വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ട് വോട്ടെടുപ്പിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായി നല്‍കി വന്നിരുന്ന ധനസഹായം അമേരിക്ക നിര്‍ത്തലാക്കി.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്താണ്,ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്കരണത്തിനായിട്ടാണ് ധനസഹായം അനുവദിച്ചത്.
21 മില്യന്‍ ഡോളറിന്റെ സഹായമാണ് എലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ (കാര്യക്ഷമതാവകുപ്പ്)
തീരുമാന പ്രകാരം റദ്ദാക്കിയത്. ബംഗ്ലാദേശില്‍ രാഷ്ട്രീയ പശ്ചാത്തലം മെച്ചപ്പെടുത്തുന്നതിനായി നല്‍കി വന്നിരുന്ന 29 മില്യന്റെ സഹായവും നിർത്തി.
ഡോജിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ആണ് തീരുമാനം പുറത്തുവിട്ടത്.വിവിധ രാജ്യങ്ങളിലെ പദ്ധതികള്‍ക്കായി അമേരിക്ക നല്‍കുന്ന സഹായത്തില്‍ വ്യാപകമായ വെട്ടിക്കുറയ്ക്കലുകളാണ് നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്കകമാണ് ഡോജിന്റെ തീരുമാനം വന്നത്.
ഇന്ത്യക്കുപുറമെ, നേപ്പാൾ, കംബോഡിയ, സെർബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്കുള്ള സഹായവും നിർത്തലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തമാക്കുന്നതിനടക്കം കൺസോർഷ്യത്തിൽനിന്ന് വകയിരുത്തിയ 486 മില്യൺ ഡോളറിന്റെ ഭാഗമായി ഇന്ത്യക്കു നൽകിയിരുന്ന 21 മില്യന്റെ സഹായം റദ്ദാക്കുന്നുവെന്നാണ് ഡോജ് പറയുന്നത്.
സർക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്നും പോസ്റ്റിലുണ്ട്.
അതേസമയം, റദ്ദാക്കിയ ഫണ്ടിനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടൽ എന്നാണ് ബി.ജെ.പിയുടെ സാമൂഹിക മാധ്യമവിഭാഗം ചുമതലയുള്ള അമിത് മാളവ്യ വിമർശിച്ചത്.
വോട്ടുചെയ്യാൻ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ 21 മില്യൺ ഡോളറോ? ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്.ആരാണ് ഇതിൽനിന്ന് നേട്ടം കൊയ്യുന്നത്.അത് ഭരിക്കുന്ന പാർട്ടിയല്ലാ എന്ന് ഉറപ്പാണ് – അദ്ദേഹം എക്സിൽ കുറിച്ചു.