കെ.ഗോപാലകൃഷ്ണൻ
കൊല്ലം മാനിഫെസ്റ്റോ ‘നവകേരളത്തിന്റെ പുതുവഴികൾ’ക്കൊപ്പം സന്പൂർണ പാർട്ടി ഐക്യവും വികസിപ്പിച്ചതോടെ കേരളത്തിലെ വിപ്ലവ കമ്യൂണിസ്റ്റ് പാർട്ടിയായ സിപിഎം അതിന്റെ ഉള്ളടക്കത്തിലും ഊന്നലിലും ശ്രദ്ധേയമായ മാറ്റത്തിനു ശ്രമിക്കും.
തീർച്ചയായും, വരാനിരിക്കുന്ന നിയമസഭാ – ലോക്സഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടാണ് കഴിഞ്ഞയാഴ്ച കൊല്ലത്തു നടന്ന ഇരുപത്തിനാലാം സംസ്ഥാനസമ്മേളനത്തിന്റെ നീക്കം. മാനിഫെസ്റ്റോ എന്ന വാക്ക് എല്ലാ കമ്യൂണിസ്റ്റുകാരെയും മാർക്സും ഏംഗൽസും ചേർന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെത്തിച്ചേക്കും. കമ്യൂണിസ്റ്റ് ലീഗ് അധികാരപ്പെടുത്തി 1848ൽ ലണ്ടനിൽ പ്രസിദ്ധപ്പെടുത്തിയ രാഷ്ട്രീയ ലഘുലേഖയിലേക്ക്.
ലോകത്തെ ഏറ്റവും സ്വാധീനിച്ച രാഷ്ട്രീയരേഖയായി ഇതു നിലകൊള്ളുന്നു. ചുരുക്കത്തിൽ, അത് ലോകസമൂഹത്തിന്റെ പുരോഗതിക്കായി പുതിയ ലോക, സാന്പത്തികക്രമം ശിപാർശ ചെയ്തു. എന്നിരുന്നാലും, പിണറായി വിജയന്റെ ‘നവകേരളത്തിന്റെ പുതുവഴികൾ’ എന്ന രേഖ കമ്യൂണിസ്റ്റ് ബ്രാൻഡോടെ കേരളത്തിൽ മൂന്നാമതും അധികാരം പിടിച്ചെടുക്കാനുള്ള വഴിത്താരയാണ്. കൂടാതെ, സംസ്ഥാനത്തിന്റെ വികസനത്തിലൂടെ കേരളീയരുടെ മനസിനെ കീഴടക്കാനും പാർട്ടി അംഗങ്ങളെയും ജനങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാനുമുള്ള നിർദേശങ്ങളുമാണ്.
ഈ പ്രക്രിയയിൽ, ഇപ്പോൾ എൺപതുകളിലെത്തിയ പിണറായി വിജയനെ മുഖ്യമന്ത്രിപദത്തിലേക്കുള്ള സ്ഥാനാർഥിയായി പാർട്ടി മിക്കവാറും അംഗീകരിച്ചു. കാരണം, കൂടുതൽ മെച്ചപ്പെട്ട മറ്റൊരാളെ നിർദേശിക്കാനില്ല. ഇക്കാര്യത്തിൽ സമ്മേളനത്തിൽനിന്ന് അനുകൂലമായ പ്രതികരണമാണു ലഭിച്ചതെന്നും തെരഞ്ഞെടുപ്പിൽ മികച്ച ബഹുജനപിന്തുണ നേടുന്നതിലാണ് രേഖ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന നിർദേശങ്ങൾ വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദുർബലമായ പൊതുമേഖലയിൽ കൂടുതൽ സ്വകാര്യമൂലധനവും സ്വകാര്യനിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദുർഗ്രഹമായ സമീപനം പഴയ തലമുറയിൽപ്പെട്ട അനുഭാവികൾക്കിടയിൽ മോശം പ്രതികരണമുണ്ടാക്കുമെന്ന് ചില പാർട്ടി അംഗങ്ങൾ കരുതുന്നു. ഇതിന്റെ വ്യാപ്തി കൂട്ടിയാൽ തകർച്ചയിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്പിനുപോലും ഭീഷണിയാകുമെന്ന് ചിലർ ഭയപ്പെടുന്നു. കഴിവുതെളിയിച്ചവരും വിജയപശ്ചാത്തലമുള്ളവരുമായ മാനേജർമാരെ അത്തരം സ്ഥാപനങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കണമെന്നും അവർ പറയുന്നു.
