March 11, 2025 12:44 am

വീണ്ടും ഗോവിന്ദായ നമ:

ക്ഷത്രിയൻ

വിപ്ലവപ്പാർട്ടിയുടെ കൊല്ലം സമ്മേളനത്തിൻറെ ഭാഗമാകാം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് എം.വി.ഗോവിന്ദൻ തന്നെ.

ഓരോന്നിനും അതിൻറേതായ സമയമുണ്ട് എന്ന തിയറിയനുസരിച്ച് ഗോവിന്ദൻ നിറഞ്ഞുനിൽക്കുന്നതിൽ അത്ഭുതവുമില്ല. പറഞ്ഞിട്ടെന്ത് കാര്യം, ഗോവിന്ദൻ പറയുന്നതൊന്നും പാർട്ടി അണികൾക്ക് പോലും മനസിലാകുന്നില്ല എന്നാണ് ചിലരൊക്കെ പറയുന്നത്.

കഴിഞ്ഞ ദിവസം ഒരു പത്രക്കാരൻ അക്കാര്യം ഗോവിന്ദനോട് തന്നെ തുറന്നു പറയുന്ന സാഹചര്യവുമുണ്ടായി. തിരിയുന്നോർക്ക് തിരിയും, തിരിയാത്തോർ നട്ടം തിരിയും എന്നതാണ് ഗോവിന്ദമനം എന്ന് തോന്നുന്നു.

തനിക്ക് തോന്നുന്നത് പറയുക, പിന്നെ അത് തിരുത്തുക, അവസാനം അത് തിരുത്തല്ല, വ്യാഖ്യാനമാണെന്ന് വ്യാഖ്യാനിക്കുക, അണികൾ ഒന്നും തിരിയാതെ നട്ടം തിരിയുക. ഗോവിന്ദനും അത്രമാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നാണ് തോന്നുന്നത്.

മദ്യപാനത്തെക്കുറിച്ച് പറഞ്ഞ മാഷ് ന്യായീകരിച്ച് ന്യായീകരിച്ച് വശം കെട്ടതേയുള്ളൂ. അപ്പോഴേക്കും ഫാഷിസത്തിൽ കയറിപ്പിടിച്ചുകഴിഞ്ഞു. ഗോവിന്ദൻറെ ഭാഷയിൽ ഫാഷിസത്തിൻറെ സ്വഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള കരുക്കളൊക്കെ നീക്കിയിട്ടുണ്ടെങ്കിലും നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമുണ്ടായിരുന്നതായി സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് പോലും ആക്ഷേപിച്ചിട്ടില്ല. നമ്പൂതിരിപ്പാടിൽനിന്ന് നെഹ്റുവിന് കേൾക്കേണ്ടിവന്ന പഴി ബൂർഷ്വാസിയും ജനാധിപത്യവിരുദ്ധനും എന്ന് മാത്രമാണ്.

ആ നെഹ്റുവിലാണിപ്പോൾ ഗോവിന്ദൻ ഫാഷിസ്റ്റ് സ്വഭാവം കാണുന്നത്. ഇന്ദിരാഗാന്ധിയാണെങ്കിൽ അർദ്ധ ഫാഷിസ്റ്റ് ആണെന്നതിൽ ഗോവിന്ദന് സംശയമേ ഇല്ല. ഏതായാലും ഇന്ദിര ‘ഫുൾ ഫാഷിസ്റ്റ്’ ആയിരുന്നുവെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്താതിരുന്നത് മഹാഭാഗ്യമായി കെ.സി.വേണുഗോപാൽ ഉൾപ്പെടെ ആശ്വസിക്കുന്നുണ്ടാകും.

നെഹ്റുവും ഇന്ദിരയും ഫാഷിസത്തിൻറെ പ്രതീകങ്ങളാണെന്ന് കണ്ടെത്തിയ ഗോവിന്ദൻ ബിജെപി ഭരണത്തെ ഫാഷിസ്റ്റ് ഭരണമായോ നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് ആയോ കണക്കാക്കുന്നേയില്ല. താടിയുള്ളപ്പൂപ്പനെ പേടിയെന്നത് വെറും പഴമൊഴിയല്ലെന്ന് ചുരുക്കം.

