ഡോ ജോസ് ജോസഫ്
പ്രേക്ഷക ശ്രദ്ധ നേടിയ ജോസഫിനും മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ് നേടിയ നായാട്ടിനും ശേഷം ഷാഹി കബീർ തിരക്കഥയെഴുതിയ മറ്റൊരു പോലീസ് ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി.
മുൻ പോലീസ് ഓഫീസർ എന്ന നിലയിൽ പോലീസ് സേനയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ഷാഹിയുടെ സ്വന്തം കാഴ്ച്ചപ്പാടുകൾ ഈ ചിത്രത്തിലും കാണാം.
ഷാഹി എഴുതിയ തിരക്കഥയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ശക്തി.നായാട്ട് ,ഇരട്ട തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും സഹസംവിധായകനായി പ്രവർത്തിക്കുകയും ചെയ്ത ജിത്തു അഷ്റഫാണ് ചിത്രത്തിൻ്റെ സംവിധായകൻ. കുഞ്ചാക്കോ ബോബൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പോലീസ് വേഷമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിലേത്.

മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കൾ നടത്തുന്ന നിഷ്ഠൂര കൊലപാതകങ്ങൾ ദിവസവും മാധ്യമങ്ങളിൽ നിറയുന്ന വാർത്തകളാണ്. ലഹരിയുടെ പേരിലുള്ള അതിക്രമങ്ങൾ ചോദ്യം ചെയ്യുന്നവരുടെ കുടുംബങ്ങൾ പോലും തകർത്തെറിയപ്പെടും. അവരുടെ പെൺമക്കൾ ടാർജറ്റ് ചെയ്യപ്പെടും.
മയക്കുമരുന്നിൻ്റെ പ്രൊമോഷനല്ല ചിത്രം എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മയക്കുമരുന്ന് തന്നെയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ പ്രധാന കഥാപാത്രം. ഇരുളും വെളിച്ചവും ഇടകലർന്ന സങ്കീർണ്ണമായ ഇടങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
എട്ട് മാസങ്ങൾക്കു മുമ്പ് ബംഗളൂരു നഗരപ്രാന്തത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ ജോസഫ് ചെമ്പോല എന്ന പോലീസ് ഓഫീസറുടെ ആത്മഹത്യയോടെയാണ് ചിത്രത്തിൻ്റെ തുടക്കം. അപ്രധാനമെന്നു തോന്നിപ്പിക്കുന്ന ആ സംഭവം പിന്നീട് കഥയുമായി ബന്ധിപ്പിക്കപ്പെടുന്നു. സഹപ്രവർത്തകർക്കും മേലോഫീസർമാർക്കും നേരെ എപ്പോഴും കുരച്ചു ചാടുന്ന പോലിസ് ഓഫീസറാണ് ഹരിശങ്കർ (കുഞ്ചാക്കോ ബോബൻ).
ക്ഷിപ്രകോപിയാണ്. വ്യക്തിപരമായി വലിയ മാനസിക സംഘർഷത്തിലൂടെ കടന്നു പോവുകയാണ് അയാൾ. ചെറിയ മാനസ്സിക അസ്വസ്ഥതകളുള്ള, നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ഹരിശങ്കർ.മേലോഫീസറോട് അപമര്യാദയായി പെരുമാറിയതിന് തരംതാഴ്ത്തപ്പെട്ടു. സസ്പെൻ കഴിഞ്ഞ് ആലുവാ സ്റ്റേഷനിൽ സിഐ ആയി വീണ്ടും ചുമതലയേറ്റെടുക്കുകയാണ് ഹരിശങ്കർ.
ഭാര്യ ഗീതയും (പ്രിയാമണി ) രണ്ടു പെൺമക്കളുമടങ്ങുന്നതാണ് അയാളുടെ കുടുംബം. മൂത്ത പെൺകുട്ടിക്കുണ്ടായ (മീനാക്ഷി അനൂപ്) ദുരന്തം അയാളുടെ കുടുംബത്തിൻ്റെ അടിത്തറ തന്നെ ഇളക്കി.ജോലിയിൽ തിരികയെത്തിയ ആദ്യ ദിവസം ഒരു മുക്കുപണ്ടം കേസ് അയാളുടെ മുന്നിലെത്തുന്നു.

