March 17, 2025 5:41 pm

അയച്ച കത്തും, അയക്കാത്ത കുത്തും

ക്ഷത്രിയൻ

അച്ഛൻ മകൾക്ക് അയച്ച കത്താണ് ഇന്ത്യാ ചരിത്രത്തിൽ ഏറ്റവും മൂല്യമുള്ള കത്ത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മകൾ ഇന്ദിരാ ഗാന്ധിക്ക് അയച്ച കത്ത് സ്വാതന്ത്ര്യസമര പോരാട്ടത്തിൻറെ മണവും രുചിയുമുള്ളതാണ്.

ലോകപ്രശസ്തമായ ആ കത്തിന് ശേഷം രാഷ്ട്രീയ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട കത്ത് കഴിഞ്ഞ ദിവസം എറണാകുളത്തെ കുമ്പളങ്ങിയിൽനിന്ന് അമ്പലപ്പുഴയിലെ പുന്നപ്രയിലേക്ക് അയച്ച കത്താണ്.

അയച്ചതായി കെ.വി.തോമസും കിട്ടിയില്ലെന്ന് ജി.സുധാകരനും പറയുന്ന പ്രസ്തുത കത്ത് എത്രയും പെട്ടെന്ന് കണ്ടെത്താൻ ഇന്ത്യൻ തപാൽ വകുപ്പ് നടപടിയെടുക്കണം. അല്ലെങ്കിലും തോമസ് മാഷ് ഇക്കാലത്ത് കത്തയക്കാൻ തുനിഞ്ഞത് തന്നെ തെറ്റ്.

——————————————————————————————————————————–

 

———————————————————————————————————–

അഞ്ചലോട്ടക്കാരുടെ കാലമൊക്കെ കഴിഞ്ഞിട്ട് നാളെത്രയായി. ആവശ്യത്തിന് കത്തുകൾ ഇല്ലാത്തതിനാൽ പോസ്റ്റ് ഓഫീസുകൾ തന്നെ പൂട്ടാനുള്ള ഒരുക്കത്തിലുമാണ്. അപ്പോഴാണ് തോമസ് മാഷ് പത്ത് പൈസയുടെ സ്റ്റാംപ് പതിച്ച് ജി.സുധാകരന് കത്തയക്കുന്നത്.

തോമസിനെ അങ്ങനെ കുറ്റം പറയാനും വയ്യ. അച്ഛൻ മകൾക്കയച്ച കത്ത് വായിച്ചുവായിച്ചു വളർന്നതാണ് മാഷ്. പ്രായമായ കാലത്ത് കേരളത്തെ കേന്ദ്രവുമായി കൂട്ടിമുട്ടിക്കുന്ന വൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും വാർഡ് പ്രസിഡൻറായി മൂവർണക്കൊടി പിടിച്ചുനടന്ന തോമസിന് കത്തിൻറെ ലഹരി മനസിൽനിന്ന് മാഞ്ഞിട്ടുണ്ടാകില്ല.

ആശയവിനിമയത്തിന് കത്തൊന്നും വേണ്ട, ഇ-മെയിലോ, വാട്സാപ്പ് സന്ദേശമോ ഒക്കെ മതിയായ ഇക്കാലത്തും മാഷ് കത്ത് കൈവിടാത്തത് മനസിൽ ഇന്നും പണ്ഡിറ്റ്ജിയും പ്രിയദർശിനിയുമൊക്കെ ഉള്ളതിനാലാണ്. സോണിയ ഗാന്ധി അകറ്റിയെങ്കിലും നെഹ്റുവിനെയും ഇന്ദിരയെയുമൊക്കെ മറക്കാൻ മാത്രം ക്രൂരനൊന്നുമല്ലല്ലോ മാഷ്.

മാഷ് മാസാമാസം വാങ്ങുന്ന ആനുകൂല്യമാണ് കത്തിലെ വിഷയം. മാസത്തിൽ 30 ലക്ഷമെന്ന് ജി.സുധാകരനും മൂന്ന് ലക്ഷത്തിൽ താഴെയെന്ന് തോമസും പറയുന്നിടത്താണ് തർക്കം. അതൊന്നും തർക്കത്തിന് വിഷയമാക്കേണ്ട വല്ല കാര്യവുമുണ്ടോ.

