March 12, 2025 4:39 pm

കസ്തൂരിപ്പൊട്ടു മാഞ്ഞു കാർകൂന്തൽ കെട്ടഴിഞ്ഞു…

സതീഷ് കുമാർ വിശാഖപട്ടണം

ന്ന് തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി (തിക്കുറിച്ചി )എന്ന ഗ്രാമം പ്രശസ്തമായത് മലയാള സിനിമയിലെ സകലകലാവല്ലഭനായ തിക്കുറിശ്ശി സുകുമാരൻ നായരുടെ പേരിലാണ്.

തമിഴിലെ സംഗീത നാടകങ്ങളുടെ ചുവടു പിടിച്ചായിരുന്നു കേരളക്കരയിലും ആദ്യകാല നാടകങ്ങൾ അരങ്ങേറിയിരുന്നത്. രംഗവേദിയിലെ ഹാർമോണിസ്റ്റിന്റെ സാന്നിദ്ധ്യമായിരുന്നു ആ കാലത്തെ നാടകങ്ങളിലെ പ്രധാന ആകർഷണം.

 

Thikkurissi Sukumaran Nair| Actor|poet|script writer |Director|Malayalam|March11|voiceLekshmiSudhi - YouTube

നായകൻ ഒരു കീർത്തനവും പാടിക്കൊണ്ട് വേദിയിലേക്ക് പ്രവേശിക്കുന്നു. പിന്നെ നായകനും ഹാർമോണിസ്റ്റുമായി അര മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു സംഗീത മത്സരത്തോടെയായിരിക്കും നാടകം ആരംഭിക്കുന്നതു തന്നെ .

ഈ പ്രാചീന നാടക സംസ്കാരത്തെ തച്ചുടച്ച്, ഹാർമോണിസ്റ്റിനെ സ്റ്റേജിന്റെ പിന്നിലേക്ക് മാറ്റി, ജീവിതഗന്ധിയായ സംഭാഷണങ്ങളിലൂടെ നാടകകലയെ മാറ്റത്തിന്റെ നവചക്രവാളങ്ങളിലേക്ക് കൈപിടിച്ചുയർത്തിയ കലാരംഗത്തെ വിപ്ലവകാരിയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ.

അദ്ദേഹത്തിന്റെ സ്ത്രീ, ശരിയോ തെറ്റോ , മായ എന്നീ നാടകങ്ങകളിലൂടേയാണ് മലയാള നാടകവേദി പുഷ്ക്കലമാകുന്നത്. പിന്നീട് ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന് മലയാളത്തിലെ ആദ്യത്തെ സുപ്പർ സ്റ്റാറായ വ്യക്തിയാണ് തിക്കുറിശ്ശി .

അദ്ദേഹത്തെ ആ പദവിയിലേക്ക് ഉയർത്തിയ “ജീവിതനൗക ” എന്ന ചിത്രം 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ചു കൊണ്ട് വൻ വിജയം കരസ്ഥമാക്കിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു . മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് ഡബ്ബുചെയ്യപ്പെടുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ജീവിതനൗക .

Dances from Jeevithanouka (1951) | OLD MALAYALAM CINEMA

ജീവിതനൗകയിൽ

1955- ൽ പുറത്തിറങ്ങിയ “ഹരിശ്ചന്ദ്ര “യാണ് സംഗീതപ്രേമികൾ തിക്കുറിശ്ശിയെ എന്നും ഓർമ്മിക്കുന്ന മറ്റൊരു ചലച്ചിത്രം. ഇതിൽ കമുകറ പുരുഷോത്തമൻ പാടി അനശ്വരമാക്കിയ “ആത്മ വിദ്യാലയമേ അവനിയിൽ ആത്മ വിദ്യാലയമേ അഴിനിലയില്ലാ ജീവിതമെല്ലാം ആറടിമണ്ണിൽ നീറിയൊടുങ്ങും ആത്മ വിദ്യാലയമേ ….. ” എന്ന ഗാനരംഗത്ത് നിറഞ്ഞുനിന്നതോടുകൂടി മലയാള ചലച്ചിത്രരംഗത്തെ അവസാന വാക്കായി തിക്കുറിശ്ശി സുകുമാരൻ നായർ .

Harischandra | Malayalam Black And White Movie | Thikkurisi Sukumaran Nair & Miss Kumari

മലയാള സിനിമയെ ഗിന്നസ് ബുക്സ് ഓഫ് വേൾഡ് റെക്കോർഡ്സിലേക്ക് എത്തിച്ച പ്രേംനസീറിന്റെ വരവോടെ തിക്കുറിശ്ശി പതുക്കെ അച്ഛൻ വേഷങ്ങളിലേക്ക് ഒതുങ്ങി . പിന്നീട് രണ്ടാം തലമുറയിൽപ്പെട്ട സത്യൻ , നസീർ , മധു, ഉമ്മർ തുടങ്ങിയ നടന്മാരുടെ തറവാടിത്തമുള്ള അച്ഛനായും നാലാം തലമുറയിൽ നിന്നുള്ള മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ മുത്തച്ഛനായുമൊക്കെ ജീവിതകാലം മുഴുവൻ വെള്ളിത്തിരയിൽ നിറഞ്ഞാടാൻ ഭാഗ്യം ലഭിച്ച മലയാളത്തിലെ അപൂർവ്വ നടന്മാരിലൊരാളാണ് തിക്കുറിശ്ശി .

കെ സുരേന്ദ്രന്റെ “മായ ” എന്ന നോവൽ രാമു കാര്യാട്ട് ചലച്ചിത്രമാക്കിയപ്പോൾ അതിലെ “ഡീസന്റ് ശങ്കരപ്പിള്ള ” എന്ന കഥാപാത്രത്തിന്റെ പകർന്നാട്ടത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്ക്കാരവും തിക്കുറിശ്ശിക്ക് ലഭിച്ചിട്ടുണ്ട്. പ്രേംനസീർ , ജോസ് പ്രകാശ്, ശശികുമാർ , ബഹദൂർ എന്നിവർക്കൊക്കെ ആ പേരുകൾ നൽകിയത് തിക്കുറിശ്ശി സുകുമാരൻ നായരാണെന്നുള്ളതാണ് ഏറെ രസകരം .

എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാള ചലച്ചിത്ര വേദിയിൽ നിന്നും ആദ്യമായി പത്മശ്രീ പുരസ്ക്കാരം ലഭിക്കുന്നത് തിക്കുറിശ്ശി സുകുമാരൻ നായർക്കാണ് . നാടക രചയിതാവ്, കവി, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ് തുടങ്ങി എല്ലാ രംഗങ്ങളിലും ശോഭിച്ച തിക്കുറിശ്ശി ഏകദേശം നൂറോളം ചലച്ചിത്രഗാനങ്ങൾ എഴുതിയിട്ടുണ്ട്.

Harishchandra | ഹരിശ്ചന്ദ്ര | Malayalam Old Movie | Thikkurissy Sukumaran Nair & Miss Kumari

ഹരിശ്ചന്ദ്രയിൽ

ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണങ്ങളിൽ എഴുതിയ ആദ്യ കാല ഗാനങ്ങളേക്കാൾ അവസാന കാലങ്ങളിൽ എഴുതിയ പൂജാപുഷ്പം, സരസ്വതി, പളുങ്കുപാത്രം ,ബലൂൺ, ഉർവ്വശി ഭാരതി എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് കൂടുതൽ ശ്രദ്ധേയമായത്. മലയാളത്തിലെ ഏറ്റവും മികച്ച പാരഡി എഴുത്തുകാരനായിരുന്നു തിക്കുറിശ്ശി.

അല്പം “എരിവും പുളിയും ” കലർന്ന അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾക്ക് ചലച്ചിത്രരംഗത്ത് ഒട്ടനവധി ആരാധകർ ഉണ്ടായിരുന്നു. മലയാള ചലച്ചിത്രഗാന രചനാരംഗത്തെ ചക്രവർത്തി പദം അലങ്കരിച്ചിരുന്ന വയലാർ രാമവർമ്മ തന്റെ പ്രശസ്തമായ ഗാനങ്ങൾക്കെല്ലാം തിക്കുറിശ്ശിയെക്കൊണ്ട് പാരഡി എഴുതിപ്പിച്ച് കേട്ട് ചിരിക്കുമായിരുന്നുവത്രെ !

“ശകുന്തള “എന്ന ചിത്രത്തിലെ “ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ…. ” എന്ന പ്രശസ്ത ഗാനത്തിന് പാരഡിയായി തിക്കുറിശ്ശി സുകുമാരൻ നായർ എഴുതിയ “ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ … ” എന്ന ഗാനം “ഒള്ളതുമതി ” എന്ന ചിത്രത്തിൻ്റെ വലിയ ഒരു ആകർഷണമായിരുന്നു.

മലയാള സിനിമയിലെ ആഭിജാത്യത്തിന്റെ പ്രതീകമായിരുന്നു തിക്കുറിശ്ശി . അദ്ദേഹത്തിൻ്റെ അപാരമായ പാണ്ഡിത്യത്തേയും പ്രൗഢിയേയും നിർമ്മാതാക്കളും സംവിധായകരുമെല്ലാം വളരെ ആദരവോടെയാണ് കണ്ടിരുന്നത്. അക്കാലത്തെ പല പ്രമുഖ നടികളുടേയും സ്വപ്ന കാമുകൻ കൂടിയായിരുന്നു സുഭഗനായ തിക്കുറിശ്ശി .

മലയാളത്തിന്റെ മെർലിൻ മൺറോ എന്ന് വിശേഷിക്കപ്പെട്ടിരിന്ന വിജയശ്രീയെ “പൂജാപുഷ്പം ” എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രവേദിക്ക് പരിചയപ്പെടുത്തി കൊടുത്തതും തിക്കുറിശ്ശിയായിരുന്നു . സിനിമയുടെ ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കാൻ വന്നിരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും അദ്ദേഹം അനുഭാവപൂർവ്വം അഭയം കൊടുത്തിരുന്നു.

