February 23, 2025 11:58 pm

കോൺഗ്രസ് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കണമെന്ന് തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാർഥിയാവാൻ താൻ യോഗ്യനാണെന്ന്, ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് നൽകിയ് അഭിമുഖത്തിൽ വ്യക്തമായി സൂചിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ഡോ.ശശി തരൂർ എം പി പാർടിയെ പ്രതിസന്ധിയിലാക്കുന്നു.

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്ന് അദ്ദേഹത്തിൻ്റെ ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. പിണറായി വിജയൻ സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേയാണ് അദ്ദേഹത്തിൻ്റെ ഈ പുതിയ നീക്കം.

താന്‍ നേതൃപദവിക്ക് അനുയോജ്യനാണെന്ന് പല ഏജന്‍സികള്‍ നടത്തിയ സര്‍വേകളും ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. ‘അതുകൊണ്ട് എന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിക്കൊപ്പം ഞാനുണ്ടാവും.

ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. പുസ്തകമെഴുതാനും പ്രഭാഷണങ്ങള്‍ നടത്താന്‍ ലോകമെമ്പാടുനിന്നും ക്ഷണമുണ്ട്. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത് – അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും തിരിച്ചടി നേരിടും. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ട്. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്.ആ രീതിയിലുള്ള ഇടപെടലാണ് 2026-ലും പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നുണ്ട്.

അതേസമയം ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നു.തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News