമൊരു ചിന്തയ്ക്ക് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. ജ്യോതി ബാസു മകനായിരുന്നെങ്കിൽ കാരണഭൂതന് മകൾ എന്ന സാമ്യതയും ഏതായാലുമുണ്ട്.
‘’ഞങ്ങളാണ് ഉള്ളതിലേക്കും വിപ്ലവകാരികളായ നേതാക്കളെന്നും ജീവിതകാലമത്രയും ഞങ്ങൾ പോരാടുമെന്നും ചിന്തിക്കാനാണെങ്കിൽ നവീകരണം സംഭവിക്കില്ലെന്ന്’’ പറയുന്നുണ്ട് കാരാട്ട്. ഞാനാണ് ഉള്ളതിലേക്കും നല്ല മുഖ്യമന്ത്രിയെന്നും ജീവിതകാലമത്രയും ആ സ്ഥാനത്ത് തുടരുമെന്നുമുള്ള ചിന്ത കാരണഭൂതന് ഉണ്ടെന്നുമുള്ള ദുസ്സൂചന ഈ വാക്യത്തിൽ ദർശിക്കുന്നവരും ഇല്ലാതില്ല.