February 22, 2025 3:27 am

അദാനിക്കേസിൽ ഇന്ത്യയുടെ സഹായം തേടി അമേരിക്ക

വാഷിംഗ്ടൺ: ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി വ്യവസായ സാമ്രാജ്യത്തിന് എതിരെയുള്ള കൈക്കൂലി, സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ ഇന്ത്യയുടെ സഹായം തേടി അമേരിക്ക.

അതേസമയം ഈ സംഭവത്തിൽ അദാനി​ ഗ്രൂപ്പോ ഇന്ത്യൻ നിയമ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. മോദി, അദാനിക്ക് സംരക്ഷണമൊരുക്കുകയാണെന്നും കോൺ​ഗ്രസ് പറഞ്ഞു. വിമർശനവുമായി തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രയും രം​ഗത്തെത്തിയിട്ടുണ്ട്.

‘മോദിയുടെ ആത്മാർത്ഥ സുഹൃത്തായ അദാനിക്കെതിരായ പരാതി അന്വേഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുകയാണ്. തികച്ചും വ്യക്തിപരമായ ഈ വിഷയത്തിൽ മോദി നിയമപ്രകാരമുള്ള ചുമതല നിർവഹിക്കുമോ ഇല്ലയോ? രാജ്യത്തിന് ഉത്തരമറിയണം’, മഹുവ മൊയിത്ര എക്സിൽ കുറിച്ചു.

ഗൗതം അദാനിക്കും, സാഗർ അദാനിക്കും എതിരായ അന്വേഷണത്തിൽ, ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) ആണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

ഇക്കാര്യം റെ​ഗുലേറ്റർ ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചിട്ടുണ്ട്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

സെക്യൂരിറ്റീസ് തട്ടിപ്പ്, 265 മില്യൺ ഡോളറിൻ്റെ (ഏകദേശം 2200 കോടി) കൈക്കൂലി കേസ് എന്നിവയിലാണ് എസ്ഇസി ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

വാഷിം​ഗ്ടൺ സന്ദർശനത്തിൽ ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ അദാനി കേസ് ചർച്ച ചെയ്തിട്ടില്ല എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് സംഭവം. അദാനിയെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ പാരമ്പര്യം ജനാധിപത്യമാണെന്നും ലോകം ഒന്നാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും മോദി പ്രതികരിച്ചിരുന്നു. വ്യക്തികളുടെ വിഷയങ്ങൾ രണ്ട് പ്രമുഖ നേതാക്കളുടെ കൂടിക്കാഴ്ചയിൽ വിഷയമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News