March 11, 2025 1:02 am

കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച് സോഡാ സർബത്ത്..

 സതീഷ് കുമാർ വിശാഖപട്ടണം.

ലയാളത്തിലെ ജനകീയ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജോൺ എബ്രഹാമിന്റെ ആദ്യ ചലച്ചിത്രം ആയിരുന്നു “വിദ്യാർത്ഥികളെ ഇതിലെ ഇതിലെ.

” 1972-ൽപുറത്തിറങ്ങിയ ഈ ചിത്രത്തിൻ്റെ പേരിൽ തന്നെ ഒരു വലിയ സന്ദേശം ഉണ്ടായിരുന്നത് ഇന്ന് ചോര കൊണ്ട് പുതിയ ചരിത്രമെഴുതുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമൊക്കെ ഒന്ന് ഓർത്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

മാദ്ധ്യമങ്ങൾ ആഘോഷമാക്കുന്ന, പതിനഞ്ചാം വയസ്സിൽ കൊലപാതകികളായി തീരുന്ന വിദ്യാർത്ഥികളുടെ കഥ തന്നെയായിരുന്നു ജോൺ എബ്രഹാമിന്റെ ആദ്യ ചിത്രത്തിൻ്റേയും പ്രമേയം. പക്ഷേ അവരുടെ സ്നേഹത്തിൻ്റെ , സമഭാവനയുടെ, സാഹോദര്യത്തിന്റെ , കർത്തവ്യത്തിൻ്റെ നല്ല സന്ദേശമായിരുന്നു മെഹബൂബ് മൂവീസ് നിർമ്മിച്ച ഈ ചിത്രം കാഴ്ചവെച്ചത് .

സിനിമയുടെ കഥയും തിരക്കഥയും എഴുതിയത് പിന്നീട് സംവിധായകനായി മാറിയ എം ആസാദ് . മധു ,ജയഭാരതി ,അടൂർ ഭാസി , എസ് പി പിള്ള തുടങ്ങിയ നടീനടന്മാരോടൊപ്പം പ്രശസ്ത തമിഴ് നടി മനോരമ ഈ ചിത്രത്തിൽ അഭിനയിക്കുകയും അടൂർ ഭാസിയുമായി ചേർന്ന് ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

“ചിശ്ചില്ലം ചിലും ചിലും ചിശ്ചില്ലം ചിലും ചിലും ചിങ്കാര പൂങ്കുറവാ നിൻ അമ്മാം കൂടത്തിൽ തേനോ പാലോ ചിങ്കാര പൂങ്കുറത്തി ..” എന്ന ഹാസ്യഗാനം എഴുപതുകളിൽ സ്ഥിരമായി റേഡിയോവിലൂടെ കേൾക്കാമായിരുന്നു. വയലാർ രാമവർമ്മയും എം ബി ശ്രീനിവാസനുമായിരുന്നു ചിത്രത്തിന്റെ സംഗീതശില്പികൾ.

യേശുദാസും ജാനകിയും രണ്ട് വ്യത്യസ്ത ഈണങ്ങളിൽ ആലപിച്ച ഈ ചിത്രത്തിലെ ഒരു ഗാനം തീർച്ചയായും വിദ്യാർത്ഥികൾ കേട്ടിരിക്കണം . ലഹരിയിലും അക്രമത്തിലും അറിയാതെ അകപ്പെട്ടു പോകുന്ന യുവതലമുറയ്ക്ക് ഈ ഈ പാട്ട് ഒരു പ്രചോദനമായി തീരട്ടെ എന്ന് ആശിക്കുന്നു .

ഭാരതത്തിലെ ആദ്യകാല സര്‍വ്വകലാശാലകളായ നളന്ദയേയും തക്ഷശിലയേയും ഓർമ്മപ്പെടുത്തിക്കൊണ്ട് വയലാർ എഴുതിയതായിരുന്നു പ്രശസ്തമായ ഈ ഗാനം .

