March 20, 2025 12:23 am

പാലം പലവിധമുലകിൽ സുലഭം

ക്ഷത്രിയൻ

ലോകത്ത് പാലങ്ങൾ പലതുണ്ടെങ്കിലും എല്ലാ പാലവും എല്ലാവർക്കും അറിയണമെന്നില്ല. അറിയപ്പെടുന്നതിനാകട്ടെ അതിൻ്റേതായ കാരണവും കാണും.

മലയാളിയുടെ മനസിൽ സ്ഥാനമുള്ള പാലമാണ് പാമ്പൻ പാലം. സിമൻറ് കമ്പനിക്കാരുടെ പരസ്യം വഴി കേരളീയ മനസിൽ അരക്കിട്ടുറപ്പിച്ചതാണ് കാരണം.

ചൂരൽമലയിലെ ബെയ് ലി പാലം ഓർത്തുവക്കാൻ കാരണം വയനാട് ദുരന്തനാളുകളിലെ മിനിസ്ക്രീൻ കാഴ്ചകളാണ്. അത്തരത്തിൽ മലയാളി മനസിൽ സ്ഥാനം പിടിക്കേണ്ടുന്ന ഒരു പാലത്തെക്കുറിച്ച് കാരണഭൂതൻ കഴിഞ്ഞ ദിവസം നമ്മെയെല്ലാം ഓർമിപ്പിച്ചിട്ടുണ്ട്. പുതിയ ഗവർണർ അർലേക്കർ പണിതതാണ്  ഈ  പാലം.

പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും എന്നാണെങ്കിലും ഗവർണറുടെ പാലത്തിലൂടെ താൻ അങ്ങോട്ട് പോയിട്ടില്ലെന്ന് കാരണഭൂതൻ പറഞ്ഞാൽ വിശ്വസിക്കുകയേ വഴിയുള്ളൂ. താനിട്ട പാലത്തിലൂടെ ഗർവണർ ഇങ്ങോട്ട് വന്നോ എന്നതിനെക്കുറിച്ചറിയാൻ പാഴൂർ പടിക്കൽ പോയി കവടി നിരത്തേണ്ടിവരും.

ചില പാലങ്ങൾ വൺവേ മാത്രമാണെങ്കിലും ഒട്ടുമിക്ക പാലങ്ങളും ഇരുദിശകളിലേക്കുള്ളതാണെന്നാണ് ഇന്ത്യൻ സാഹചര്യത്തിലെ പൊതു അവസ്ഥ.

അവുക്കാദർ കുട്ടി നഹ പഞ്ചായത്ത് മന്ത്രിയായിരുന്ന കാലത്ത് വടക്കെ മലബാറിൽ ഒരു പഞ്ചായത്ത് ആസ്ഥാനത്തെ ഷോപ്പിങ്ങ് ക്ലോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ വന്ന കഥയുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിനീട്ടി ഗിന്നസ് ബുക്കിൻ്റെ വക്കുവരെ എത്തിയ പഞ്ചായത്ത് മന്ത്രിയാണ് നഹ.

കെട്ടിടം ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കത്തിക്കയറി. തെരുവ് നായ്ക്കളെ പിടിക്കുന്നതിന് രണ്ട് രൂപയോ മറ്റോ പ്രതിഫലം നൽകിയിരുന്ന കാലമാണ്. നക്കാപ്പിച്ചക്കൂലിക്ക് നായ്ക്കളെ പിടിക്കാൻ ആരും മുന്നോട്ടുവരുന്നുമില്ലെന്ന പരിഭവമായിരുന്നു പ്രസിഡൻറിന്.

മറ്റ് രണ്ട് പഞ്ചായത്തുകളുമായി അതിര് വേർതിരിക്കുന്ന പുഴയ്ക്ക് കുറുകെ രണ്ട് പാലങ്ങൾ തുറന്നതിനാൽ അപ്പുറത്തെ പഞ്ചായത്തുകളിൽനിന്ന് കൂടുതൽ തെരുവ് നായ്ക്കൾ പാലം വഴി കടന്നുവരുന്നുവെന്നും പ്രസിഡൻറ് വച്ചുകാച്ചി.

മറുപടി പ്രസംഗത്തിൽ മന്ത്രി തെരുവ് നായ്ക്കളെ പിടിക്കുന്നതിനുള്ള കൂലി കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകി. ഒപ്പം മന്ത്രിവക ഒരു സംശയവും. തെരുവ് നായ്ക്കൾ വൺവേ ആയി മാത്രം സഞ്ചരിക്കുന്ന പാലങ്ങൾ വലിയ അത്ഭുതം തന്നെ !

ഡൽഹിയിലെ പാലത്തിലൂടെ വന്നാൽ അവിടെ നടന്നത് പ്രാതൽ ചർച്ച മാത്രമാണെന്നാണ് കാരണഭൂതൻ പറയുന്നത്.

ഇഢലി നിർമിക്കുന്നത് എങ്ങനെ, മസാല ദോശ നീളത്തിൽ മടക്കുന്നതാണോ ത്രികോണാകൃതിയിലാണോ സൗന്ദര്യം, പുട്ടുണ്ടാക്കുന്നതിന് കുറ്റിയിൽ ഇടേണ്ട അരിപ്പൊടിയും തേങ്ങ ചിരച്ചതും തമ്മിലുള്ള അനുപാതം, പുട്ടിന് പഥ്യം കടലക്കറിയോ മുട്ടറോസ്റ്റോ തുടങ്ങിയ കാര്യങ്ങളാണത്രെ കേരളത്തിന് വേണ്ടി കാരണഭൂതൻ ചർച്ചയിൽ പറഞ്ഞത്.

