ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി വിലമതിക്കുന്ന ഹെറോയിന്‍ എന്ന മയക്കുമരുന്നുമായി കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ അറസ്റ്റിലായി.
ഡല്‍ഹിയിലെ ‘ലേഡി ഡോണ്‍’എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവർ ഒളിവിലായിരുന്നു. 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നിന്ന് വിതരണത്തിനായി എത്തിച്ചതായിരുന്നു ഇത്.
ഹാഷിം ബാബ, ഭാര്യ സോയ ഖാൻ
ഭര്‍ത്താവ് ജയിലിലായതിന് ശേഷം ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് 33 കാരിയായ സോയ ആയിരുന്നു. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്.
സോയ ഇയാളുടെ രണ്ടാം ഭാര്യയാണ്. 2017ലാണ് സോയ, ഹാഷിമിനെ വിവാഹം കഴിക്കുന്നത്. സോയയുടെ രണ്ടാം വിവാഹമാണ്.നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അയല്‍വാസികളായ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്
ബാബ ജയിലിലായതോടെ ഗുണ്ടാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സോയ ഏറ്റെടുത്തു. ഇടയ്ക്കിടക്ക് ജയിലില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്ന സോയക്ക് കൃത്യമായി നിര്‍ദേശങ്ങളും നല്‍കിയിരുന്നു. തീഹാര്‍ ജയിലിലെത്തുന്ന സോയ പ്രത്യേക കോഡ് ഭാഷയിലാണ് ഭര്‍ത്താവുമായി സംസാരിച്ചിരുന്നത്.
കള്ളക്കടത്ത്, മയക്കുമരുന്ന് തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സോയ നിരന്തരം ഏര്‍പ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. എപ്പോഴും വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുകയും ബ്രാന്‍ഡഡ് സാധനങ്ങള്‍ മാത്രം ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നയാണ് സോയ. ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കാറുള്ള സോയ സോഷ്യല്‍മീഡിയല്‍ സജീവമായിരുന്നു.
നാദിര്‍ഷാ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കും സോയ അഭയം നല്‍കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്1 ഏരിയയിലെ ജിം ഉടമയായ ഷാ വെടിയേറ്റു മരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സ്‌പെഷ്യല്‍ സെല്ലിന്റെ ലോധി കോളനിയിലെ ഓഫീസില്‍ വെച്ച് ഇവരെ ചോദ്യം ചെയ്തിരുന്നു.
കിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത്. മനുഷ്യക്കടത്ത് സംഘത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2024ല്‍ സോയയുടെ അമ്മയെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ലഹരിമരുന്ന് ശൃംഖലയുമായി സോയയുടെ പിതാവിനും ബന്ധമുണ്ട് എന്ന് പോലീസ് സംശയിക്കുന്നു