വാഷിംഗ്ടണ്‍: പാകിസ്ഥാൻ,അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ അമേരിക്ക തയാറെടുക്കുന്നു.
സുരക്ഷ വർദ്ധിപ്പിക്കാൻ ഇതേ വഴിയുള്ളൂ എന്നാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദം.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കിയേക്കും.
ട്രംപ് ആദ്യഘട്ടത്തില്‍ പ്രസിഡന്റായപ്പോഴും ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ ഉള്‍പ്പെടെ ഏഴു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിരുന്നു അന്നത്തെ പ്രവേശന വിലക്ക്.
2018ല്‍, സുപ്രിം കോടതി ഇത് ശരിവച്ചെങ്കിലും പിന്നീടു വന്ന ജോ ബൈഡന്‍ ഭരണകൂടം വിലക്ക് നീക്കുകയായിരുന്നു.
ട്രംപിന്റെ പുതിയ നീക്കം അഭയാര്‍ഥി വിസകളോ പ്രത്യേക കുടിയേറ്റ വിസകളോ പ്രകാരം അമേരിക്കയിൽ
പുനരധിവാസത്തിന് അനുമതി ലഭിച്ച പതിനായിരക്കണക്കിന് അഫ്ഗാനികളെ ബാധിക്കും.
രണ്ട് പതിറ്റാണ്ടോളം നീണ്ട സംഘര്‍ഷത്തില്‍ അമേരിക്കയെ സഹായിച്ച അഫ്ഗാനികളെയായിരിക്കും നിയമം കാര്യമായി ബാധിക്കുക. അമേരിക്കയെ സഹായിച്ചതിന് താലിബാന്റെ പ്രതികാര നടപടി നേരിട്ടവരോ പട്ടികയില്‍ ഉള്‍പ്പെട്ടവരോ ആണ് ഇവര്‍.
പുനരധിവാസത്തിന് അനുമതി ലഭിച്ച അഫ്ഗാനികള്‍ അമേരിക്കയിൽ കർശനമായ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ട്.
രണ്ട് ലക്ഷത്തോളം അഫ്ഗാനികളാണ് പുനരധിവാസത്തിന് അംഗീകാരം ലഭിക്കുകയോ അഭയാര്‍ഥി അപേക്ഷകളിലെ തീര്‍പ്പിനായി കാത്തിരിക്കുകയോ ചെയ്യുന്നത്. എന്നാല്‍ അഭയാര്‍ഥി പ്രവേശനവും അവരുടെ വിമാനങ്ങള്‍ക്കുള്ള ധനസഹായവും സർക്കാർ ജനുവരിയില്‍ മരവിപ്പിച്ചതോടെ പലരും അഫ്ഗാനിസ്ഥാനിലും മറ്റിടങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. പാകിസ്താനിലും ഏകദേശം ഇരുപതിനായിരത്തോളം പേരുണ്ട്.
ഇതിനു പുറമേ 2023 ഒക്ടോബറില്‍ ട്രംപ് പ്രഖ്യാപിച്ച കുടിയേറ്റ നിയന്ത്രണ യാത്രാ നിരോധനത്തില്‍ ഗാസ, ലിബിയ, സൊമാലിയ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടുന്നു.