തൈര് സാദ്. സാമ്പാർ വട, ഊത്തപ്പം. താളി, മെധുവട എന്നിവയെക്കുറിച്ചൊക്കെ കേന്ദ്ര മന്ത്രിണിയും വാചാലയായി.

ഗോവൻ മേത്തി ചെ പോളെ, പാതാൾ ഭജി, പാൻ കേക്ക്, റോസ് ഓംലെറ്റ് എന്നിവയെക്കുറിച്ചായിരുന്നു ഗവർണർ വിശദീകരിച്ചത്.

—————————————————————————-

——————————————————————————–

സംശയം വേണ്ട, തിരുത മുളകിട്ടതിലും തവ ഫ്രൈയുമൊക്കെ തന്നെയായിരുന്നു കുമ്പളങ്ങി ഫെയിം കൈവച്ചത്.

അതൊന്നുമല്ലാതെ കാൾ മാർക്സ് മുത്തപ്പനാണെ സത്യം, എസ്എഫ്ഐഒ, ഇഡി തുടങ്ങിയ കോണ്ടിനൻറൽ വിഭവങ്ങളെക്കുറിച്ച് ആരും ഒന്നും മിണ്ടിയിട്ടേയില്ല.

സാമ്പാർ തമിഴിലേതാണോ മലയാളത്തിലേയണോ പ്രമാദം എന്നതിനെക്കുറിച്ച് ഇടക്കൊരു തർക്കമുണ്ടായെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ സാമ്പാർ, ഞങ്ങൾക്ക് ഞങ്ങളുടെ സാമ്പാർ എന്ന് കാരണഭൂതൻ പറഞ്ഞതോടെ തർക്കം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയും ചെയ്തു.

പാലം ഒരു പ്രതീകമാണെന്ന് മലയാളി തിരിച്ചറിഞ്ഞുവെന്നതിൻ്റെ അനുരണനം താമസിയാതെ ആലപ്പുഴയിൽ ദൃശ്യമായിട്ടുണ്ട്. സൈബർ ആക്രമണത്തിന് വിധേയനായ മഹാകവി സുധാകർജി മാധ്യമപ്രവർത്തകരേയും കൂട്ടി പാലം കയറിയത്രെ.

ഒരു പാലത്തിൽ അല്ല, പല പാലങ്ങളിൽ. ഒന്നാം ഭരണത്തിലെ പദ്ധതി വിജയമാണ് രണ്ടാം ഭരണത്തിന് സഹായിച്ചതെന്ന പാർട്ടി രേഖയ്ക്ക് അനുസൃതമായി മാത്രമുള്ളതാണ് പാലം കയറൽ. അക്കരെയിക്കരെ പോകാൻ മാത്രമല്ല ആളുകൾ പാലം കയറാറുള്ളത്.

പാലത്തിൽ നിന്ന് ചാടാനും പാലം കയറുന്നവരുണ്ട്. മഹാകവിയുടെ ഉദ്ദേശ്യം രണ്ടാമത്തേതാകാൻ വഴിയില്ല. കാരണം ആശാൻ രണ്ടും കൽപ്പിച്ച് തന്നെ ഇറങ്ങിയതാണ്.
അതേസമയം ‘മരുമകൻ’ പാലത്തിലെ വിള്ളൽ സംബന്ധിച്ച് മുഖ്യൻ്റെ ഖിന്നതയും പുറത്ത് വന്നിട്ടുണ്ട്.

ഉദ്യോഗസ്ഥർ ഉണർന്നാലേ പദ്ധതികൾ യാഥാർഥ്യമാവുകയുള്ളൂവെങ്കിലും പല മേഖലകളിലും അത് വേണ്ടത്ര ഇല്ലെന്നാണ് ചീഫ് സെക്രട്ടറിയെ മുഖ്യൻ അറിയിച്ചിട്ടുള്ളത്. അതായത് പാലത്തിൽ വിള്ളലുണ്ടെന്ന് ചുരുക്കം.

തലപ്പാടിയിൽ നിന്ന് ഒരു മുട്ട ഉരുട്ടിയാൽ തട്ടാതെ മുട്ടാതെ പാറശാലയിലെത്തും വിധം സ്മൂത്താണ് സംസ്ഥാനത്തെ റോഡെന്ന് പണ്ട് ശോഭനാ ജോർജ് പറഞ്ഞിട്ടുണ്ട്.

ഭരണനടത്തിപ്പും അതുപോലെ സ്മൂത്താകണമെന്നാണ് മുഖ്യൻ്റെ ആഗ്രഹം. എന്നാൽ അതിപ്പോൾ ടി.കെ.ഹംസയുടെ കാലത്ത് കേൾക്കേണ്ടി വന്ന പഴിപോലെ ഹംസക്കുണ്ട് നിറഞ്ഞതാണെന്നാണ് മുഖ്യനെങ്കിലും തിരിച്ചറിവുണ്ടായിരിക്കുന്നു.

ഏതായാലും പാലം കയറിയ പ്രാതൽ ചർച്ച ഇനി ഉച്ചയൂണും അത്താഴവുമൊക്കെയായി വികസിക്കുന്നത് കണ്ട് വിജൃംഭിതരാകാൻ കാത്തിരിക്കുക നാം, മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News