March 10, 2025 9:39 pm

പുരോഗമനവും സ്ത്രീ പ്രാതിനിധ്യവും പ്രസംഗത്തിൽ മാത്രം…

കൊച്ചി: സി പി എം അർഹരായ സ്ത്രീ നേതാക്കളെ ബോധപൂർവം നേതൃസ്ഥാനങ്ങളിൽ നിന്ന് അകററി നിർത്തുകയാണെന്ന് രാഷ്ടീയ നിരീക്ഷകനായ ഡോ.ആസാദ്.  അർഹരായ സ്ത്രീ നേതാക്കൾ ഇല്ലാത്തതുകൊണ്ടു മാറ്റി നിർത്തുന്നതും ഉള്ളവരെ കണ്ടില്ലെന്നു നടിക്കുന്നതും രണ്ടാണെന്ന് പറയേണ്ടതുമില്ലല്ലോ എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്ററ്:

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒന്നിലേറെ സ്ത്രീ സഖാക്കൾ ഉണ്ടായിരുന്നു മുമ്പ്. ഇപ്പോൾ അത് ഒന്നായി ചുരുങ്ങി. എല്ലാ തലങ്ങളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കണം എന്നു പറയുന്ന ഒരു പുരോഗമന ഇടതുപക്ഷ പാർട്ടിയുടെ കാര്യമാണിത്.

പ്രയോഗത്തിൽ പിറകോട്ടാണ് നടപ്പ്. പി കെ സൈനബയും മേഴ്സിക്കുട്ടിയമ്മയും സി എസ് സുജാതയും പി സതീദേവിയുമൊക്കെ സംസ്ഥാന സമിതിയിലുണ്ട്. അതിൽ ഒരാളെയെങ്കിലും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാൻ തോന്നാത്തത് എന്തുകൊണ്ടാവും? സെക്രട്ടറിയേറ്റ് അംഗം എന്ന നിലയ്ക്കുള്ള പ്രവർത്തനത്തിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾക്കു സാദ്ധ്യമായതും ഇവർക്ക് സാദ്ധ്യമല്ലാത്തതുമായ എന്തെങ്കിലും കാണുമായിരിക്കും.

ഇനി ഉന്നത സമിതികളുടെ സ്വകാര്യങ്ങൾ സൂക്ഷിക്കാൻ സ്ത്രീകൾക്കു കഴിയില്ലെന്ന പരമ്പരാഗത വിശ്വാസം കൊണ്ടാകുമോ? കെ ആർ ഗൗരിയമ്മയെപ്പോലെ, സുശീലാ ഗോപാലനെപ്പോലെ, പി കെ ശ്രീമതിയെപ്പോലെ, കെ കെ ശൈലജയെപ്പോലെ ഒരാൾ പാർട്ടി നേതൃത്വത്തിൽ ഉയർന്നു വരാൻ അവസരം നിഷേധിക്കുന്നതിന്റെ പൊരുൾ മനസ്സിലാവുന്നില്ല. വളരെ മുതിർന്ന നേതാക്കളാണ് പി കെ സൈനബയും മേഴ്സിക്കുട്ടി അമ്മയും. സി എസ് സുജാതയും പി സതീദേവിയും ദീർഘകാല പ്രവർത്തന പരിചയമുള്ളവരാണ്.

പി കെ സൈനബ മലപ്പുറത്ത് ന്യൂനപക്ഷ സമുദായത്തിൽനിന്ന് പലവിധ വിലക്കുകൾ മറികടന്ന് ഉയർന്നു വന്ന നേതാവാണ്. ഒരു രാജ്യസഭാ അംഗത്വം പോലും നൽകി കൂടുതൽ സ്ത്രീകൾ അവ്വിധം ഉയർന്നു വരുന്നതിനു വേണ്ട പ്രേരണയോ പ്രോത്സാഹനമോ നൽകണമെന്ന് പാർട്ടിക്ക് തോന്നിയില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ ഭരണകാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ ബഞ്ചിൽ ഒരു മുസ്ലീം സ്ത്രീ സഖാവ് ഇരുന്നാൽ, അവരുടെ ശബ്ദമവിടെ ഉയർന്നാൽ അസ്വസ്ഥതയുണ്ടാവേണ്ടത് സി പി എമ്മിനല്ലല്ലോ.

സൈനബക്കു ശേഷം ആരെങ്കിലും അതുപോലെ ആ സമുദായത്തിൽനിന്ന് പാർട്ടി നേതൃത്വത്തിലേക്ക് ഉയർന്നു വന്നു കാണുന്നില്ല. എന്താവും കാരണം? സ്ത്രീ സഖാക്കളെ പാർട്ടിയുടെ സംസ്ഥാന നേതൃപദവിയിലേക്ക് കൊണ്ടു വരാത്തത് അവരിലുള്ള വിശ്വാസക്കുറവുകൊണ്ടു മാത്രമാവാനേ തരമുള്ളു. ഇപ്പോൾ സെക്രട്ടറിയേറ്റിലുള്ള ചിലരെക്കാൾ പ്രവർത്തന പരിചയത്തിലും പ്രവർത്തന ശേഷിയിലും പാർട്ടി പ്രതിബദ്ധതയിലും ഒട്ടും പിറകിലല്ല മുകളിൽപറഞ്ഞ സ്ത്രീ സഖാക്കളിൽ ആരും. കേരളത്തിലെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അവർക്കു കഴിയാതിരിക്കുമോ?

സി പി എമ്മിന്റെ കാര്യം സി പി എം തന്നെയാണ് തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനങ്ങൾക്ക് അവരുടേതായ കാരണവും അതിന്റെ യുക്തിയും കാണും. ഒരു രാഷ്ട്രീയ വിദ്യാർത്ഥിയുടെ സംശയവും ആശങ്കയും മാത്രമാണ് ഇവിടെ പങ്കു വെക്കുന്നത്. നേതൃത്വ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റു പാർട്ടികൾപോലും കണക്കിലെടുക്കുന്ന മാനദണ്ഡം എന്താണെന്നും അതെങ്ങനെ സ്ത്രീ വിരുദ്ധമായി തീരുന്നുവെന്നും ആർക്കും ആലോചിക്കാമല്ലോ. അർഹരായ സ്ത്രീ നേതാക്കൾ ഇല്ലാത്തതുകൊണ്ടു മാറ്റി നിർത്തുന്നതും ഉള്ളവരെ കണ്ടില്ലെന്നു നടിക്കുന്നതും രണ്ടാണെന്ന് പറയേണ്ടതുമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News