April 4, 2025 4:37 am

വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റകളും  ഹൃദയത്തിലെ പ്രതിഷ്ഠകളും 

കൊച്ചി : സംഘപരിവാറിൻ്റെ പ്രിയങ്കരനായ മോഹൻലാൽ നായകനായ ‘എമ്പുരാൻ’ എന്ന സിനിമയെ നിശിതമായി വിമർശിച്ച് സാമൂഹിക നിരീക്ഷകനായ ആര്യലാൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു. ‘കടക്ക് പുറത്ത്’ എന്ന് പറയാൻ എന്താണ് പരിവാർ സംഘടനകൾക്ക് ഇത്ര മടി എന്നാണ് ഹിന്ദുത്വ രാഷ്ടീയത്തോടൊപ്പം ചേർന്നു സഞ്ചരിക്കുന്ന അദ്ദേഹത്തിൻ്റെ ചോദ്യം.
കുറിപ്പിൻ്റെ പൂർണരൂപം താഴെ:
#ഒറ്റിത്തുലയ്ക്കരുത്.
സ്വന്തം ജനത്തെ ഒറ്റുന്നതാരാണ്?
പൃഥ്വിരാജ് സുകുമാരൻ അയാളുടെ പണി ചെയ്തു! അയാൾക്ക് ആരോടാണ് കടപ്പാട്? മുരളി ഗോപിക്ക് ഗോധ്രയിൽ തീ തിന്നു മരിച്ചവരോട് എന്തു സഹാതാപം ഉണ്ടാകുവാനാണ്?

ഇന്ത്യയുടെ ഭരണം കലാപത്തിൻ്റെ ദാനമാണ് എന്ന വ്യാഖ്യാനം അവരുടെ ഭാഗത്തു നിന്ന് തെറ്റാവുന്നതെങ്ങനെയാണ്? അവരിതിലും വലിയ പ്രൊപഗൻഡ സിനിമകൾ ചെയ്തിട്ടില്ലേ?.കലയും സത്യവുമായി ബന്ധം വേണമെന്ന് ശാഠ്യമുള്ളതാർക്കാണ്?

കുറിയും,കൂനിയുള്ള നടപ്പുമൊക്കെ കണ്ട് കഥാപാത്രങ്ങൾക്കു പകരം നടനെ എടുത്ത് നെഞ്ചിനകത്തു വച്ച എരപ്പകളാണ് “എൻ്റെ ഏട്ടൻ ഇങ്ങനെയല്ലാരുന്നു”എന്ന മട്ടിൽകരയുന്നത്. കുറഞ്ഞ പക്ഷം ‘വാനപ്രസ്ഥത്തിലെ സുഭദ്ര’യുടെ ഔചിത്യമെങ്കിലും വേണം.

 

‘കുഞ്ഞുക്കുട്ട’നിൽ നിന്ന് ഗർഭം ധരിച്ചു പെറ്റ പെണ്ണാണ് “ഞാൻ നിങ്ങളെയല്ല ‘അർജുനനെ’യാണ് സ്നേഹിച്ചതും പ്രാപിച്ചതും” എന്നു പറയുന്നത്. നടനിൽ നിന്നു നേരിട്ടു വയറ്റിലുണ്ടാക്കിയ ഫാനോളികളുടെ നിലവിളി ശബ്ദമാണ് നാട്ടിലാകെ! ഇവരിൽ നിന്നൊക്കെ അഭിനയ മുഹൂർത്തങ്ങളുടെ മാസ്മരികാനുഭൂതികൾ മാത്രമേ നമുക്കാവശ്യമുണ്ടായിരുന്നുള്ളൂ, ഇപ്പോഴുമുള്ളൂ എന്ന് തിരിച്ചറിവുണ്ടായാൽ മതിയായിരുന്നു;കരച്ചിലടങ്ങുമായിരുന്നു.

അവനവന് അവനവനെക്കാൾ വലിയ നടനും നായകനുമില്ല. മഹാരഥനെന്നതെല്ലാം നമുക്ക് നമ്മെത്തന്നെ സന്തോഷിപ്പിക്കാൻ നാം ഇവരിലാരോപിച്ച വ്യാജ സ്തുതികളാണ്. ചരിത്രം എത്ര സന്ദർഭങ്ങളിൽ അത് ഉദാഹരിച്ചിട്ടുണ്ട്.

വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റകളെയാണ് പാവം മനുഷ്യർ ഹൃദയത്തിൽ പ്രതിഷ്ഠിച്ചത്. ഹെമിങ് വേയിൽ ആരാധനമൂത്ത് അങ്ങേരോടൊത്ത് ഒരു രാത്രി കിടന്നെഴുന്നേറ്റ ഹോളിവുഡ് നടി പറഞ്ഞ അഭിപ്രായം ഇവിടെയും പ്രസക്തമാണ്;”മഹത്വം നിലനിൽക്കാൻ,മഹാൻമാരെ ദൂരെ നിന്നു കാണുന്നതാണ് നല്ലത്!”

ബി.ബി.സിയുടെ ഡോക്യുമെൻ്ററിക്ക് ചെയ്യാൻ കഴിയാത്തതൊന്നും ഇവിടെ ഈ ചവറിനും ചെയ്യാൻ കഴിയില്ല.നിന്ദാസ്തുതി പോലെ ഒരു വിപരീത ഗുണമുണ്ടായിതാനും. തീർത്തും അനാവശ്യവും അയോഗ്യവുമായിരുന്ന ‘ഏട്ടനെന്ന’ ഹൃദയഭാരത്തെ ചിലരെങ്കിലും ഒഴിവാക്കിയിരിക്കുന്നു.

എരിഞ്ഞവസാനിച്ചു പോയ ആ അമ്പത്തിയൊൻപത് പേർ അവിടങ്ങളിൽ പുനർജനിച്ചിരിക്കുന്നു. ഉറക്കത്തിനിടയിൽ ഇത്തരം തല്ലുകൾ നല്ലതാണ്, അത് നമ്മെ ഉണർത്തുകയും എഴുന്നേല്പ്പിക്കുകയും ചെയ്യുന്നു.

കലാപമല്ല ഇവരുടെ പ്രശ്നം. നാളതുവരെയുണ്ടായിരുന്ന അതിൻ്റെ ഏകപക്ഷീയമായ മേൽക്കൈ തകർന്നു പോയതിലാണ്. ശൂലവും ഭ്രൂണവും ഗർഭിണിയും സയിദ് മസൂദിൻ്റെ അനാഥത്വവുമൊക്കെ അങ്ങനെ രൂപപ്പെട്ടു വന്ന ബിംബങ്ങളാണ്.

സിക്കുകലാപത്തിൽ കരളുലയ്ക്കുന്ന നൃശംസതകളുണ്ടായിട്ടും ഉദാഹരണങ്ങൾ തേടി ഗുജറാത്തിലേക്ക് പോകുന്നത് ചാവാൻ മാത്രം വിധിക്കപ്പെട്ടവർ കൊല്ലാൻ കൂടി തയ്യാറായതിൻ്റെ അമ്പരപ്പിൽ നിന്നാണ്, തകർന്ന മേൽക്കൈയുടെ ഇച്ഛാഭംഗങ്ങളാലാണ്.

കലാപമാണ് ഭരണം സൃഷ്ടിച്ചതെങ്കിൽ സുകുമാരൻ്റെയും ഗോപിയുടേയും മക്കൾ എത്തിയൊരു വലിവെച്ചു കൊടുക്കുകയേ നിർവ്വാഹമുള്ളൂ. കലാപമുണ്ടാക്കാതിരിക്കുക, “മര്യാദയ്ക്ക് മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിക്കുക” എന്നതേ പരിഹാരമുള്ളൂ.

പറഞ്ഞു തുടങ്ങിയതിൽ അവസാനിപ്പിക്കാം. സ്വന്തം ജനത്തെ ഒറ്റുന്നതാരാണ്? നാളെ ഏട്ടൻ ‘വിശ്വശാന്തി’ പുലർത്തുവാൻ ‘ഭാസ്കരീയ’ത്തിൻ്റെ പടി കടന്നു ചെല്ലും….അപ്പോൾ വലിയേട്ടൻമാർ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കില്ലേ? വലത്തിരുത്തി ആദരിക്കില്ലേ? പത്മപ്രഭകൾ വീണ്ടും വീണ്ടും നൽകുകയില്ലേ?.

ഇന്ന് ഹൃദയമെരിഞ്ഞു കരഞ്ഞവരുടെ കുടുംബത്തിൽ രക്തസാക്ഷിയാവാനും നാളെയും എരിഞ്ഞു ചാവാനും അപ്പോഴും പെണ്ണുങ്ങൾ പെറുന്നുണ്ടാവും. ആത്മാഭിമാനമുണ്ടെങ്കിൽ പറയാൻ ഒരു വാക്കുണ്ട് …. ‘കടക്ക് പുറത്ത്.’

ഒന്നുകിൽ അതു പറയൂ…. അല്ലെങ്കിൽ വലിയവായിൽ മെഴുകാതെ ഞങ്ങളെ ഒറ്റിത്തുലയ്ക്കൂ!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News