രാജ്യപുരോഗതിക്ക് സ്വകാര്യമേഖലയെ മുന്നിലേക്കു കൊണ്ടുവന്ന പി.വി. നരസിംഹറാവു പോലും സന്പദ്വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പൊതുമേഖലയും സ്വകാര്യമേഖലയും വേണമെന്ന പക്ഷക്കാരനായിരുന്നു. എന്നാൽ, പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം അന്പരപ്പിക്കുന്ന തലത്തിലെത്തിയപ്പോൾ, 1999 ഡിസംബർ പത്തിന്, അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കേ, പ്രത്യേക ഓഹരിവില്പന വകുപ്പ് രൂപവത്കരിച്ചു. ഇതിനെ 2001 സെപ്റ്റംബർ ആറിന് ഓഹരിവില്പന മന്ത്രാലയം എന്നു പുനർനാമകരണം ചെയ്തു. അരുൺ ഷൂരി ആദ്യ ഓഹരിവില്പന മന്ത്രിയായി.
പ്രശംസയോടൊപ്പം പ്രശ്നങ്ങളും
അരുൺ ഷൂരിയുടെ കീഴിലുള്ള ഓഹരി വിറ്റഴിക്കൽ മന്ത്രാലയത്തിൽനിന്ന് തുടക്കത്തിൽ 50,000 കോടി രൂപയുടെ ഗണ്യമായ സംഭാവനയാണ് സർക്കാർ ധനവിനിയോഗത്തിലേക്കു ലഭിച്ചത്.ആദ്യവർഷംതന്നെ അദ്ദേഹത്തിന്റെ മന്ത്രാലയം 13 ഐടിഡിസി ഹോട്ടലുകളും മാരുതി, വിഎസ്എൻഎൽ, ഐപിസിഎൽ, ഐബിപി തുടങ്ങിയ വന്പൻ പൊതുമേഖലാ സ്ഥാപനങ്ങളും ഉൾപ്പെടെ 25 കന്പനികൾ വിറ്റു. 1991-2000 കാലയളവിൽ വിവിധ സർക്കാരുകൾ കിണഞ്ഞുശ്രമിച്ചിട്ടും ഒരു പൊതുമേഖല സ്ഥാപനംപോലും വിൽക്കാനായില്ല. പ്രശംസയോടൊപ്പം ഷൂരിക്കു പ്രശ്നങ്ങളുമുണ്ടായി. സന്തുഷ്ടരായ പലരും കേന്ദ്രസർക്കാരിലുണ്ടായിരുന്നു. പിന്നീട് കാര്യങ്ങൾ അത്ര നല്ലനിലയിലല്ലാതായപ്പോൾ പ്രതിപക്ഷം വിമർശനങ്ങളുമായി വന്നു.
എന്നിരുന്നാലും, നഷ്ടം എഴുതിത്തള്ളേണ്ടിവന്നില്ല എന്നതിൽ കേന്ദ്രസർക്കാർ സന്തുഷ്ടരായിരുന്നു. കൂടാതെ മറ്റുചില കാര്യങ്ങളിലും ചെലവു ചുരുക്കാനായി. പ്രശസ്തമായ സ്വകാര്യ കോർപറേഷനുകൾ ഏറ്റെടുത്ത മിക്ക കന്പനികളും മികച്ച പ്രകടനം കാഴ്ചവച്ചു. മികച്ച തൊഴിൽ സാധ്യതകൾ ലഭിച്ചതുകാരണം ഈ കന്പനികളിലെ നിരവധി ജീവനക്കാർ ആഹ്ലാദിച്ചുവെന്നായിരുന്നു അക്കാലത്തെ പത്രറിപ്പോർട്ടുകൾ. എന്നിരുന്നാലും ചില കന്പനികൾ നിയമക്കുരുക്കുകളിൽപ്പെട്ടു.
നഷ്ടത്തിലാണെന്നു കരുതി പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടണോ? സ്വകാര്യമേഖലയ്ക്കൊപ്പം പൊതുമേഖലയും വേണമെന്ന നിലപാടെടുത്ത നേതാവായിരുന്നു പി.വി. നരസിംഹറാവു. ആരോഗ്യകരമായ സന്പദ്വ്യവസ്ഥയ്ക്ക് പൊതുമേഖലയും സ്വകാര്യമേഖലയും ആവശ്യമാണെന്ന് ഈ ലേഖകനുമായുള്ള സംസാരത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു. രണ്ടിനും നന്നായി മുന്നേറാനും സന്പദ്വ്യവസ്ഥയ്ക്ക് സ്വന്തമായ ശക്തി പകരാനുമാകും. അന്പതുകളിലും അറുപതുകളിലും പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് സർക്കാരിനെ നന്നായി സേവിച്ച മുതിർന്ന ഉദ്യോഗസ്ഥരായിരുന്നു.
