വാഷിങ്ടണ്‍: എല്ലാദിവസവും ഡൊണാള്‍ഡ് ട്രംപിൻ്റെ മുഖം പത്രത്തിന്റെ ഒന്നാം പേജില്‍ കാണേണ്ട.ഒരു കാറപകടം വീണ്ടും വീണ്ടും ആവർത്തിച്ച് കാണുന്നതുപോലെയാണ് അത് – ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിൽ പറഞ്ഞു.
തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കാമറൂൺ. ദ ടെർമിനേറ്റർ, ഏലിയൻസ്, ദി അബിസ്, ടെർമിനേറ്റർ 2: ജഡ്ജ്മെൻറ് ഡേ, ട്രൂ ലൈസ്, ടൈറ്റാനിക്, അവതാർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചലച്ചിത്രങ്ങൾ.
അമേരിക്കന്‍ പ്രസിഡന്റായുള്ള ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് കാമറൂൺ വിലയിരുത്തുന്നു. മാന്യമായ എല്ലാ കാര്യങ്ങളിൽനിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ സംഭവിച്ചിട്ടുള്ളത്.
താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.ചരിത്രപരമായി എന്തിനുവേണ്ടിയാണോ അമേരിക്ക നിലകൊണ്ടത് അതിനുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് നിലനില്‍പ്പില്ല. അവരുടെ സ്വന്തം നേട്ടത്തിനായി അവര്‍ അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയായ കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.
എല്ലാദിവസവും പത്രത്തിന്റെ ഒന്നാം പേജില്‍ ഇത്തരം കാര്യങ്ങള്‍ വായിക്കാന്‍ എനിക്ക് തീര്‍ച്ചയായും താല്‍പര്യമില്ല. അത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. ന്യൂസിലാന്റില്‍ കാര്യങ്ങള്‍ ഇതിനേക്കാള്‍ ഭേദമാണ്. അവിടത്തെ പത്രങ്ങള്‍ മൂന്നാമത്തെ പേജിലേ ഇതൊക്കെ നല്‍കുകയുള്ളൂ.