ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാനിലെ സ്വർണം കുഴിച്ചെടുക്കാൻ യു എ ഇ സർക്കാർ. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ബലൂചിസ്ഥാനിലെ ചാഗായി ജില്ലയില്‍ ചെമ്പിനും സ്വര്‍ണ്ണത്തിനുമായി സംയുക്ത പര്യവേക്ഷണ പദ്ധതി സ്ഥാപിക്കുന്നതിനായി പ്രകൃതിവിഭവങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനും ആണ് കരാർ.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.ഇസ്ലാമാബാദിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാന സാമ്പത്തിക, വികസന മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായിരുന്നു കൂടിക്കാഴ്ചയെന്ന് സർക്കാർ വക്താവ് അറിയിച്ചു.
ഷെയ്ഖ് ഖാലിദും ഷെഹ്ബാസ് ഷെരീഫും വിവിധ മേഖലകളിലുടനീളമുള്ള നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. പുതിയ റെയില്‍വേ ശൃംഖല സ്ഥാപിക്കുന്നതിനൊപ്പം, പാകിസ്ഥാനിലെ നിലവിലുള്ള റെയില്‍വേ ശൃംഖലയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തിഹാദ് റെയിലും പാകിസ്ഥാന്‍ റെയില്‍വേ മന്ത്രാലയവും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.