സർക്കാർ വകുപ്പുകളിൽ നന്നായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കാൻ ഇന്ദിരാഗാന്ധിയും താത്പര്യം പ്രകടിപ്പിച്ചു. പൊതുജനങ്ങളിൽനിന്നു ശേഖരിക്കുന്ന പണം സമൂഹത്തിനുപയുക്തമാകുംവിധം ചെലവഴിക്കുന്നതിൽ പൊതുമേഖല സ്ഥാപനങ്ങളുടെ പങ്ക് അന്തിമമായി നിർവചിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുക എന്നതാണ് ഒരുപക്ഷേ ഏറ്റവും നല്ല മാർഗം.
വിപ്ലവ പാർട്ടി മുതലാളിത്ത സമീപനത്തിലേക്ക്
പൊതുമേഖലാ യൂണിറ്റുകളിൽപ്പോലും സ്വകാര്യമൂലധനം ആകർഷിക്കുന്നതിനുള്ള സംരംഭങ്ങളിലൂടെ, ‘നവകേരളത്തിന്റെ പുതുവഴികൾ’ എന്ന പദ്ധതിയിലൂടെ, സ്വകാര്യമൂലധനത്തിന്റെ കാര്യത്തിൽ വിപ്ലവ പാർട്ടി മുതലാളിത്ത സമീപനത്തിലേക്കു മാറിയെന്നാണ് സിപിഎം സമ്മേളനത്തിൽ കാണുന്നത്. സംസ്ഥാനത്തിന്റെ സാന്പത്തിക നിയന്ത്രണങ്ങളെയും പരിമിതികളെയും മറികടക്കുന്നതിന് നിരവധി വിഭവസമാഹരണ നീക്കങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വാർത്താ റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് അവതരിപ്പിച്ച സമാനമായ രേഖയുടെ തുടർച്ച മാത്രമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് സിപിഎമ്മുമായി അടുപ്പമുള്ള ചിലർ ചൂണ്ടിക്കാട്ടുന്നു. ഗുണദോഷങ്ങൾ എന്തുതന്നെയായാലും, എൺപതുകളുടെ വെല്ലുവിളിക്കിടയിലും, മൂന്നാംതവണയും അധികാരത്തിലെത്താൻ സിപിഎം തെരഞ്ഞെടുത്ത നേതാവായ പിണറായി വിജയൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ്.
വികസനത്തിലേക്കുള്ള ഏതൊരു നീക്കത്തിനും ബഹുജനപിന്തുണ കിട്ടുന്ന കാലാവസ്ഥയാണ് കേരളത്തിലെന്നതാണു ശ്രദ്ധിക്കേണ്ട കാര്യം. പാർട്ടിയെയും സർക്കാരിനെയും മധ്യവർഗത്തിനടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ആകർഷകമാക്കാനുള്ള ആഹ്വാനത്തിന് സിപിഎം സംസ്ഥാനസമ്മേളനം അംഗീകാരം നല്കുന്നത് ഇതാദ്യമാണെന്ന്, വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാർട്ടി സെക്രട്ടറി ഗോവിന്ദൻ പറഞ്ഞു. ചിലപ്പോൾ, അത്ര നേരേയല്ലാത്ത ചോദ്യങ്ങൾ തള്ളിക്കളയുമെങ്കിലും, പുഞ്ചിരിച്ചുകൊണ്ടുള്ള രാഷ്ട്രീയവിശദീകരണങ്ങൾ പതിവാക്കിയ ആളാണദ്ദേഹം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വകാര്യപങ്കാളിത്തം വേണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കേന്ദ്രസർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നയത്തിൽനിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. “കൂടുതൽ വിഭവസമാഹരണത്തിനായി സിപിഎം ബദലുകൾ കൊണ്ടുവരുന്നുണ്ട്. ദരിദ്രരുടെ ക്ഷേമമാണ് ഞങ്ങളുടെ അടിസ്ഥാന താത്പര്യം. നിർദേശിക്കപ്പെട്ട വികസനത്തിൽനിന്നു മറ്റു വിഭാഗക്കാർക്കും സ്വാഭാവികമായും പ്രയോജനം ലഭിക്കും.” ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൂടുതൽ അദ്ഭുതങ്ങളുണ്ടാകുമോ? ഒരുപക്ഷേ ഉണ്ടാകും. കാത്തിരിക്കേണ്ടിവരും.
