ഡോ ജോസ് ജോസഫ്
ആവേശത്തിലെ രംഗണ്ണനെ പോലെ അര കിറുക്കുണ്ടെന്നു തോന്നിക്കുന്ന പ്രധാന കഥാപാത്രങ്ങൾ. അവരുടെ അസ്വാഭാവികമായ പ്രവൃത്തികൾ സൃഷ്ടിക്കുന്ന സിറ്റുവേഷണൽ കോമഡികൾ. രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതിയ പൈങ്കിളിയും ഓടുന്നത് ഈ ട്രാക്കിലാണ്.
പൈങ്കിളിയിലെ നായകനായ സുകുവും നായികയായ ഷീബയും ‘ഊളത്തരം ‘ എന്നു വിശേഷിപ്പിക്കാവുന്ന സ്വഭാവവിശേഷങ്ങളുള്ളവരാണ്. അവർ ഒന്നിനു പിറകെ മറ്റൊന്നായി ചെന്നു ചാടുന്ന കുരുക്കുകളും അത് സൃഷ്ടിക്കുന്ന കോമഡികളുമാണ് ചിത്രത്തിൻ്റെ കഥാതന്തു.നടന്‍ ശ്രീജിത്ത് ബാബുവാണ് പൈങ്കിളിയുടെ സംവിധായകൻ.

90സ് കിഡ് സുകു സുജിത് കുമാർ (സജിൻ ഗോപു) ഫെയ്സ്ബുക്കിലാണ് സജീവം. ന്യൂ ജെൻ കുട്ടികളെപ്പോലെ ഇൻസ്റ്റയിലൊന്നും എത്തിയിട്ടില്ല. ശുദ്ധ പൈങ്കിളി സാഹിത്യത്തിൽ ‘സുകു വേഴാമ്പൽ’ എന്ന പേരിൽ സുകു ഫേസ് ബുക്കിലിടുന്ന കുറിപ്പുകളിലൂടെയാണ് ചിത്രത്തിൻ്റെ തുടക്കം.
2018ലെ മഹാപ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വരെ പ്രണയം പരത്തിയവനാണ് സുകു. “മഷിത്തണ്ടും മാങ്ങാക്കറിയും ‘ തുടങ്ങിയ ഗ്രൂപ്പുകളിലാണ് സുകുവിൻ്റെ പോസ്റ്റുകൾ ഏറെയും. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സുകു ‘ലവി’ന് സ്റ്റോപ് പറഞ്ഞു.
നാട്ടിൽ സ്റ്റിക്കർ ഒട്ടിക്കുന്ന ഒരു കട നടത്തുന്നുണ്ട് സുകു. അച്ഛൻ സുജിത് കുമാർ (അബു സലിം) ഏതാണ്ട് കിളി പോയ അവസ്ഥയിലാണ്. കുഞ്ഞായിയും (ചന്തു സലിംകുമാർ) പാച്ചനുമാണ് (റോഷൻ ഷാനവാസ്) സുകുവിൻ്റെ ചങ്ങാതിമാർ. വീട്ടുകാർക്ക് പ്രയോജനമൊന്നുമില്ലെങ്കിലും നാട്ടുകാർക്ക് ഉപകാരിയാണ് സുകു. നാട്ടിലെ മിക്ക മദ്യപാന സദസ്സുകളിലും സുകുവിനെ കാണാം.
രണ്ടായിരത്തിനു ശേഷം ജനിച്ച ഷീബ ബേബി(അനശ്വര രാജൻ) എന്ന ന്യൂജെൻ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹം ഉറപ്പിക്കും. കല്യാണത്തിന് തലേ ദിവസം ഒളിച്ചോടും. വീട്ടുകാർ കണ്ടെത്തുമ്പോൾ ഒരെതിർപ്പുമില്ലാതെ തിരിച്ച് കൂടെപ്പോരും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇതാവർത്തിക്കും.പ്രണയവും ഒളിച്ചോട്ടവുമാണ് ഷീബയുടെ ഹോബികൾ.
ആവേശത്തിലെ പിള്ളേർ ആവശ്യം വന്നപ്പോൾ ഗുണ്ടയായ രംഗണ്ണനെയാണ് ആശ്രയിക്കുന്നത്. പൈങ്കിളിയിൽ ഷീബ ശക്തനായ കാമുകനായുള്ള അന്വേഷണത്തിനിടയിൽ ഗുണ്ടയായ പീറ്ററിൻ്റെ (റിയാസ് ഖാൻ) അടുത്തും എത്തുന്നുണ്ട്.
)
ഇതിനിടയിൽ കോയമ്പത്തൂരിൽ ജോലി ആവശ്യത്തിനു പോയ സുകു ഒരു കേസിൽ കുടുങ്ങുന്നു. രക്ഷപെടാൻ പാച്ചൻ്റെ തങ്കു കൊച്ചച്ഛൻ (ലിജോ ജോസ് പെല്ലിശ്ശേരി) നൽകിയ ഉപദേശം സ്വീകരിച്ച സുകു മാനസികാരോഗ്യ കേന്ദ്രത്തിലുമെത്തുന്നു.ഇതോടെ സുകുവിനെ സമൂഹം ഒറ്റപ്പെടുത്തി.ഒരു പെണ്ണു പോലും കിട്ടാത്ത അവസ്ഥയിൽ നിൽക്കുന്ന സുകുവിൻ്റെ ജീവിതത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ഷീബ കടന്നു വരുന്നു.
സുകുവും ഷീബയും ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും വിചിത്ര മാനറിസങ്ങളുള്ളവരാണ്.വളരെ ലൗഡാണ് എല്ലാവരും. ഇവരെയെല്ലാം ചേർത്തുള്ള സിറ്റുവേഷണൽ കോമഡികളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
കോമഡിക്കു വേണ്ടി സൃഷ്ടിച്ചെടുത്ത കോമഡികളിൽ ചിലത് ക്ലിക്കാകുന്നില്ല. കഥാപാത്രങ്ങൾ എന്തിനെന്നറിയാതെ എപ്പോഴും ഉച്ചത്തിൽ ചിലയ്ക്കുന്നുണ്ട്. അതിൽ ചിലത് മാത്രം പ്രേക്ഷകരുടെ ശ്രദ്ധയിൽ പെടും.പ്രത്യേകിച്ച് സുകുവിൻ്റെ പൈങ്കിളി ഡയലോഗുകൾ.
കൗണ്ടറുകളും എതിർ കൗണ്ടറുകളും നോൺ സ്റ്റോപ്പ് കോമഡികളുമായി കഥയെ മുന്നോട്ടു കൊണ്ടു പോകാനാണ് തിരക്കഥാകൃത്തിൻ്റെ ശ്രമം.ഒരു സാധാരണ നാടൻ പ്രേമത്തിൽ നിന്നും പുതുമയുള്ള കഥ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ജിത്തു മാധവൻ്റെ തിരക്കഥ ദുർബ്ബലമാണ്.
സജിൻ ഗോപു നായക വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് പൈങ്കിളി.ആവേശത്തിലെ അമ്പാനിൽ നിന്നും പൊൻമാനിലെ മാരിയോനിൽ നിന്നും തികച്ചും വ്യത്യസ്തനാണ് പൈങ്കിളിയിലെ സജിൻ ഗോപുവിൻ്റെ സുകു.ഡയലോഗ് ഡെലിവറിയിലും കോമഡി ടൈമിംഗിലും സജിൻ ഗോപു തിളങ്ങി.

