സതീഷ് കുമാർ വിശാഖപട്ടണം
മിസ് കുമാരി, രാഗിണി, പത്മിനി, അംബിക, ഷീല, ശാരദ തുടങ്ങിയ മലയാളത്തിലെ ആദ്യകാല നായികമാരെല്ലാം മലയാളനാടിൻ്റെ തനതു ശാലീനസൗന്ദര്യത്തിന്റെ പ്രതീകങ്ങളായിരുന്നു. എന്നാൽ 1970 -ൽ പുറത്തിറങ്ങിയ പ്രേംനസീർ നായകനായ “രക്തപുഷ്പം ” എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഗ്ലാമറിന്റെ അതിപ്രസരവുമായി ഒരു പുതിയ നായിക പ്രത്യക്ഷപ്പെടുന്നു. വിജയശ്രീ.

തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത “പൂജാപുഷ്പം ” എന്ന ചിത്രത്തിലൂടേയാണ് വിജയശ്രീ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. മലയാളം ഉൾപ്പെടെ പല ദക്ഷിണേന്ത്യൻ
ഭാഷാചിത്രങ്ങളിലും വിജയശ്രീ കാബേറെ നർത്തകിയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ “രക്തപുഷ്പം ” എന്ന ചിത്രത്തിൽ പ്രേംനസീറിന്റെ നായികയായതോടെ വിജയശ്രീയുടെ തലവര തന്നെ മാറിമറഞ്ഞു. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന നായികമാരുടെ വസ്ത്രധാരണരീതി മുണ്ടും ജാക്കറ്റും പുളിയിലക്കര പുടവയും ദാവണിയും സാരിയുമൊക്കെ ആയിരുന്നെങ്കിൽ വിജയശ്രീ വെള്ളിത്തിരയിലെത്തിയത് മിനിസ്കർട്ട്, ബെൽ ബോട്ടം പാന്റ്, ഷോർട്ട് നിക്കർ തുടങ്ങി പുരുഷഹൃദയങ്ങളുടെ നെഞ്ചിടിപ്പു കൂട്ടുന്ന വേഷവിധാനങ്ങളോടെയായിരുന്നു .

എ ബി രാജ്, ശശികുമാർ തുടങ്ങിയ മലയാള സിനിമയിലെ ജനപ്രിയ സംവിധായകർ വിജയശ്രീയുടെ ഉടലഴകിന്റെ മാദകഭംഗി പ്രേക്ഷകർക്ക് നിർലോഭം പകർന്നു നൽകാനും മറന്നില്ല. പ്രേംനസീർ – വിജയശ്രീ ചിത്രങ്ങളിലെ പ്രണയഗാനരംഗങ്ങൾക്ക് ദൃശ്യചാരുതയായി ഈ നടിയുടെ ജ്വലിക്കുന്ന സൗന്ദര്യം കൂടി പെയ്തിറങ്ങിയപ്പോൾ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഇരച്ചുകയറാൻ തുടങ്ങി എന്ന് പറയുന്നതാകും ശരി.

അത്തരത്തിൽ പ്രേക്ഷകരെ ഗാനചിത്രീകരണം കൊണ്ട് ഹരം പിടിപ്പിച്ച ചരിത്രമാണ് ശശികുമാർ സംവിധാനം ചെയ്ത “പഞ്ചവടി” എന്ന ചിത്രത്തിനുള്ളത്. ഈ സിനിമയിലെ
“പൂവണി പൊന്നും ചിങ്ങം
വിരുന്നു വന്നു
പൂമകളേ നിന്നോർമ്മകൾ പൂത്തുലഞ്ഞു
കാറ്റിലാടും തെങ്ങോലകൾ
കളി പറഞ്ഞു
കളിവഞ്ചി പാട്ടുകളെൻ
ചുണ്ടിൽ വിരിഞ്ഞു…”
https://youtu.be/Zp8IVjYkpd8?t=7

എന്ന ഗാനരംഗം വിജയശ്രീയുടെ ഗ്ലാമർ പ്രദർശനത്താൽ ആ കാലത്ത് ചലച്ചിത മേഖലയിൽ വൻ കോളിളക്കം തന്നെ സൃഷ്ടിച്ചു. പിൽക്കാലത്ത്
“പഞ്ചവടിയിലെ വിജയശ്രീയോ പഞ്ചവൻ കാട്ടിലെ രാഗിണിയോ …”
എന്നൊരു ഗാനം തന്നെ മറ്റൊരു സിനിമയ്ക്ക് വേണ്ടി എഴുതപ്പെട്ടുവെങ്കിൽ “പഞ്ചവടി ” എന്ന സിനിമ പ്രേക്ഷകരിലുണർത്തിയ ആവേശം ഊഹിക്കാവുന്നതേയുള്ളൂ ! ശ്രീകുമാരൻ തമ്പി എഴുതി അർജുനൻ മാസ്റ്റർ ഈണം പകർന്ന “പഞ്ചവടി ” യിലെ മറ്റു ആറു ഗാനങ്ങളും അതിമനോഹരങ്ങളായിരുന്നു.
“നക്ഷത്രമണ്ഡല
നടതുറന്നു …”
(ജയചന്ദ്രൻ )
“ചിരിക്കു ചിരിക്കു
ചിത്രവർണ്ണപ്പൂവേ …”
(സുശീല , അമ്പിളി )
“സൂര്യനും ചന്ദ്രനും
പണ്ടൊരു കാലം ചൂതുകളിക്കാനിരുന്നു …”
(ജയചന്ദ്രൻ )
“തിരമാലകളുടെ ഗാനം … “
(യേശുദാസ് )
“മനസ്സിനകത്തൊരു പാലാഴി …”
(യേശുദാസ്, ജാനകി )
https://youtu.be/OL2RbAEjsVI?t=5
“സിംഫണി സിംഫണി …”
(അയിരൂർ സദാശിവൻ, എൽ .ആർ. ഈശ്വരി)
എന്നീ ഗാനങ്ങളെല്ലാം
പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കു
മല്ലോ ..?
1973 ഫെബ്രുവരി അവസാന വാരം തിരശ്ശീലയിലെത്തിയ “പഞ്ചവടി” എന്ന ചിത്രം അമ്പത്തിരണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
ഒരു തലമുറയുടെ സ്വപ്നങ്ങളെ താലോലിച്ച ഈ ചിത്രത്തിലെ
“പൂവണി പൊന്നിൻ
ചിങ്ങം വിരുന്നു വന്നു…”
എന്ന മനോഹര ഗാനം ചിത്രത്തിന്റെ അമ്പത്തിരണ്ടാം പിറന്നാളിൽ വീണ്ടും വീണ്ടും ഓർമ്മയിലേക്കോടിയെത്തുകയാണ് ..

————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 88