നേതാക്കൾ തമ്മിലുള്ള പരസ്പരധാരണ
ചെറിയ വിമർശനങ്ങളും പിണറായി വിജയന്റെ നേതൃത്വത്തെ പുകഴ്ത്തലും ഉണ്ടായെങ്കിലും സിപിഎം നേതാക്കൾ തമ്മിലുള്ള പരസ്പരധാരണയ്ക്ക് കൊല്ലം സമ്മേളനം സാക്ഷ്യം വഹിച്ചെന്നത് സത്യമാണ്. കണ്ണൂരിൽനിന്ന് ആവശ്യമായ എല്ലാ അംഗങ്ങളെയും ഉന്നതസ്ഥാനത്ത് നിർത്തിയ പാർട്ടി, സംശയിക്കുന്നവരെ ചെറിയസ്ഥാനങ്ങളിൽ ഒതുക്കി.
സൗഹാർദം പുലർത്തിയ സഖാക്കൾക്കു സ്ഥാനം നല്കുകയും ചിലരെ ഒതുക്കി നിർത്തുകയും ചെയ്തതോടെ പുതുതായി കണ്ടെത്തിയ സന്പൂർണ ഐക്യത്തെ കൊല്ലം സമ്മേളനം ഉയർത്തിക്കാട്ടി. സ്ഥാനം നിഷേധിച്ചതിനെതിരേ ചില മുതിർന്ന നേതാക്കൾ പ്രതിഷേധിച്ചത് വിയോജിപ്പുകൾ ഉണ്ടാകാമെന്നു കാണിക്കുന്നു. തെരഞ്ഞെടുപ്പു ദിനങ്ങൾ അടുത്തുവരുന്നതിനാൽ ഭാവിസംഭവവികാസങ്ങൾക്കായി നിശബ്ദത പാലിക്കുകയാകാം.
കേരളത്തിന്റെ കുടിശിക ലഭിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായമായ ആവശ്യത്തോട് കേന്ദ്രനേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിനും ചില വിപരീതഫലങ്ങൾ ഉണ്ടായേക്കാം. അക്രമത്തിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരെ എത്രത്തോളം ശിക്ഷിക്കും, പുറത്തുനിന്നുള്ള മയക്കുമരുന്നു കച്ചവടക്കാർക്കെതിരേ എന്തു നടപടിയെടുക്കും, നിയമവാഴ്ച എത്രത്തോളം നടപ്പാക്കും എന്നതിനെ ആശ്രയിച്ചിരിക്കും പോളിംഗ് ബൂത്തിൽ കേരള വോട്ടർമാരുടെ പിന്തുണ.
കുറ്റവാളികളും അവർക്കെതിരേ നടപടിയെടുക്കുന്നതിലെ പോലീസിന്റെ വീഴ്ചയും ഉറ്റവരെയും പ്രിയപ്പെട്ടവരെയും ക്രൂരമായി കൊലപ്പെടുത്തിയതും എഡിഎമ്മിന്റെ മരണവും അതിനു കാരണക്കാരായവർ ഇതുവരെ ശിക്ഷിക്കപ്പെടാത്തതും വർധിച്ചുവരുന്ന ബലാത്സംഗങ്ങളും വ്യാപകമായ മയക്കുമരുന്നുകടത്തും ഉപയോഗവുമെല്ലാം കുറച്ചു മാസങ്ങളായി പത്രങ്ങളുടെയും ഇലക്ട്രോണിക് മീഡിയയുടെയും മുഖ്യവാർത്തകളാണ്. ഇവ കേരളത്തിലെ ലക്ഷക്കണക്കിനാളുകളെ ഞെട്ടിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു.
അവരെ സമാധാനിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും അധികാരികൾ എന്തു തീരുമാനിക്കുന്നു എന്നതും തെരഞ്ഞെടുപ്പ് ബൂത്തുകളിൽ നിർണായഘടകമാകും. ആശാ വർക്കർമാരുടെ അവസ്ഥ ദയനീയമാണ്. പക്ഷേ, അവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. വയനാട് ദുരന്തബാധിതരുടെ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ. അവരിൽ പലർക്കും അതിജീവിക്കാൻ വീടോ ആശ്വാസമോ ഇല്ല.
പാർട്ടി യോഗങ്ങളിലെ മാനിഫെസ്റ്റോകൾ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കുക.
——————————————————————————————
കടപ്പാട് : ദീപിക
——————————————————————————————
( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ, മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )
കൂടുതല് വാര്ത്തകള്ക്കായി
http://www.newsboardindia.com
സന്ദര്ശിക്കുക