“നളന്ദ തക്ഷശിലാ നളന്ദ തക്ഷശിലാ

നമ്മുടെ പൂര്‍വികര്‍ പടുത്തുയര്‍ത്തിയ സര്‍വകലാശാല

നളന്ദാ തക്ഷശിലാ നളന്ദ തക്ഷശിലാ നാനാത്വത്തിലോരേകത്വത്തിന്‍ നവദര്‍ശനശാല

സിന്ധുനദീതട സംസ്കാരത്തിന്‍ ശില്‍പ്പകലാശാല …ആ…..നളന്ദാ തക്ഷശിലാനളന്ദ

തക്ഷശിലാ ഋഗ്വേദത്തിലെ ഗായത്രിയുമായ് ഇക്കരെ വന്നവരല്ല, അല്ല ഇക്കരെ വന്നവരല്ല മതങ്ങൾ കൊണ്ടും ഭാഷകൾ കൊണ്ടും മതിലുകൾ തീർത്തവരല്ല,

അല്ല മതിലുകൾ തീർത്തവരല്ല കർഷകരല്ലോ, അവ നിർമ്മിച്ചത് കർഷകരല്ലോ നമ്മുടെ യജ്ഞഭൂമികൾ ഉഴുതുമറിച്ച കൃഷിവലരല്ലോ കൃഷിവലരല്ലോ!

നമ്മുടെ മണ്ണില്‍ നമുക്കുയര്‍ത്തുക നളന്ദകള്‍ – നളന്ദകള്‍ സമഭാവനയുടെ നളന്ദകള്‍ നാളെ യുഗങ്ങള്‍ എഴുത്തിനിരിയ്ക്കും നളന്ദകള്‍ – നളന്ദകള്‍ സ്വതന്ത്രഭാരത നളന്ദകള്‍..”

മഹത്തായ നമ്മുടെ ഭാരതീയ സംസ്കാരത്തെ കുറിച്ച്,ലോകത്തിനുതന്നെ മാതൃകയായ മഹത്തായ രണ്ടു വിദ്യാലയങ്ങളെക്കുറിച്ച് വിദ്യാർത്ഥി സമൂഹത്തിന്റെ സമഭാവനയെ കുറിച്ച് വയലാർ എഴുതിയ അനശ്വര ഗാനം ഇപ്പോൾ ഓർക്കാൻ കാരണം കഴിഞ്ഞദിവസം താമരശ്ശേരിയിൽ 15 വയസു പോലും തികയാത്ത വിദ്യാർത്ഥികൾ നടത്തിയ ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതകത്തിൻ്റെ വാർത്ത തന്നെയാണ് .

സമഭാവന ഇല്ലാത്ത ഇളം തലമുറക്കാർ തൻ്റെ സഹപാഠിയോട് ചെയ്ത കൊടും ക്രൂരത. എന്താണ് നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന് സംഭവിക്കുന്നത്. സിനിമ എന്ന കലാരൂപം യുവതലമുറയെ ഏറ്റവും ആകർഷിക്കുന്ന, പ്രചോദിപ്പിക്കുന്ന ഒരു വലിയ മാദ്ധ്യമമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇവരെ ഈ അക്രമവഴിയിലേക്ക് നയിക്കുന്ന സിനിമകളും സിനിമാഗാനങ്ങളും നമ്മുടെ സംസ്കാരത്തിനും സമൂഹത്തിനും യോജിച്ചതാണോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

അധോലോക നായകന്മാരേയും ഗുണ്ടകളെയും കേന്ദ്രകഥാപാത്രങ്ങളാക്കി അക്രമത്തിന്റെ ഭയാനക ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഈ സിനിമകൾ നമ്മുടെ പുതിയ തലമുറയ്ക്ക് എന്ത് സന്ദേശമാണ് നൽകുന്നത്.? അടുത്തിടെ യുവതലമുറയെ “ആവേശം ” കൊള്ളിച്ച ഒരു ഗാനത്തെ പറ്റി ഈ അവസരത്തിൽ പറയാതിരിക്കാൻ നിവൃത്തിയില്ല . സമൂഹത്തിന് ഒരു സന്ദേശവും കൊടുക്കാനില്ലാത്ത ഈ പാട്ടെഴുതിയത് വിനായക് ശശികുമാർ എന്ന ഒരു ഗാനരചയിതാവാണ്.