താൻ പറഞ്ഞ 30ലുള്ള പൂജ്യം വിലയില്ലാത്തതായി കരുതിയാൽ മതിയെന്ന ലഘുവിശദീകരണം സുധാകരൻ്റെ ഭാഗത്തുനിന്നുണ്ടായാൽ മതി.സംഗതി ‘കോംപ്ലിമെൻസ്’ ആകും.

കത്തിലെ വിഷയത്തെക്കാൾ പ്രാധാന്യം ആ കത്ത് എവിടെ പോയി എന്നതാണ്. കുമ്പളങ്ങിയിൽനിന്ന് പുന്നപ്രയിൽ ഒരു കത്തെത്താൻ 24 മണിക്കൂറിൽ കൂടുതലൊന്നും വേണ്ട. കത്ത് സുധാകരന് കിട്ടണമെന്ന് തോമസ് മാഷിന് നിർബന്ധമുണ്ടായിരുന്നെങ്കിൽ റജിസ്ട്രേഡ് തപാലിൽ അയച്ചാൽ മതിയായിരുന്നു.

സ്റ്റാംപ് കൂലി അൽപം കൂടുമെന്ന് മാത്രം. മൂന്ന് ലക്ഷത്തോളം രൂപ മാസം ആനുകൂല്യമായി ലഭിക്കുന്ന ഒരാൾക്ക് റജിസ്ട്രേഡ് തപാലിനുള്ള വകയൊന്നും കയ്യിലില്ലെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. അതുമല്ലെങ്കിൽ കൂലിക്കത്തായി അയച്ചാൽ പോരായിരുന്നോ? സ്റ്റാംപിൻ്റെ കാശ് ലാഭിക്കാമായിരുന്നു.

കൂലിക്കത്തിൻ്റെ ചാർജ് ഈടാക്കാനുള്ളതിനാൽ പോസ്റ്റ്മാൻ കത്ത് കൃത്യമായി സുധാകരൻ്റെ വീട്ടിൽ എത്തിച്ചേനെ. കത്തിൻറെ കാര്യം തോമസ് മാഷ് വെളിപ്പെടുത്തുന്ന നേരത്താണ് സൈബർ വിളയാട്ടത്തിനെതിരെ സുധാകരൻ്റെ തേരോട്ടം. സൈബർ അക്രമങ്ങൾക്കൊന്നും തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞുവച്ച സുധാകരൻ തന്നെയും പിണറായിയെയും തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നതായും പറയുന്നുണ്ട്.

ആ ചിലർ ആരാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. സാഹചര്യത്തെളിവുകൾ അനുസരിച്ച് തോമസ് മാഷിനെ തന്നെയാണ് സുധാകരൻ സംശയിക്കുന്നതെന്ന് എച്ച്. സലാമിനെപ്പോലുള്ളവരെങ്കിലും സംശയിക്കാൻ ഇടയുണ്ട്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനുമായി പിണറായിയുടെ കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കി എന്നതാണ് എൽഡിഎഫ് ബന്ധത്തിൽ തോമസ് മാഷിൻറെ അക്കൗണ്ടിലുള്ള ഏറ്റവും അവസാനത്തെ ഇനം.

സാക്ഷാൽ നരേന്ദ്ര മോദി, അമിത്ഷാ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് പിണറായിയോടൊപ്പം പോയവനാണ് താനെന്ന് സുധാകരൻ വെളിപ്പെടുത്തുമ്പോൾ അമ്പ് ചെന്ന് തറക്കുന്നത് തോമസിലാണെന്ന് വേണ്ടേ കരുതാൻ. മോദിയെയും ഷായെയും കാണാൻ ഒപ്പം പോയ സുധാകരനെവിടെ? അവർക്ക് കീഴിൽ മാത്രമുള്ള നിർമലയെ കാണാൻ പിണറായിക്കൊപ്പം പോയ തോമസ് എവിടെ? 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News