ഫ്ലോറിഡ: ഒമ്പതു മാസം ബഹിരാകാശ പേടകത്തിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ അമേരിക്കയിലെ ശതകോടീശ്വരനായ ഇലോൺ മസ്കിൻ്റെ കമ്പനിയായ സ്പെയ്സ് എക്സ് രക്ഷപ്പെടുത്തി ഭൂമിയിലെത്തിച്ചു.
സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് പുലർച്ചെ മൂന്നരയോടെ ഇറങ്ങി. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കുകയായിരുന്നു.
കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. യാത്രികരെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി.
നാസയുടെ സ്റ്റാർലൈനർ തകരാർ ആയതു കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് തിരിച്ചെത്തിയത്.
2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ കേന്ദ്രത്തിലേക്ക് പോയത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല.