ആർ. ഗോപാലകൃഷ്ണൻ .


“മിണ്ടിത്തുടങ്ങാന് ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചീടുന്നിതൊന്നാമതായ്.”
(-എന്റെ ഭാഷ – വള്ളത്തോൾ )
https://youtu.be/E-sfi2_Sx5w?t=11
‘വാഗ്‌ദേവതയുടെ പുരുഷാവതാരം’ എന്നാണ് മഹാകവി വള്ളത്തോൾ നാരായണമേനോൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
മലയാളഭാഷയെ മധുരമായി ലോകത്തിനു മുമ്പിൽ ധൈര്യമായി അവതരിപ്പിച്ചതും, മലയാളത്തിന്റെ തനത് കലയായ കഥകളിയെ പരിപോഷിപ്പിച്ചതും ഇദ്ദേഹമാണ്.
മലയാളത്തിലെ ആധുനിക കവിത്രയത്തിൽ ശബ്ദസുന്ദരനെന്ന് അറിയപ്പെടുന്ന മഹാകവി വള്ളത്തോൾ നാരായണമേനോൻ ഓർമയായിട്ട് 67 വർഷം….

വിഷയവൈവിധ്യം കൊണ്ടും ലാളിത്യം കൊണ്ടും മലയാളകവിതയിൽ വസന്തം സൃഷ്ടിച്ച എഴുത്തുകാരനാണ് വള്ളത്തോൾ. സൗന്ദര്യത്തിന്റെ സപ്തവർണങ്ങളും വള്ളത്തോൾ കവിതയിൽ ചാലിച്ചു. ദേശസ്‌നേഹം അതിനെ ജ്വലിപ്പിച്ചു.
#മഹാകവി_വള്ളത്തോൾ
( കേരള സാഹിത്യ അക്കാദമി ചിത്ര മേടയിൽ പ്രദർശിപ്പിച്ച ചിത്രത്തിൻ്റെ പകർപ്പ്)
………………….
മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള് നാരായണമേനോന്. സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു വള്ളത്തോൾ.
വെണ്മണി പാരമ്പര്യത്തില് വളര്ന്ന വള്ളത്തോളിൻ്റെ സൗന്ദര്യാരാധനയ്ക്ക് ആദ്യകാലത്ത് ആ സ്വാധീനമുണ്ടായിരുന്നു. പില്ക്കാലത്ത് ദേശീയബോധം തുടിക്കുന്ന കവിതകളിലൂടെയും ഭാഷാസ്‌നേഹം വഴിയുന്ന സുന്ദര കവനങ്ങളിലൂടെയും വള്ളത്തോള് ആ സ്വാധീനങ്ങളെ ശരിക്കും ഉല്ലംഘിച്ചു.
മഹാകവി മാത്രമല്ലല്ലോ, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ.


1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം ചേന്നരയില് (പഴയകാല ‘വെട്ടത്തുനാട്ടിൽ’) വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ ഇളയതിൻ്റെയും മകനായി ജനിച്ചു. വള്ളത്തോള് കുടുംബത്തിന്റെ കൊണ്ടയൂര് ശാഖയില് ആണ് നാരായണമേനോൻ്റെ ജനനം.
അച്ഛൻ ദാമോദരൻ ഇളയതിൽ നിന്ന് കഥകളിയിൽ നല്ല അറിവ് നേടി. പ്രാഥമിക സംസ്കൃത വിദ്യാഭ്യാസത്തിനു ശേഷം, അമ്മാവന് രാമുണ്ണിമേനോന്, സംസ്കൃതകാവ്യങ്ങളും അഷടാംഗഹൃദയവും പഠിപ്പിച്ചു. അത്യാവശ്യം ആയുർവേദ ചികിത്സക്കുള്ള പ്രാവീണ്യവും ഇതിലൂടെ വള്ളത്തോളിനു സിദ്ധിച്ചു. (അമ്മാവനും ആയുർവ്വേദ വൈദ്യനുമായിരുന്നുവല്ലോ.)
സംസ്കൃത പഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്ന് തർക്ക ശാസ്ത്രം പഠിച്ചു. എങ്കിലും, കവിതക്കമ്പക്കാരനായിരുന്ന അദ്ദേഹത്തിന് അതില് താത്പര്യം ഉണ്ടായില്ല.
1894-ൽ കോഴിക്കോട് വച്ചു ‘ഭാഷാപോഷിണി സഭ’ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹൻ ആതോടെയാണ് മുതിർന്ന കവികളും സാഹിത്യകാരന്മാരും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിനു കേവലം 16-വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാളിദാസൻ്റെ ഋതുസംഹാരത്തിനെ അനുകരിച്ചെഴുതിയ ‘ഋതുവിലാസ’വും ‘അമരുകശതക’ത്തെ അനുകരിച്ചു രചിച്ച ‘വിലാസ ലതിക’യുമാണ് ആദ്യകാല കൃതികൾ.

1901 നവംബര് 29-ന് വള്ളത്തോള് വന്നേരിയിലെ ചിറ്റഴിവീട്ടില് മാധവി അമ്മയെ വിവാഹം ചെയ്തു. ചിറ്റഴിത്തറവാടിൻ്റെ ഭാഗശേഷം വള്ളത്തോള് വന്നേരിയില് ഭാര്യാസമേതം താമസമായി. തുടര്ന്ന് നാലപ്പാട്ടു നാരായണമേനോനുമായി പരിചയം. 1905-1910 കാലത്ത് തൃശൂര് ‘കേരള കല്പദ്രുമം’ അച്ചുകൂടത്തിൻ്റെ (‘മംഗളോദയം’ ഏറ്റെടുക്കും മുമ്പ്) മാനേജര് ആയി പ്രവര്ത്തിച്ചു.
1908-ൽ ഒരു രോഗബാധയെതുടർന്ന് ബധിരനായി. ഇതേത്തുടർന്നാണ് ‘ബധിരവിലാപം’ എന്ന കവിത അദ്ദേഹം രചിച്ചത്. 1915-ൽ ‘കേരളോദയം’ പത്രത്തിൻ്റെ സാഹിത്യവിഭാഗം പത്രാധിപരായി വള്ളത്തോള് വിണ്ടും തൃശൂരില് എത്തി. 1916 മുതല് 1921 വരെ, പുലിക്കോട്ടില് ജോസഫ് ഡീക്കൻ്റെ ഉടമസ്ഥതയില് ഉണ്ടായിരുന്ന ‘ആത്മപോഷിണി’യുടെ പത്രാധിപരായി കുന്നംകുളത്തു താമസിച്ചു.
വൈക്കം സത്യാഗ്രഹകാലത്ത് (1924) ഗാന്ധിജിയെ നേരിട്ടുകണ്ടു, അദ്ദേഹത്തിന്റെ ആരാധകനായ വള്ളത്തോൾ മഹാത്മജിയെപ്പറ്റിയെഴുതിയ ‘എന്റെ ഗുരുനാഥൻ’ ഏറെ പ്രസിദ്ധമാണല്ലോ.
https://youtu.be/tTYpj8-_S2s?t=28
ഗാന്ധിജിയെ കുറിച്ചു ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും നല്ല കവിതകളിൽ ഒന്നാണ് ‘എന്റെ ഗുരുനാഥൻ’. ഗാന്ധിജിയുടെ മരണത്തിൽ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ചെന്നൈ (1927), കൽക്കത്ത (1928) സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു… 1922-ൽ വെയിൽസ് രാജകുമാരൻ നൽകിയ പട്ടും വളയും നിരസിക്കാനുള്ള ആർജവം വള്ളത്തോൾ കാട്ടി.

1913-ലാണ് ‘ചിത്രയോഗം’ എന്ന മഹാകാവ്യം രചിച്ചത്. ആശാൻ്റെ വീണപൂവിനും നളിനിക്കും ശേഷമാണ്, ‘ചിത്രയോഗ’മെന്ന ഈ മഹാകാവ്യം പുറത്തുവന്നത്. കാലത്തിന് നിരക്കാത്ത കാവ്യരീതിയെന്ന പഴികേട്ടു വള്ളത്തോൾ. എന്നാൽ വള്ളത്തോളിൻ്റെ കാവ്യജീവിതം പുഷ്‌കലമായത് പിന്നീടെഴുതിയ ഖണ്ഡകാവ്യങ്ങളിലൂടെയും ചെറു കവിതകളിലൂടെയുമാണ്.
1917-ൽ ‘സാഹിത്യമഞ്ജരി’ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചതോടെയാണ് ആധുനിക കവിതയിലെ മുടിചൂടാമന്നനായി വള്ളത്തോൾ മാറുന്നത്. ‘സാഹിത്യമഞ്ജരി’ ആകെ 11 ഭാഗങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പൂർണമായും പ്രകടമാകുന്നത് ആദ്യത്തെ ഏഴ് ഭാഗങ്ങളിലാണ്.
ഇന്ത്യൻ ദേശീയത ഇത്രയധികം തുടിച്ചു നില്ക്കുന്ന കവിതകൾ എഴുതിയവർ വള്ളത്തോളിനെ പോലെ ഏറെയില്ല. ‘ബന്ധനസ്ഥനായ അനിരുദ്ധൻ’, ‘മഗ്ദലന മറിയം’, ‘ഗണപതി’, ‘അച്ഛനും മകളും’ തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ മലയാളത്തിലെ വിലപ്പെട്ട കാവ്യകൃതികളാണ്.

വിവർത്തകനെന്ന നിലയിൽ വള്ളത്തോളിന്റെ സംഭാവനകൾ മഹത്താണ്. വാല്മീകി രാമായണത്തിന് പുറമെ ‘അഭിജ്ഞാന ശാകുന്തളം’, ‘ഋഗ്വേദം’, ‘മാതംഗലീല’, ‘പദ്മപുരാണം’, ‘മാർക്കണ്ഡേയ പുരാണം’, ‘വാമന പുരാണം’, ‘മത്സ്യ പുരാണം’, ‘ഊരുഭംഗം’, ‘മധ്യമവ്യായോഗം’, ‘അഭിഷേക നാടകം’, ‘സ്വപ്നവാസവദത്തം’ തുടങ്ങിയവയും അദ്ദേഹം വിവർത്തനം ചെയ്തു.

കഥകളിക്ക് ആഗോള പ്രശസ്തി ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വള്ളത്തോൾ ആണ് ‘കേരള കലാമണ്ഡലം’ സ്ഥാപിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ഉപാദ്ധ്യക്ഷനും വള്ളത്തോളായിരുന്നു. മദ്രാസ് ഗവണ്മെന്റ് ആസ്ഥാന കവിയായി അംഗീകരിച്ചു. ഇന്ത്യാ ഗവണ്മെന്റ് മഹാകവിയെ പത്മഭൂഷൺ ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.

1958 മാർച്ച് 13-ന്, 79-ാം വയസ്സിൽ, അദ്ദേഹം അന്തരിച്ചു.
വാല്മീകി രാമായണത്തിൻ്റെ വിവർത്തനം നിർവഹിച്ചതു കൊണ്ട് ‘കേരള വാല്മീകി’ യെന്നും കഥകളിയുടെ സമുദ്ധാരകൻ എന്ന നിലയിൽ ‘കേരള ടാഗോർ’ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. ‘ചിത്രയോഗ’മെന്ന മഹാകാവ്യ രചനയുടെ പേരിൽ ‘മഹാകവി’ പട്ടം ഉറപ്പിച്ചു.
ഇതിനെല്ലാം ഉപരിയായി ‘വാഗ്‌ദേവതയുടെ പുരുഷാവതാരം’ എന്നാണ് കാവ്യാരാധകരുടെ തലമുറകൾ അദ്ദേഹത്തിന് നല്കിയ ബഹുമതിപ്പേര്!

—————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 95