ലൈംഗികതയെക്കുറിച്ച് വളരെ വിശാലമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ ആചാര്യ രജനീഷിനെ കുറിച്ച് നമ്മൾ കേൾക്കുന്നതിന് എത്രയോ മുൻപ് അദ്ദേഹം എഴുതിയ ചില ലേഖനങ്ങളും പ്രസംഗങ്ങളും സാംസ്കാരികരംഗത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി .

ഒരു പക്ഷേ അതുകൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ചില ഗാനങ്ങളിലൊക്കെ രതിയുടെ സൗരഭ്യവും അനുഭൂതികളുമെല്ലാം പൂത്തുലഞ്ഞ് പുളകിതമായത്. ഇരയിമ്മൻ തമ്പിയുടെ “പ്രാണനാഥനെനിക്കു നൽകിയ പരമാനന്ദരസത്തെ പറവതിനെളുതാമോ ….” എന്ന ശൃംഗാര ഗാനത്തോട് കിട പിടിക്കുന്ന തരത്തിലാണ് ” പൂജാപുഷ്പം ” എന്ന ചിത്രത്തിനു വേണ്ടി തിക്കുറിശ്ശി എഴുതിയ “കസ്തൂരിപ്പൊട്ടുമാഞ്ഞു നിന്റെ കാർകൂന്തൽ കെട്ടഴിഞ്ഞു ….” എന്ന ഗാനം ചരിത്രത്തിലിടം നേടിയത്.

ശൃംഗാരചന്ദ്രികയിൽ നീരാടി നിൽക്കുന്ന ആ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും . “കണ്ണാടിക്കവിളെന്തേ ചുവന്നു നിന്റെ കൺമഷിയെന്തിവിടെ പരന്നു ചുണ്ടിലെങ്ങനെ ചോര പൊടിഞ്ഞു സുന്ദരവദനം വിയർപ്പു നിറഞ്ഞു പറയൂലാ ഞാൻ പറയൂലാ…” എന്നിങ്ങനെ പ്രഥമസുരതത്തിന്റെ ആലസ്യം പകർന്ന മധുരാനുഭവങ്ങളെ സംഭോഗശൃംഗാരത്തിന്റെ നറുംതേനിൽ ചാലിച്ചെടുത്ത് കാമസുഗന്ധിയാക്കുവാൻ തിക്കുറിശ്ശിക്കു കഴിഞ്ഞിട്ടുണ്ട്.

500-ലധികം സിനിമകളിൽ അഭിനയിക്കുകയും 8 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നൂറോളം ഗാനങ്ങൾ എഴുതുകയും ചെയ്ത തിക്കുറിശ്ശിയുടെ കൈയൊപ്പ് പതിഞ്ഞ മറ്റു ചില പ്രശസ്ത ഗാനങ്ങൾ ..

” കാമിനി നിൻ കാതരമിഴികളിൽ കാണ്മൂ ഞാനൊരു സ്വർഗ്ഗകവാടം ….” (പൂജാപുഷം)

“പാടാനുമറിയില്ല പറയാനുമറിയില്ല …” (ദേവസുന്ദരി)

“മനസ്സേ ഇളം മനസ്സേ…..” ( പളുങ്കുപാത്രം )

“എത്ര ചോദിച്ചാലും…” ( സരസ്വതി )

“വാഹിനി പ്രേമവാഹിനി…..” (അച്ഛൻ്റെ ഭാര്യ)

“കാർകൂന്തൽ കെട്ടിലെന്തിനു വാസനത്തൈലം നിന്റെ വാർനെറ്റിത്തടത്തിലെന്തിന് സിന്ദൂരത്തിലകം…”

“തുള്ളി തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ കാക്കപ്പുള്ളിയുള്ള നിൻ കവിളിൽ നുള്ളി നോക്കട്ടെ …”

“നിശീഥിനീ നിശീഥിനീ …” “എന്തു വേണം എനിക്കെന്തു വേണം …”

” ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ … ” ( എല്ലാ ഗാനങ്ങളും ഉർവ്വശി ഭാരതി എന്ന ചിത്രത്തിൽ)

“കുണുങ്ങിക്കുണുങ്ങി നിന്നു ചിരിക്കും …”.(പളുങ്കുപാത്രം )

“പൂമെത്തപ്പുറത്ത് നിന്നെ ഞാൻ കിടത്തും പൊന്നാഭരണമെല്ലാം അഴിച്ചു വെക്കും …” (ചിത്രം ബലൂൺ ….

ഈ ഗാനവും തിക്കുറിശ്ശിയുടെ ശൃംഗാര ഭാവനകളാൽ സമ്പന്നമായിരുന്നു) എന്നിവയെല്ലാമാണ്.

1916 ഒക്ടോബർ 16-ന് കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി എന്ന ഗ്രാമത്തിൽ ജനിച്ച ഈ അനുഗൃഹീത കലാകാരൻ 1997 മാർച്ച് 11-ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം .

മലയാള ചലച്ചിത വേദിയിലെ ഈ ഭീഷ്മാചാര്യന്റെ ധന്യമായ ഓർമ്മകൾ പോലും എത്രയോ കാവ്യാത്മകം . 

————————————————————————–

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News