ടെൽ അവീവ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾ ട്രമ്പിൻ്റെ ഭീഷണിക്ക് വഴങ്ങി ഹമാസ് നേതൃത്വം. ഇസ്രായേൽ ബന്ദികളെ ശനിയാഴ്ചയ്കകം വിട്ടില്ലെങ്കിൽ ഗാസ നരകമാക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
ഇതിനെ തുടർന്ന്, സമവായ ചർച്ചയിൽ നിശ്ചയിച്ചതുപോലെ അടുത്ത ഘട്ടം ബന്ദികളുടെ മോചനം ശനിയാഴ്ച നടത്തുമെന്ന് ഹമാസ് അറിയിച്ചു. 3 ബന്ദികളെയാണു വിട്ടയയ്ക്കുക. മോചനം വൈകിക്കുമെന്ന് കഴിഞ്ഞ ദിവസം ഹമാസ് പ്രഖ്യാപിച്ചതോടെ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേലും ഭീഷണിപ്പെടുത്തിയിരുന്നു.
കയ്റോയിൽ മധ്യസ്ഥരാജ്യമായ ഈജിപ്തിന്റെയും ഖത്തറിന്റെയും ഉദ്യോഗസ്ഥരുമായി ഹമാസ് സംഘം നടത്തിയ ചർച്ചയിലാണു തടസ്സം നീങ്ങിയത്. ഗാസയിലേക്കു കൂടുതൽ ടെന്റുകളും മരുന്നും ഇന്ധനവും കെട്ടിടാവശിഷ്ടങ്ങൾ നീക്കാനുള്ള യന്ത്രങ്ങളുമെത്തിക്കാൻ ഹമാസ് ഖത്തർ പ്രധാനമന്ത്രിയുടെ സഹായം തേടി. കരാർപ്രകാരമുള്ള 2 ലക്ഷം ടെന്റുകളിൽ 73,000 ഗാസയിലെത്തിയിട്ടുണ്ട്.