April 4, 2025 10:57 pm

ജഡ്ജിയുടെ വീട്ടില്‍ തീ ; അഗ്നിശമന സേന കണ്ടത് നോട്ടു കെട്ടുകള്‍

ന്യൂഡൽഹി: തീപ്പിടിത്തം ഉണ്ടായപ്പോൾ, ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ പാഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് കറൻസിക്കെട്ടുകൾ.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു സംഭവം. ആ സമയത്ത് ജസ്റ്റിസ് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.

വീട്ടുകാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങളുടെ ഭാഗമായി തീപ്പിടിത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചപ്പോഴാണ്, ഒരു മുറിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇത് കണക്കില്‍പ്പെടാത്ത പണമാണെന്ന് മനസ്സിലായി.

വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യമായ ചീഫ് ജസ്റ്റിസ് ഉടന്‍ തന്നെ സുപ്രീംകോടതി കൊളീജിയം യോഗം വിളിച്ചുചേര്‍ത്തു. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു എന്നാണ് അറിയുന്നത്.

തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചതായാണ് സൂചന. നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയില്‍നിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. ഡല്‍ഹി ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News