എറണാകുളം – ബംഗളൂരു കെ എസ് ആർ ടി സി ബസിലെ കണ്ടക്ടറായ ചന്ദ്രഭാനു ജഗദീഷ്) ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണ്ണം മുക്കുപണ്ടമാണെന്നായിരുന്നു പരാതി. നാധാരണ സംഭവമായി അവഗണിക്കപ്പെടാവുന്ന ഒരു നിസ്സാര കേസ്.മേലധികാരികളുടെ താക്കീത് അവഗണിച്ചും ഹരിശങ്കറിൻ്റെ പോലീസ് ബുദ്ധി അതിനു പിന്നാലെ പോകുന്നു.
അന്വേഷണം ഒരു ഘട്ടം കഴിയുമ്പോൾ സ്വന്തം കുടുംബം കൂടി ഉൾപ്പെട്ട വലിയ കുരുക്കിലാണ് ഹരിശങ്കർ അകപ്പെടുന്നത്. കേസ്സിനെക്കുറിച്ചുള്ള പ്രേക്ഷകൻ്റെ പ്രാഥമിക അനുമാനങ്ങളെ തെറ്റിക്കുന്നതാണ് പിന്നീടുള്ള സംഭവങ്ങൾ. ഒറ്റപ്പെട്ടതെന്ന് തോന്നിക്കുന്ന പല ഉപകഥകൾക്കും പരസ്പര ബന്ധം കൈവരുന്നു. ഒരു മുക്കുപണ്ടത്തിൽ തുടങ്ങിയ കേസ്, പ്രതി ശ്യാം (റംസാൻ ) കുടുങ്ങിയതോടെ തീർന്നേക്കുമെന്നു കരുതുമ്പോൾ കഥ കൂടുതൽ സങ്കീർണ്ണതകളിലേക്കു നീങ്ങുന്നു.
ചിത്രത്തിൻ്റെ ആദ്യ പകുതി കൂടുതൽ ചടുലവും ഉദ്വേഗഭരിതവുമാണ്. എന്നാൽ രണ്ടാം പകുതി സാധാണ ക്രൈം ത്രില്ലറുകളുടെ വാർപ്പ് മാതൃകകളിലേക്ക് വഴുതി മാറുന്നു. അത്യന്തം അപകടകാരികളായ ഒരു മയക്കുമരുന്ന് ഗ്യാങിനോടാണ് രണ്ടാം പകുതിയിൽ ഹരിശങ്കറിന് ഏറ്റുമുട്ടേണ്ടി വരുന്നത്. പണിക്ക് തിരിച്ചു പണി കൊടുക്കുന്ന ‘പണി’ സിനിമയിലെ ഗ്യാങിനെ ഓർമ്മിപ്പിക്കുമെങ്കിലും ഓഫീസർ ഓൺ ഡ്യൂട്ടിയിലെ വയലൻസ് പരിധി വിട്ടിട്ടില്ല.
കെ എസ് ആർ ടി സി ബസ്സിൽ നടന്ന പ്രധാന സംഭവത്തെ മറച്ചു വെച്ചു കൊണ്ട് നോൺ-ലീനിയറായി കഥ പറയുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. ചിത്രത്തിൻ്റെ അവസാനം നാധാരണക്കാരായ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് .ചേസ് സീക്വൻസുകളും സംഘട്ടന രംഗങ്ങളും വളരെ ഭംഗിയായി പകർത്തിയിട്ടുണ്ട്, ആക്ഷൻ രംഗങ്ങൾക്ക് പുതുമയുണ്ട്.
ബൊഗയ്ൻവില്ലയ്ക്കു ശേഷമുള്ള കുഞ്ചാക്കോ ബോബൻ്റെ അതിശക്തമായ കഥാപാത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഹരിശങ്കർ. വളരെയേറെ അഭിനയ സാധ്യതകളുള്ള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ മികച്ചതാക്കി. വില്ലൻ ഗ്യാങിൻ്റെ ലീഡേഴ്സായി വിശാഖ് നായരും റംസാൻ മുഹമ്മദും ഗംഭീര പ്രകടനം നടത്തി.പ്രിയാ മണിയുടെ അഭിനയവും ശ്രദ്ധേയമാണ്.ജഗദീഷ്, മനോജ് കെ യു, ഉണ്ണി ലാലു, ജയ കുറുപ്പ്, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപ്പൻ, രഘുനാഥ് പലേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഷാഹി കബീറിൻ്റെ തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ നട്ടെല്ല്.ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ ജിത്തു അഷ്റഫ് വിജയിച്ചിട്ടുണ്ട്. ആൾക്കൂട്ടങ്ങളും ഇരുളും വെളിച്ചവും കൂടിക്കലർത രാത്രി രംഗങ്ങളും റോബി വർഗീസ് രാജിൻ്റെ ക്യാമറ അതീവ മിഴിവോടെ ചിത്രീകരിച്ചു.
ചമൻ ചാക്കോയുടെ എഡിറ്റിംഗും ജേക്സ് ബിജോയ് നൽകിയ സംഗീതവും മികച്ചതാണ്.മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മ്മിച്ചിരിക്കുന്നത്.

———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
Post Views: 197