തിരുവനന്തപുരം: സമരപരമ്പരകളിലൂടെ അധികാരത്തിൽ വന്ന സി.പി.എം, ഇപ്പോൾ സമരത്തെ പുച്ഛിക്കുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
കോവിഡ് വന്നപ്പോൾ ഓടിനടന്നത് ആശാവർക്കർമാരാണ്. ആരോഗ്യരംഗത്തെ കേരളത്തിന്റെ കാലാൾപടയാണ് ആശാവർക്കർമാർ. ഇന്നവരെ പാടെ അവഗണിക്കുകയാണ്. ആശാവർക്കർമാരെ മനുഷ്യരായി പരിഗണിക്കണം. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇവർക്ക് സമരവുമായി ഇറങ്ങേണ്ടിവന്നത്. പേരിൽ മാത്രമേ അവർക്ക് ആശയുള്ളൂ. ഇപ്പോൾ ഉള്ളത് നിരാശ മാത്രം. അവരെ മനുഷ്യരായി പരിഗണിക്കണം. മനുഷ്യനാകണം എന്ന് പാടിയാൽ മാത്രം പോരാ. ആശാവർക്കർമാരുടെ സമരത്തെ ആർക്കും അവഗണിക്കാനാകില്ല.
പ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിച്ചത് നമ്മുടെ മത്സ്യത്തൊഴിലാളികളാണ്. പ്രളയം കഴിഞ്ഞപ്പോൾ അവർ വെറും മത്സ്യത്തൊഴിലാളികളായി മാറി. വിഴിഞ്ഞം തുറമുഖം വന്നപ്പോൾ അവരെ വേണ്ട.
ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ആയിരുന്ന സമയത്ത് അതിന് അടിസ്ഥാനമായിരുന്നത് ആശാവർക്കർമാരാണ്”, ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.