ബെയ്ജിങ്: ജനസംഖ്യയില്‍ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ വിവാഹങ്ങളുടെ നിരക്ക് ക്രമാതീതമായി കുറയുന്നു.
വിവാഹ രജിസ്‌ട്രേഷനുകളില്‍ 20% ഇടിവ്. മുന്‍വര്‍ഷം 76.8 ലക്ഷം പേര്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഇപ്പോഴത് 61 ലക്ഷമായി കുറഞ്ഞു. ജനസംഖ്യാ വളര്‍ച്ചയ്ക്ക് വേണ്ടി വിവാഹവും പ്രസവവും പ്രോത്സാഹിപ്പിച്ചിട്ടും ജനസംഖ്യ വർദ്ധിക്കുന്നില്ല എന്നത് സർക്കാരിൻ്റെ അശങ്ക കൂട്ടുന്നു.
ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക പ്രതീക്ഷകള്‍ തകര്‍ന്നേക്കുമെന്നും വിസ്‌കോന്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ജനസംഖ്യാവിദഗ്ദനായ യി ഫുക്‌സിയാന്‍ വിലയിരുത്തുന്നു.2013 ല്‍ 1.34 ലക്ഷത്തോളം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം അതിന്റെ പകുതിയില്‍ താഴെ മാത്രമായി ചുരുങ്ങി.
ചൈനയിലെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 30 കോടിയിലേറെ പേര്‍ വരുന്ന ദശകത്തില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. ജനസംഖ്യയിലെ ഇടിവിന് പ്രധാന കാരണമായത് 1980-2015 കാലങ്ങളില്‍ നിലനിന്ന രാജ്യത്തിന്റെ ‘ഒരു കുട്ടി’ നയവും അതിവേഗമുള്ള നഗരവത്കരണവുമാണെന്ന് യി ഫുക്‌സിയാന്‍ പറയുന്നു.
വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കാന്‍ സർക്കാർ വിവിധ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വിവാഹം, സ്‌നേഹബന്ധം, പ്രത്യുത്പാദനം, കുടുംബം എന്നിവയുടെ നല്ലവശങ്ങളെ കുറിച്ചുള്ള ബോധവത്കരണങ്ങളാണ് ഇതിൽ പ്രധാനം.എന്നാല്‍ കോവിഡ് കാലത്തിന് ശേഷം മൂന്നാം വര്‍ഷവും ജനസഖ്യയിലെ കുറവ് തുടരുകയാണ്.
വിവാഹ മോചന അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 26 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയത്. 2023 നെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധന.