ആർ. ഗോപാലകൃഷ്ണൻ
‘ഒരു യോഗിയുടെ ആത്മകഥ’ എന്ന ഗ്രന്ഥത്തെ പറ്റി കേട്ടുകേൾവി പോലുമില്ലാത്തവർ ചുരുക്കമായിരിയ്ക്കും. ലോകമെമ്പാടും ഉള്ള നിരവധി വായനക്കാരെ ആവേശം കൊള്ളിച്ച ഒരു പുസ്തകം.


മനുഷ്യന്റെ അസ്തിത്വത്തിന്റെ ആത്യന്തിക രഹസ്യങ്ങളുടെ ആഴ്ന്നിറങ്ങുന്നതും അവിസ്മരണീയവുമായ ഒരു അവലോകനമായി ‘ഒരു യോഗിയുടെ തനത് കഥ’ എന്ന ഗ്രന്ഥത്തെ ഏറ്റവും ലളിതമായി അടയാളപ്പെടുത്താം. ഇതിനു പുറമെ, നമ്മുടെ കാലഘട്ടത്തിലെ മഹാന്മാരായ ആത്മീയ ആചാര്യന്മാരില് ഒരാളുടെ അത്യാധികം കൗതുകകരമായ ഒരു ചിത്രീകരണവും ആയിത്തീരുന്നു ഏറെ വാഴ്ത്തപ്പെട്ട ഈ ആത്മകഥ.

വശ്യമായ ആര്ജവവും നിഷ്‌കപടതയും ആയ വാക്ചാതുരി കൊണ്ട്, ആവേശം പകരുന്ന തന്റെ ജീവിതത്തിന്റ ചരിത്രം യോഗാനന്ദന് വര്ണിക്കുന്നു. നർമ്മവും മേമ്പൊടിയായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കും. തന്റെ കുട്ടിക്കാലത്തെ പ്രധാന അനുഭവങ്ങളിൽ തുടങ്ങി പ്രബുദ്ധനായ ഒരു ഗുരുവിനെ തേടിനടക്കലിനിടയില് കണ്ടു മുട്ടിയ നിരവധി പുണ്യപുരുഷരും സാധുവര്യന്മാരുമായുള്ള സമാഗമങ്ങള്, ഈശ്വര സാക്ഷാത്കാരം നേടിയ ഒരു സദ്ഗുരുവിന്റെ ആശ്രമത്തിലെ പത്തുകൊല്ലത്തെ പരിശീലനം പ്രാഥമികമായി വിവരിക്കുന്നു.


ലോകത്താകമാനമുള്ള സത്യാന്വേഷികള്ക്ക് ആത്മീയാചാര്യനെന്ന നിലയില് ജീവിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്ത അനേകവര്ഷങ്ങളിലെ അനുഭവങ്ങള് ആണ് ഇതില് സുപ്രധാനമായി കാണേണ്ട അടുത്ത ഘട്ടം.

രമണമഹര്ഷി, ആനന്ദമയീ മാ, ശ്രീരാമകൃഷ്ണപരമഹംസന്റെ ദിവ്യശിഷ്യനായ മാസ്റ്റര് മഹാശയന്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്, ജഗദീശചന്ദ്രബോസ് എന്നിവരുമായുള്ള കൂടിക്കാഴ്ചകളും രേഖപ്പെടുത്തിയിരിക്കുന്നു.

1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ് ആണ് പിന്നീട് ‘യോഗി’ ആയി അറിയപ്പെട്ടത്. യുക്തേശ്വരജിയുടെ ശിഷ്യൻ. 1920-ൽ അദ്ദേഹം അമേരിക്കയിലേക്കു (ബോസ്റ്റൺ) പോയി.
![Autobiography of a Yogi [Original Edition (Complete) Premium Paperback] Paramahansa Yogananda](https://www.crossword.in/cdn/shop/files/81t-KJ_yleL._SX679.jpg?v=1719560581)
പാശ്ചാത്യരെ ആകർഷിച്ച നിരവധി പ്രസംഗങ്ങൾ നടത്തി ഏറെ ശിഷ്യ സമ്പത്തു നേടി. സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാനരചന, സ്വന്തം ജീവിത കഥ തന്നെ: ‘ഓട്ടോബയോഗ്രഫി ഓഫ് എ യോഗി’.

‘ദി ഓട്ടോബയോഗ്രഫി ഓഫ് എ യോഗി’ 1946 ഡിസംബറിൽ ആദ്യമായി അച്ചടിച്ച ‘ഫിലോസഫിക്കൽ ലൈബ്രറി’ 1953 വരെ അച്ചടിച്ചു.

1953 ഒക്ടോബറിൽ യോഗാനന്ദയുടെ സംഘടനയായ ‘സെൽഫ്-റിയലൈസേഷൻ ഫെല്ലോഷിപ്പ്’ പുസ്തകത്തിന്റെ അവകാശം നേടിയ ശേഷം അവരിത് അച്ചടിച്ചുവരുന്നു. നിരവധി പതിപ്പുകൾ ഇറക്കുകയും അമ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതുൾപ്പെടെയുള്ള പ്രസാധന പദ്ധതികൾ നടപ്പാക്കി.
മലയാളത്തിലും ഇതിന്റെ പരിഭാഷ ഉണ്ടായി. ആദ്യ പതിപ്പിന്റെ ഡിജിറ്റൽ പകർപ്പ് ഇന്റർനെറ്റ് പൊതുസഞ്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1952-ൽ മാർച്ച് 7-ന് അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തിൽ അന്തരിച്ചു.
———————————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 21