മോദിയൊരു ഫാഷിസ്റ്റ് ആയിരുന്നെങ്കിൽ എകെജി സെൻറർ ഇടിച്ചുനിരത്തുമായിരുന്നില്ലേയെന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് ഫാഷിസം എന്നതിൻറെ മൂർത്തമായ രൂപം എകെജി സെൻറർ ഇടിച്ചുനിരത്തലാണെന്ന് വിശ്വസിക്കുന്നു സഖാവ് ഗോവിന്ദൻ. അങ്ങനെയാണെങ്കിൽ പശ്ചിമ ബംഗാളിലെ മമതാ ബാനർജിയാകണം ഇന്ത്യയിലെ ഒന്നാം നമ്പർ ഫാഷിസ്റ്റ്.

അവിടെ തൃണമുൽ കോൺഗ്രസ് ഇടിച്ചുനിരത്തുകയോ പിടിച്ചടക്കുകയോ ചെയ്ത ‘എകെജി സെൻററുകൾ’ എണ്ണിയാൽ തീരില്ല. ത്രിപുരയിൽ ആ ‘ധർമ്മം’ നിർവഹിച്ചത് കാവിപ്പാർട്ടിയാണെങ്കിലും ഗോവിന്ദൻ തിയറി അനുസരിച്ച് ഫാഷിസം ആകില്ല. ഫാഷിസം എന്നത് മോദിയുടെ അജണ്ടയിലേ ഇല്ലെന്ന മട്ടിലാണ് ചുകപ്പൻ പാർട്ടി.

ഫാഷിസത്തിൻറെ സ്വഭാവമുണ്ടായിരുന്ന നെഹ്റുവിൻറേയും അർധ ഫാഷിസ്റ്റ് ആയിരുന്ന ഇന്ദിരയുടെയും പാർട്ടിയുമായി ഏതെങ്കിലും വിധേന അടുക്കുന്നതിനെക്കുറിച്ച് സിപിഎമ്മിന് ഇനി ആലോചിക്കേണ്ട കാര്യമേയില്ല.

ഫാഷിസത്തിൻറെ പോയിട്ട് നവഫാഷിസത്തിൻറെ പോലും ലാഞ്ഛനയില്ലാത്ത കാവിപ്പാർട്ടിയുമായി ചെങ്കൊടി കൂട്ടിക്കെട്ടുന്നതിൽ വൈക്ലബ്യവും വേണ്ടതില്ല. ചിന്തോദ്ദീപകങ്ങളായ ഗോവിന്ദമൊഴികൾ പിന്നേയുമുണ്ട്.

സിപിഎമ്മിൻറെ നയപരിപാടികൾ അതേപടി നടപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാർ എന്ന വിശ്വാസം തന്നെ തെറ്റാണെന്നാണ് അടുത്ത മൊഴി. അതൊരർഥത്തിൽ ശരിയുമാണ്.

പല കാര്യങ്ങളിലും പാർട്ടി നിലപാട് പോയിട്ട് മുന്നണി നിലപാട് പോലും പ്രാവർത്തികമാക്കാൻ മെനക്കെടാത്ത ഭരണമാണ് കാരണഭൂതൻ കാഴ്ചവെക്കുന്നത്. പാവം ബിനോയ് വിശ്വത്തിന് അതൊന്നും മനസിലാകുന്നില്ലെന്ന് മാത്രം.

പറഞ്ഞും തിരുത്തിയും പിന്നേയും പറഞ്ഞും ജീവിക്കുക എന്നത് മഹാ സൗഭാഗ്യമാണ്. ഇപ്പോൾ അത് ഗോവിന്ദൻ അനുഭവിക്കുന്നുവെന്ന് മാത്രം. 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News