വയലാറും പി ഭാസ്കരനും ശ്രീകുമാരൻ തമ്പിയും യൂസഫലി കേച്ചേരിയും ഒ എൻ വി കുറുപ്പുമെല്ലാം മലയാള ചലച്ചിത്ര ഗാനങ്ങളുടെ അനന്തവിഹായസ്സിൽ പടുത്തുയർത്തിയ കാവ്യ ശില്പങ്ങളെ ഓർത്തു കൊണ്ട് ഈ ഗാനത്തിന്റെ വരികളിലേക്ക് പ്രിയ വായനക്കാർ കണ്ണോടിക്കൂ…

ILLUMINATTI I NADIN NANMAKANE I AVESHAM SONG I FAFAI FAHAD FAZIL I SUSHIN SHYAM

https://youtu.be/lTjx2_TrLCo?t=11

“നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ

കാലം കാത്തുവെച്ച രക്ഷകനേ സംഹാരകനേ ഞങ്ങൾക്കണ്ണനായി വന്നവനേ ഭയമേ മാറിപ്പോ

നീ അണ്ണൻ വന്നാൽ കുമ്പിട്ടുനില്ല് ഇരുട്ടിൽ സിറ്റി വാഴുംരാജാവ്ക്ക് എല്ലാരും സുല്ല് ഇവനെ

തൊഴുവാനായ് എന്നും ജനത്തിരക്ക് കാലൊന്നെടുത്തുവെച്ചാൽസ്വർഗ്ഗം പോലും

അണ്ടർവേൾഡ് ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം കുത്ത്

ഹരിശ്രീതോക്കിൻ കാഞ്ചിവലി ശീലം പണ്ടേ മാറാത്ത വ്യാധി നെഞ്ചിൽ

പൂട്ടിവെച്ചോരങ്കക്കലി തീരാത്ത വാശിഅണ്ണൻ മീശവെച്ചൊരാട്ടപ്പുലീ ഇടയാൻ വന്നോര്ക്കും നിന്നോര്ക്കും

പണ്ടേയാപത്ത് കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച് സോഡാ സർബത്ത് ഞൊടിയിൽ മദയാനേം

മെരുക്കിടും കരുത്ത് ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത് ഇല്ലുമിനാറ്റി

ഇല്ലുമിനാറ്റി അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി

അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി ഉലകിതിലാരോടും തോൽക്കാ വീരൻ

കരളിതിലമ്മയ്ക്കായ് തേങ്ങും പൈതൽമടിയിൽ പാലൂട്ടും സ്നേഹം നീയേ മറഞ്ഞോ

താരാട്ടാതെന്തേ കരയാൻ കണ്ണീരില്ലാ കണ്ണീരൊപ്പാൻ ആരും പോരണ്ടാ എരിയും മൂന്നാം

കണ്ണിൽ കോപം കൊള്ളും സംഹാരമൂർത്തി മരണം പടിവാതിൽ കടന്നിടാൻ മടിക്കും

ബോംബെ നഗരമിവൻ വരുന്നദിനം സ്വപ്നം കാണും താനാ ന്നനാനാ താനാ ന്നനാനാതാനാ

നന താനാ നന നാനാ നനാനാ താനാ ന്നനാനാ താനാ ന്നനാനാതാനാ നന താനാ നന

നാനാ നനാനാ ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി അണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി

ഇല്ലുമിനാറ്റി ഇല്ലുമിനാറ്റിഅണ്ണൻ തനി നാടന് കൊലമല്ലുമിനാറ്റി…”

വയലാറിൽ നിന്നും വിനായക് ശശികുമാറിലേയ്ക്ക് എത്തുമ്പോൾ പാട്ടുകളിൽ വന്ന മാറ്റം പ്രിയ വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇരയിമ്മൻ തമ്പിയുടെ “പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ…..” എന്ന ഗാനത്തെ നിരോധിച്ച നാട്ടിലാണ് ഇത്തരം കലാ ഭാസങ്ങൾ ആഘോഷിക്കപ്പെടുന്നതും അതിൻ്റെ തിക്തഫലങ്ങൾ സമൂഹം മൊത്തം അനുഭവിക്കേണ്ടിവരുന്നതും.