അനശ്വരാ രാജൻ്റെ ഷീബ ബേബി നടിയുടെ മികച്ച വേഷങ്ങളിൽ ഒന്നല്ല. എക്സെൻട്രിക് ആകുന്ന ഭാഗങ്ങളിൽ അനശ്വരയുടെ അഭിനയത്തിൽ ചെറിയ കൃത്രിമത്വം കാണാം. സുകുവിൻ്റെ കൂട്ടുകാരൻ സുധാകരൻ്റെ പെങ്ങൾ സുമ സുകുവുമായി വൺ വേ ട്രാഫിക് പ്രണയത്തിലാണ്.ജിസ്മ വിമൽ സുമയുടെ വേഷത്തിൽ തിളങ്ങി. ഗുണ്ട പീറ്ററായെത്തിയ റിയാസ് ഖാന് അധികമൊന്നും ചെയ്യാനില്ല.അബു സലിം, റോഷൻ ഷാനവാസ്, ചന്തു സലിംകുമാർ എന്നിവരും വേഷങ്ങൾ ഭംഗിയാക്കി.
ശ്രീജിത്ത് ബാബുവിൻ്റെ ആദ്യ സംവിധാന സംരംഭമാണ് പൈങ്കിളി. ചിത്രം ശരാശരിക്ക് മുകളിലേക്ക് ഉയർന്നിട്ടില്ല.ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്‌സിൻ്റെയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിത്തു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അര്‍ജു ന് സേതുവിൻ്റെ ഛായാഗ്രഹണവും കിരണ്‍ ദാസിൻ്റെ എഡിറ്റിംഗും ജസ്റ്റിന്‍ വര്‍ഗ്ഗീസിൻ്റെ സംഗീതവും മികച്ചതാണ്.

———————————————————-
( കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ )
——————————————————————-
Post Views: 149