ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര സർക്കാർ നാലഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശം നൽകി.
രാഹുൽ ഗാന്ധിക്കു ഇന്ത്യൻ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്നു ചൂണ്ടിക്കാട്ടി കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ് വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഈ നടപടി.
ഹർജിയിൽ ലഖ്നൗ ബഞ്ച് ഏപ്രിൽ 21നു വാദം കേൾക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ബ്രിട്ടീഷ് പൗരത്വം മറച്ചു വച്ചുവെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. അതിനാൽ രാഹുലിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം. വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ കേന്ദ്രത്തിനായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ സൂര്യ ഭാൻ പാണ്ഡെ രണ്ട് മാസത്തെ സമയം ചോദിച്ചെങ്കിലും കോടതി അതനുവദിച്ചില്ല. ജസ്റ്റിസ് അതൗ റഹ്മാൻ മസൂദി, ജസ്റ്റിസ് അജയ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം 2019ൽ സമർപ്പിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകൻ അശോക് പാണ്ഡെ പറഞ്ഞു.
നേരത്തെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനു ശേഷം, ഹർജിക്കാരൻ കൂടുതൽ അന്വേഷണങ്ങൾ നടത്തി പുതിയ വിവരങ്ങൾ നൽകിയെന്നും പൊതുതാൽപ്പര്യ ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ട് വിഘ്‌നേഷ് ഇമെയിൽ വഴി യുകെ സർക്കാരിനെ സമീപിച്ചിരുന്നു.
2022ൽ വിഎസ്എസ് ശർമ്മ എന്നയാൾ സമാനമായ ഒരു അഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ രാഹുലിന്റെ അനുമതിയില്ലാതെ ഇവ വെളിപ്പെടുത്താൻ യുകെ സർക്കാർ വിസമ്മതിച്ചു എന്നുമാണ് ഹർജിക്കാരൻ പറയുന്നത്.