കൊച്ചി :പകുതിവില തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ കെ എൻ ആനന്ദകുമാറാണെന്ന് കൂടുതൽ വ്യക്തമാകുന്ന തെളിവുകൾ പുറത്ത്.
തിരുവനന്തപുരം തോന്നയ്‌ക്കൽ സായിഗ്രാമം ഗ്ലോബൽ ചെയർമാൻ കെ എൻ ആനന്ദകുമാർ ആജീവനാന്ത ചെയർമാനും ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണൻ അഖിലേന്ത്യ കോ– ഓർഡിനേറ്ററുമായ എൻജിഒ കോൺഫെഡറേഷനെതിരെ വിശദമായ തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്.
ഇതിനിടെ, മുഖ്യ പ്രതി അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ ഭാഗമായി 20,163 പേരില്‍ നിന്ന് 60,000 രൂപ വീതവും, 40,035 പേരില്‍ നിന്ന് 56,000 രൂപ വീതവും കൈപ്പറ്റിയിട്ടുണ്ട്.
വിവിധ അക്കൗണ്ടുകള്‍ വഴി ഈ ഇനത്തില്‍ മാത്രം 548 കോടി രൂപ എത്തിയെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയപ്പോൾ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചത്.
അനന്തു കൃഷ്ണനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ വിട്ടു. അനന്തു കൃഷ്ണന്റെ കടവന്ത്രയിലെ സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിലെ 11 അക്കൗണ്ടുകള്‍ വഴി മാത്രം 548 കോടി രൂപ വിവിധ ഇടങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
പാതി വില തട്ടിപ്പില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ?, ഏതെങ്കിലും വഴികളിലൂടെ മറ്റ് ഫണ്ടുകള്‍ വന്നിട്ടുണ്ടോ?, ലഭിച്ച ഫണ്ട് ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ചെലവഴിച്ചു?, തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണമെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചു.
എന്നാല്‍ പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ അനന്തു കൃഷ്ണന്റെ അഭിഭാഷകന്‍ എതിര്‍ത്തു. നേരത്തെ മൂവാറ്റുപുഴ പൊലീസ് അഞ്ചു ദിവസം കസ്റ്റഡിയില്‍ വെച്ച് അന്വേഷിച്ചതാണെന്നും, അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും അനന്തു കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി രണ്ടു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, 2023 ഡിസംബർ നാലിന് കോഴിക്കോട് നടത്തിയ പ്രസംഗത്തിൽ എൻജിഒ കോൺഫെഡറേഷന് പിന്നിൽ സത്യസായി ട്രസ്റ്റാണെന്ന് കെ എൻ ആനന്ദകുമാർ വെളിപ്പെടുത്തുന്ന പ്രസംഗം പുറത്തുവന്നിട്ടുണ്ട് .പകുതിവിലയ്ക്ക് ലാപ്ടോപ്പുകൾ നൽകുന്നതിനായി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.
സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള തുടങ്ങിയത് 30 വർഷം മുൻപാണെന്നും 27 വർഷമായപ്പോൾ നാഷണൽ എൻജിഒ കോൺഫഡറേഷൻ തുടങ്ങിയെന്നുമാണ് ആനന്ദകുമാർ പറയുന്നത്. ‘വാഴ നനയുമ്പോൾ ചീരയും നനയണം. സിഎസ്ആർ ഫണ്ട് എന്താണെന്ന് എല്ലാവരും മനസ്സിലാക്കണം. 5000 ലാപ് ടോപ്പുകൾ പകുതി വിലയ്ക്ക് നൽകുന്നത് ഞങ്ങൾ. 2000 രൂപ വീതം ഓരോ ലാപ് ടോപിനും ചെലവാക്കുന്നത് ഞങ്ങളുടെ പണം ഉപയോഗിച്ച്. 10 കോടിയിലേറെ ഇതിനായി ചെലവഴിച്ചു’ എന്നാണ് പറയുന്നത്.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു തട്ടിപ്പ്. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ്‌ആർ) ഉപയോഗിച്ച് പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ് അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.