ആർ. ഗോപാലകൃഷ്ണൻ
കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമുള്ള നേതാവാണ് ടി വി തോമസ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻ്റെയും വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. കിടയറ്റ പാർലമെന്റേറിയനും ക്രാന്തദർശിയായ ഭരണാധികാരിയുമായിരുന്നു ‘ടി.വി.’ എന്ന ദ്വയാക്ഷരിയിൽ അറിയപ്പെടുന്ന ഈ നേതാവ്.
തിരു-കൊച്ചി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ‘ടി.വി.’ സമർഥനായ പാര്ലമെന്റേറിയനായിരുന്നു. കേരളത്തിലെ ആദ്യത്തെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി; മൂന്നും നാലും കേരള നിയമസഭകളിലെ വ്യവസായവകുപ്പ് മന്ത്രി.
48-ാം ഓർമ്മദിനം, ഇന്ന്


‘ഇലൿട്രോണിക്സ്’ വ്യവസായരംഗം ഭാവിയുടെ വാക്’ദാനമെന്ന് മുൻകൂടി തിരിച്ചറിഞ്ഞ, ഇദ്ദേഹമാണ് 1973-ൽ തന്നെ, കെ. പി. പി. നമ്പ്യാരുടെ നേതൃത്വത്തിൽ ‘കെൽട്രോൺ’ എന്ന സ്ഥാപനത്തിനു തുടക്കമിട്ടത്. ഏതാണ്ട് മൈക്രോസോഫ്റ്റ് എല്ലാം ഉദയം കൊണ്ട കാലത്ത് ജന്മമെടുത്ത ഈ സ്ഥാപനം, അതു ഉയരത്തിലെത്തിക്കാൻ പ്രാപ്തിയുള്ള കെ.പി.പി. നമ്പ്യാരെ കപ്പിത്താനാക്കിയെങ്കിലും പിൽക്കാല സർക്കാരുകളുടെ ഭാവനാ ശൂന്യമായ നടത്തിപ്പു മൂലം അത് അപ്രസക്തമായി…..

1910 ജനുവരി 2-ന് ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴയിലെ കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായിരുന്നു. നാലു സഹോദരിമാരും, ഒരു സഹോദരുനുമുണ്ടായിരുന്നു തോമസിന്. ‘ഉമ്മച്ച’നെന്നായിരുന്നു വീട്ടിൽ വിളിച്ചിരുന്ന പേര്. ആലപ്പുഴ ലിയോ തേർട്ടിൻത് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു ആയിരുന്നു ഉപരിപഠനം. 1930-ൽ ബി.എ. ബിരുദവും 1935-ൽ മദിരാളിയിൽ നിന്നും നിയമബിരുദവും എടുത്തു. പഠിക്കാൻ വളരെ മുമ്പനായിരുന്നു ഉമ്മച്ചൻ. പഠിക്കുന്ന കാലത്ത് കായികരംഗത്തും തൽപരനായിരുന്നു തോമസ്.

വിദ്യാർഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന തോമസ് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. പിതാവ് ഒരു കോൺഗ്രസ്സ് അനുയായിയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരുവിതാംകൂർ ഘടകവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയപ്പോൾ തോമസ് അതിൽ സജീവമായി പങ്കെടുത്തിരുന്നു.
ആലപ്പുഴയിൽ ട്രേഡ് യൂണിയൻ രംഗത്ത് ടി.വി. തോമസ് പ്രവർത്തിച്ചു. കയർത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ പല പ്രവർത്തനരീതികളെയും ഇദ്ദേഹം വിമർശിച്ചിരുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ സംഘാടനത്തിൽ പങ്കെടുത്തതിനാൽ അറസ്റ്റിലായി. എന്നാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയോടും തിരുവതാംകൂർ സംസ്ഥാന രൂപികരണത്തോടും അനുബന്ധിച്ച് മറ്റു നേതാക്കളോടൊപ്പം ഇദ്ദേഹവും മോചിതനായി.

1952-ലെ ആദ്യപൊതു തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവുമായിരുന്നു ടി.വി. തോമസ്; അന്നത്തെ നിലക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആകുമായിരുന്ന വ്യക്തി.
കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും (1957-59) ഇദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാലത്ത് മുഖ്യമന്ത്രിയായി ഉയർന്നു കേട്ട ഒരു പേരാണ് ടി.വി.യുടേത്. എന്നാൽ, ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായി പ്രവർത്തിക്കാനായിരുന്നു പാർട്ടി നിയോഗം.

ഇദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയെ 1957 മെയ് 30-ന് വിവാഹം കഴിച്ചു. രണ്ടു മന്ത്രിമാരുടെ വിവാഹം അന്ന് വളരെ വാർത്താ പ്രാധാന്യം നേടി.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ദേശീയ തലത്തിൽ പിളർപ്പുണ്ടായപ്പോൾ ഇദ്ദേഹം ‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി’യിൽ തന്നെ നിലയുറപ്പിച്ചു. അതേ സമയം, ഭാര്യ കെ.ആർ. ഗൗരിയാകട്ടെ, സി പി ഐ (എം.) എന്ന പുതിയ പാർട്ടിയിലും. 1967-ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായിരുന്ന സി. പി. ഐ. -യും സി. പി. എമ്മും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1967-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് ടി വി-വ്യവസായവകുപ്പു മന്ത്രിയായി; കെ.ആർ. ഗൗരി റവന്യൂ മന്ത്രിയും. ആ സർക്കാർ രാജിവെച്ചതോടെ ടി.വി.-യുമായി തെറ്റിയ ഗൗരിയമ്മ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു; ക്രമേണ ഇവർ കൂടുതൽ അകന്നു…

പിന്നീട്, 1970-ലെ നാലാം കേരള നിയമസഭയിൽ ആലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ‘കെൽട്രോൺ’ തുടങ്ങിയ, ദീർഘവീക്ഷണത്തോടെയുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ തുടക്കം അക്കാലത്താണ്.



ടി.വി. തോമസ് കഥാപാത്രമായി വരുന്ന ചില സിനിമകൾ പിൽക്കാലത്ത് വന്നിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടത് ‘ലാൽ സലാം’ തന്നെ; നടൻ മുരളിയാണ് ടിവി -യെ സൂചിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മുരളി ആലപ്പുഴ പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതും ഈ സിനിമയുടെ വിജയത്തെ തുടർന്നാണ്…. ടിവി-യെ ജയിപ്പിച്ച ആലപ്പുഴ, പക്ഷേ, മുരളി കൈവിട്ടു.
ടിവി-യായി മുരളിയെ, പക്ഷേ, ഗൗരിയമ്മക്ക് അത്ര പിടിച്ചില്ലന്നാണ് അക്കാലത്തെ പത്രവാർത്തകളിൽ കണ്ടത്; എന്നാൽ മറ്റൊരു സിനിമയിൽ ഗൗരിയമ്മയോട് സാദൃശ്യമുള്ള വേഷമെടുത്ത നടി ഗീതയെ ഇഷ്ടമാകുകയും ചെയ്തു!
—————————————————————————————————–
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 45