സിനിമകൾക്ക് സെൻസർ ബോർഡ് ഉള്ള ഒരു നാട്ടിൽ വേണ്ടപ്പെട്ടവർ വേണ്ടപോലെ പ്രതികരിക്കാതിരുന്നതിൻ്റെ ദുരന്തം ലഹരിയായും ചോരയായും ഇപ്പോൾ കേരളത്തിൽ എവിടെയും മാദ്ധ്യമങ്ങളുടെ തലക്കെട്ടുകളായി പൊതുസമൂഹത്തെ വിറകൊള്ളിക്കുന്നു .

“കട്ടച്ചോര കൊണ്ട് ജ്യൂസടിച്ച സോഡാ സർബത്തിൻ്റെ ലഹരി കാണണമെങ്കിൽ ഇപ്പോൾ ഉത്സവപ്പറമ്പുകളിലെ ഗാനമേള എന്ന കലാപരിപാടി കണ്ടാൽ മാത്രം മതിയാകും. ഗാനമേളക്കാരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനവും യുവതലമുറ ആടി തിമിർക്കുന്ന ഗാനവും ഇപ്പോൾ ഇതാണ് . പാട്ടിൻ്റെ വരികളെക്കാൾ ഒരുപക്ഷേ അതിൻ്റെ താളമാകാം ചെറുപ്പക്കാരെ ഈ പാട്ടിലേക്ക് കൂടുതൽ ആകർഷിക്കുന്നതെന്ന് തോന്നുന്നു.

ഇതിനകം യൂട്യൂബിൽ 287,577,054 പേരാണെന്ന് ഈ പാട്ട് കണ്ടതെന്നറിയുമ്പോൾ പുതിയ തലമുറയുടെ പ്രയാണം എങ്ങോട്ടാണെന്ന് വ്യക്തമായി തിരിച്ചറിയാവുന്നതേയുള്ളൂ. ഇനി പറയാൻ പോകുന്നത് തികച്ചും വ്യക്തിപരമായ ഒരഭിപ്രായം മാത്രമാണ് . പ്രിയ വായനക്കാർക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം.

എങ്കിലും പറയാതിരിക്കാൻ നിവൃത്തിയില്ല. ഒരു വിദ്യാർത്ഥി ഉണർന്നിരിക്കുന്ന 16 മണിക്കൂറിൽ 8 മണിക്കൂറിൽ കൂടുതൽ ചെലവഴിക്കുന്നത് അവൻ പഠിക്കുന്ന വിദ്യാലയത്തിലാണ്. വിദ്യാലയം വ്യക്തിയുടെ സ്വഭാവവും സംസ്കാരവും രൂപപ്പെടുത്തുന്നതിൽ ഒരു വലിയ പങ്കാണ് വഹിക്കുന്നത്.

ഇവിടെ അച്ചടക്കത്തിന് വലിയ സ്ഥാനമുണ്ടെന്ന് വിശ്വസിക്കട്ടെ. ലഘുവായ ശിക്ഷയും ഭയവും ഉണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് ഈ ഗുണം കൈവരിക്കാൻ കഴിയുകയുള്ളൂ. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കോടതികളും സർക്കാരുമെല്ലാം ചേർന്ന് കുട്ടികളെ അടിക്കുന്നത് ഒരു വലിയ പാതകമായിട്ടാണ് ഇന്ന് കണക്കാക്കിയിരിക്കുന്നത്.

വിദ്യാലയങ്ങളിൽ അദ്ധ്യാപകരുടെ അടികൊണ്ടു വളർന്ന ഞങ്ങളുടെ തലമുറയ്ക്ക് ആ ചൂരൽ പ്രയോഗത്തിൻ്റെ വേദനകൾ പോലും ഇന്ന് മധുരിക്കുന്ന ഓർമ്മകളാണ് . അതുകൊണ്ടുതന്നെ ആ പ്രിയപ്പെട്ട ചൂരലിനെ വീണ്ടും വിദ്യാലയത്തിലേക്ക് കൊണ്ടുവരിക. പുതിയ തലമറയെ ഒരു പരിധി വരെയെങ്കിലും രക്ഷപ്പെടുത്തുക …

————————————————————————–

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News