February 23, 2025 1:35 am

സംവിധായകൻ ശങ്കറിന്റെ 10.11 കോടി സ്വത്ത് കണ്ടുകെട്ടി ഇഡി

ചെന്നൈ: രജനികാന്തും ഐശ്വര്യ റായിയും അഭിനയിച്ച ‘എന്തിരൻ’ എന്ന തമിഴ് സിനിമ സംവിധാനം ചെയ്ത ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് എൻഫോഴ്ശമെൻ്റ് ഡയറക്ടറേററ് ( ഇ ഡി ) കണ്ടുകെട്ടി.

2010ൽ പുറത്തിറങ്ങിയ സിനിമയുടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണിത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ആണ് നടപടി.ശങ്കറിനെതിരെയുള്ള അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു.

1996 ൽ പ്രസിദ്ധീകരിച്ച തന്റെ ചെറുകഥയായ ജിഗുബ അനുമതിയില്ലാതെ സിനിമയാക്കി എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ ആരൂര്‍ തമിഴ്‌നാടന്‍, 2011 മെയ് 19 ന് ചെന്നൈയിലെ എഗ്മോർ കോടതിയിൽ ശങ്കറിനെതിരെ പരാതി നൽകിയിരുന്നു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതോടെ കോടതി ശങ്കറിനെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

Enthiran: The Unbiased Review: siddhu30 — LiveJournal

എന്തിരന്റെ കഥയ്ക്കും തിരക്കഥയ്ക്കും സംഭാഷണത്തിനും സംവിധാനത്തിനുമായി ആകെ ശങ്കര്‍ 11.5 കോടി രൂപ വാങ്ങിയെന്നാണ് ഇഡി മനസ്സിലാക്കിയിട്ടുണ്ട്. ഈ തുകയാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഉള്ളടക്കത്തിലും കഥയുടെ വികാസത്തിലും പ്രമേയത്തിലും കഥാപാത്ര സൃഷ്ടിയിലുമെല്ലാം ജിഗുബയും എന്തിരനും തമ്മില്‍ വളരെ അടുത്ത സാമ്യമുള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കണ്ടെത്തിയിരുന്നു.

ഈ കണ്ടെത്തല്‍ പകര്‍പ്പവകാശലംഘന പരാതിക്ക് കൂടുതല്‍ ബലം നല്‍കി. 1996 ൽ ഇനിയ ഉദയം എന്ന തമിഴ് മാസികയിലാണ് ജിഗുബ പ്രസിദ്ധീകരിച്ചത്. പിന്നീട് 2007ൽ, ധിക് ധിപിക എന്ന പേരിൽ ഇതൊരു നോവലായി പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

ഒരു ശാസ്ത്രജ്ഞനും അയാള്‍ സൃഷ്ടിച്ച റോബോട്ടും അയാളുടെ കാമുകിയും തമ്മിലുള്ള സങ്കീര്‍ണ ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ‘എന്തിരന്‍’ സാങ്കേതിക തികവിന്റെ പേരിലും രജനികാന്തിന്റെ വ്യത്യസ്ത ​ഗെറ്റപ്പുകളുടേയും ഇരട്ട റോളിന്റേയും പേരിലും ശ്രദ്ധ നേടിയിരുന്നു. 290 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി ബോക്സോഫീസിൽ നിന്ന് നേടിയത്.

അതേസമയം അടുത്തിടെയായി പുറത്തിറങ്ങുന്ന ശങ്കർ ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ വൻ പരാജയമായി മാറുകയും ചെയ്തിരുന്നു. ഇന്ത്യൻ 2, ​ഗെയിം ചെയ്ഞ്ചർ എന്നീ ശങ്കർ ചിത്രങ്ങൾ മോശം പ്രകടനമാണ് കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News