വാഷിങ്ടണ്‍: വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍,യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.
റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സെലന്‍സ്‌കിയും നടത്തിയ കൂടിക്കാഴ്ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് പിന്നാലെയാണിത്.
ധാതുകരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി മടങ്ങിയതിന് ശേഷമാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
സെലന്‍സ്‌കി മടങ്ങിയതിന് പിന്നാലെ അദ്ദേഹം അമേരിക്കയെ അനാദരിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്
ആരോപണം ഉന്നയിക്കുകയും ചെയ്തു.
നല്ല സമയത്തും പരീക്ഷണഘട്ടത്തിലും യുക്രൈനൊപ്പം നിലയുറപ്പിക്കുമെന്ന് നിയുക്ത ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എക്സിലൂടെ വ്യക്തമാക്കി.ജര്‍മനിയേയും യൂറോപ്പിനെയും യുക്രൈന് എല്ലാ കാലത്തും ആശ്രയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും യുക്രൈനെ പിന്തുണച്ച് രംഗത്തെത്തി.ഒരേയൊരു ആക്രമണകാരിയേ ഉള്ളൂ, അത് റഷ്യയാണ്. അക്രമിക്കപ്പെടുന്ന ഒരു ജനതയേ ഉള്ളൂ അത് യുക്രൈനാണെന്നും അദ്ദേഹം പ്രതികരിച്ചു.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും സെലന്‍സ്‌കിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈന്‍ ജനതയുടെ ധീരത പ്രകടമാക്കുന്നതാണ് താങ്കളുടെ കുലീനമായ പെരുമാറ്റമ. ശക്തനായി നിലകൊള്ളുക, ധീരനും ഭയരഹിതനും ആയിരിക്കുക – അവര്‍ എക്സില്‍കുറിച്ചു.
യുക്രൈന്‍ ജനതയോടൊപ്പം നിലകൊള്ളുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലെന ബര്‍ബോക്ക്, അയര്‍ലാന്‍ഡ് ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ടി.ഡി, സ്വീഡിഷ് പ്രധാനമന്ത്രിയുടെ ഓഫീസ്, എസ്റ്റോണിയയുടെ വിദേശകാര്യമന്ത്രി, ഡച്ച് വിദേശകാര്യമന്ത്രി, നോര്‍വീജിയന്‍ പ്രധാനമന്ത്രി, ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് എന്നിവര്‍ യുക്രൈനെ പിന്തുണച്ച് എക്‌സില്‍ പോസ്റ്റുകളിട്ടു.
യുക്രൈനിലെ പ്രധാനമന്ത്രിയും പാര്‍ലമെന്റ് സ്പീക്കറും അടക്കമുള്ളവരും സെലന്‍സ്‌കിയെ പിന്തുണച്ചിട്ടുണ്ട്.
സെലന്‍സ്‌കിക്ക് സമാധാനം പുലരണമെന്ന് താല്‍പ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും രൂക്ഷമായ ഭാഷയില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ട്രംപ് ചര്‍ച്ച പാതിയില്‍ അവസാനിപ്പിച്ചതോടെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍നിന്ന് ഇറങ്ങിപ്പോയി. ട്രംപ് ഏറെ താല്‍പ്പര്യപ്പെട്ട യുക്രയ്‌നിലെ ധാതുസമ്പത്ത് കൈമാറല്‍ കരാറില്‍ ഒപ്പിടാതെയാണ് സെലന്‍സ്‌കി പോയത്. മാധ്യമങ്ങളുടെ മുന്നിലായിരുന്നു ഈ ‘ഏറ്റുമുട്ടല്‍’.
സെലന്‍സ്‌കി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ പന്താടുകയാണെന്നും മൂന്നാം ലോകയുദ്ധത്തെവച്ചാണ് ചൂതാട്ടമെന്നും വിമര്‍ശമുണ്ടായി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സെലന്‍സ്‌കി പറഞ്ഞു.അമേരിക്ക തങ്ങളുടെ ബാധ്യത നിറവേറ്റാന്‍ തയ്യാറാകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
യുക്രയ്ന് അര്‍ഹിക്കുന്നതിലധികം പിന്തുണ നല്‍കിയ രാജ്യമാണ് അമേരിക്കയെന്നും സെലന്‍സ്‌കി അനാദരവ് കാട്ടിയെന്നും ട്രംപ് കുപിതനായി. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടാവുമ്പോള്‍ സെലന്‍സിക്ക് മടങ്ങിവരാമെന്നും ട്രംപ് പറഞ്ഞു.
കരാറിന് സമ്മതിച്ചില്ലെങ്കില്‍ നിങ്ങള്‍ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് സെലന്‍സ്‌കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. ഇതോടെ സെലന്‍സ്‌കി ചര്‍ച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസില്‍ നിന്നും മടങ്ങുകയായിരുന്നു.
സെലന്‍സ്‌കിയെ ട്രംപ് പരസ്യമായി എതിര്‍ത്തതും കൂടിക്കാഴ്ച പരാജയപ്പെട്ടതും റഷ്യന്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയിട്ടുണ്ട്.