March 10, 2025 9:51 pm

കോൺഗ്രസ് മുക്ത ഭാരതം, ബിജെപി മുക്ത കോൺഗ്രസ്

ക്ഷത്രിയൻ .

കോൺഗ്രസിൻ്റെ നിലപാടുകൾ ബിജെപിയെ സഹായിക്കാനാണെന്ന് കുറ്റപ്പെടുത്തി പ്രകാശ് കാരാട്ട് നാവെടുത്തതേയുള്ളൂ. വിപ്ലവപ്പാർട്ടിയുടെ താത്കാലിക നടത്തിപ്പുകാരനാണെങ്കിലും പറഞ്ഞ വാക്കിന് ഇത്രയേറെ വ്യാപ്തിയുണ്ടെന്ന് ആരും കരുതിക്കാണില്ല.

കാരാട്ടിൻ്റെ വാക്കിന് 22 കാരറ്റിൻ്റെ മൂല്യമുണ്ടെന്നാണ് ഗുജറാത്തിൽനിന്നും രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം തെളിയിക്കുന്നത്. അവിടെ ബിജെപി മനസുള്ള കോൺഗ്രസ് നേതാക്കളെയെല്ലാം പുറത്താക്കുമെന്നാണ് രാഹുലിൻറെ മുന്നറിയിപ്പ്.

പുറത്താക്കുമെന്ന് പറഞ്ഞാൽ യോഗം ചേർന്ന ഹാളിൽ നിന്ന് പുറത്താക്കുമെന്നല്ല, പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കുമത്രെ. നാൽപ്പതോളം നേതാക്കളെ അങ്ങനെ പുറത്താക്കാനുണ്ടെന്നാണ് രാഹുലിൻറെ കണക്ക്.

അത് കഴിഞ്ഞ ദിവസം യോഗം ചേർന്ന ഹാളിനകത്തുണ്ടായിരുന്നവരുടെ മാത്രം കാര്യമാണ്. ഹാൾ എന്നുവച്ചാൽ വലിയ ഹാളൊന്നുമാകാൻ സാധ്യതയില്ല.

കേന്ദ്രത്തിലും ഗുജറാത്തിലും ഭരണവും ചെങ്കോലുമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ സ്വഭാവികമായും യോഗം ചേർന്നിട്ടുണ്ടാവുക നമ്മുടെ എൽ പി അല്ലെങ്കിൽ യു പി സ്കൂൾ പോലെ വല്ലയിടത്തുമായിരിക്കും.

അതിലും മുന്തിയ ഇടങ്ങളിൽ യോഗം ചേരാനുള്ള പാങ്ങ് പാർട്ടിക്കിപ്പോൾ കർണാടകയിൽ മാത്രമേയുള്ളൂ. ഇടുങ്ങിയ ഹാളിൽ ഒത്തുകൂടിയവരിൽ തന്നെ നാൽപ്പതോളം പേരെ പുറത്താക്കേണ്ടതുണ്ടെങ്കിൽ വലിയ ഹാളും വലിയ യോഗവുമായിരുന്നുവെങ്കിൽ പുറത്താക്കേണ്ടിവരുന്നവരുടെ എണ്ണം എത്രകണ്ടുവർധിച്ചേനെയെന്ന് കണക്കുകൂട്ടുകയായും ചാമക്കാലയും മാങ്കൂട്ടത്തിലുമൊക്കെ.

പറഞ്ഞുവരുന്നത് രാഹുലിൻ്റെ പ്രഖ്യാപനം എങ്ങനെ കാരാട്ട് വചനവുമായി പൊരുത്തപ്പെടുമെന്നതിനെക്കുറിച്ചാണ്. ബിജെപി മനസുള്ളവരും കോൺഗ്രസിലുണ്ടെന്നാണ് രാഹുൽ പറഞ്ഞതിൻറെ അർഥം. അവരെ കോൺഗ്രസുകാരായി കണക്കാക്കിയാൽ കോൺഗ്രസിൻ്റെ പ്രകടനത്തിലെങ്കിലും എണ്ണം തികയ്ക്കാൻ കഴിയും.

അവരുടെ വോട്ട് താമരയ്ക്കാകുമെന്നത് വേറെ കാര്യം. രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം നടപ്പാക്കിയാൽ സംഭവിക്കുക അവരുടെ വോട്ട് മാത്രമല്ല, പ്രകടനത്തിലും അവർ ബിജെപിക്ക് ഒപ്പം നിൽക്കുമെന്നതാണ്. അതാണ് പറഞ്ഞത് കോൺഗ്രസിൻ്റെ നിലപാട് ബിജെപിയെ സഹായിക്കാനാണെന്ന്.

ഒന്നും കാണാതെ പട്ടർ കിണറ്റിൽ ചാടില്ല എന്ന് പറഞ്ഞതുപോലെ ഒന്നും കാണാതെ പറയുന്നവരല്ല വിപ്ലവപ്പാർട്ടിയെന്ന് ഇപ്പോൾ മനസിലായില്ലേ. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി നിലക്കൊള്ളുന്ന ബിജെപിക്ക് മുന്നിൽ ബിജെപി മുക്ത കോൺഗ്രസ് എന്ന് പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും രാഹുലിനുണ്ട്.

അത് രാഹുലിന് മാത്രമേയുള്ളൂവെന്നതും വസ്തുത. രാഹുൽ എന്നാൽ രാഹുൽ ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ അല്ല. രാഷ്ട്രീയ നിലപാടിൽ മാറ്റം ദൃശ്യമായാൽ വീട്ടിൽനിന്ന് തന്നെ പുറത്താക്കിയ പാരമ്പര്യമുള്ള കുടുംബമാണ് രാഹുലിൻറെത്. നിലപാടിൽ മാറ്റമുണ്ടായപ്പോൾ മുത്തച്ഛൻ ഫിറോസ് ഗാന്ധിക്ക് മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി പിരിയേണ്ടിവന്നുവെന്നതൊക്കെ ചരിത്രം.

അതും ഉഗ്രപ്രതാപിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻറെ കാലത്ത്. ബിജെപി മനമുള്ളവരെ പുറത്താക്കുക പാർട്ടിയിൽ നിന്നാണെന്ന് പറഞ്ഞുനിർത്തിയത് നന്നായി.

അവരെ കുടുംബത്തിൽ നിന്ന് കൂടി പുറത്താക്കണമെന്ന് രാഹുൽ നിർദേശിച്ചിരുന്നുവെങ്കിൽ അലയൊലി കേരളത്തിലും കണ്ടേനെ. തിരുവനന്തപുരം ‘അഞ്ജന’ത്തിൽ ഒരു മകൻ ബിജെപിയിൽ എത്തിയിട്ട് കാലമേറേ ആയിട്ടില്ല.

അവിടുത്തെ അച്ഛനാകട്ടെ വീട്ടിൽ അച്ഛനായും, കോൺഗ്രസ് പാർട്ടിയിൽ കാരണവരായും തുടരുന്നുമുണ്ട്. ഗുജറാത്തിലേത് പോലൊരു യോഗത്തിൽ കേരളത്തിലേക്ക് രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ ഒരു കാരണവശാലും കെപിസിസി ശ്രമിക്കരുത്.

ചോറിങ്ങും മനമങ്ങുമെന്ന അവസ്ഥയുള്ള ചിലരൊക്കെ കേരളത്തിലുമുണ്ടെന്ന് പൊതുവെ സംസാരമുള്ളതാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!! 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News