March 10, 2025 10:05 pm

മുഖ്യമന്ത്രി കുപ്പായം ആരും ഇപ്പോൾ തുന്നേണ്ടെന്ന് രാഹുൽ

ന്യൂഡൽഹി: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ, മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയാവും കോൺഗ്രസ് മൽസരിക്കുക. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യം കേരളത്തിൽ നിന്നെത്തിയ നേതാക്കളോട് വ്യക്തമായി പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് അദ്ദേഹത്തിൻ്റെ ഈ മുന്നറിയിപ്പ്. ഡോ. ശശി തരൂരും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടെ ആണ് നേതൃത്വത്തിൻ്റെ ഈ തീരുമാനം വന്നത്.

‘ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ചശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞു ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്കു ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,’ -രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.

അതേസമയം, ശശി തരൂരിനോടുള്ള അനിഷ്ടം യോഗത്തില്‍ സംസാരിച്ച കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ,ഒട്ടും മറച്ചു വെച്ചില്ല. പ്രധാനമന്ത്രി മോദി സ്തുതി ഇനി വെച്ചുപൊറുപ്പിക്കാനാവില്ലെന്നു തരൂരിന്റെ പേര് പറയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

‘ പാര്‍ലമെന്റിലും തെരുവിലും മോദിക്ക് എതിരായ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമ്പോള്‍ മോദിയെ പുകഴ്ത്തുന്നത് അനുവദിക്കാന്‍ പാര്‍ട്ടിക്ക് ആവില്ല. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്,’ ഖാര്‍ഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News