March 12, 2025 4:26 pm

പാതിവില തട്ടിപ്പു കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി: വമ്പൻ കമ്പനികളുടെ സി എസ് ആർ ഫണ്ടിൻ്റെ മറവിൽ പകുതി വില തട്ടിപ്പ് നടത്തി കോടികൾ അടിച്ചുമാററിയ കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ഈ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിക്കും.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കൊച്ചി സിറ്റി, കണ്ണൂര്‍, എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 34 കേസുകളാണ് നിലവില്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ സീഡ് സൊസൈറ്റിക്കെതിരെ സംസ്ഥാനമൊട്ടാകെ പരാതിയാണ് ലഭിക്കുന്നത്. സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണൻ പോലീസ് കസ്ററഡിയിലാണിപ്പോൾ.

കേന്ദ്ര സർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും പറഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകിയാണ് തട്ടിപ്പിൻ്റെ തുടക്കം.പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന വാഗ്ദാനത്തിൽ ഇയാൾ പലരിൽ നിന്നായി പണം വാങ്ങി.

കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് മൊഴി.

പണത്തില്‍ നല്ലൊരു പങ്ക് തന്‍റെ ആഡംബര ജീവിതത്തിന് വേണ്ടിയും അനന്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവായി ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് അനന്തു സ്വന്തം ജീവിതാഡംബരങ്ങള്‍ക്കായും ഈ പണം ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.

രാഷ്ട്രീയക്കാർക്കും തിരുവനന്തപുരം സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ്‌ ഫൗണ്ടർ – എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറിനും പണം നൽകിയെന്ന് അനന്തു വെളിപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 1 നും 31 നും ഇടയില്‍ അനന്തുകൃഷ്ണന്‍ വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹിക്കും കൊച്ചിക്കും ഇടയിലായിരുന്നു ഡിസംബര്‍ മാസത്തിലെ അനന്തുകൃഷ്ണന്‍റെ വിമാനയാത്രകള്‍. 6 തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. ഒരു മാസം മൂന്നു ലക്ഷം രൂപയുടെ വിമാനയാത്ര നടത്താന്‍ മാത്രം പണം അനന്തു സമാഹരിച്ചത് പാതിവില തട്ടിപ്പിന്‍റെ ബലത്തിലെന്ന് വ്യക്തമാണ്.

ഡല്‍ഹിയിലെ അനന്തുവിന്‍റെ താമസമത്രയും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു എന്നതിന്‍റെ തെളിവും ബാങ്ക് സ്റ്റേറ്റ്മെന്‍റില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ മുറിയ്ക്ക് ഇരുപത്തിയയ്യായിരം രൂപ ചെലവു വരുന്ന ഹോട്ടലില്‍ ഡിസംബര്‍ മാസത്തില്‍ നാല് ദിവസമെങ്കിലും അനന്തു താമസിച്ചു. ആകെ ചെലവായത് 3,66,183 രൂപ.

ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ മാത്രം ഒരു ദിവസം 1,97,000 അനന്തു ചെലവിട്ടതായും രേഖകളിലുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല കേരളത്തിലും ഒന്നിലേറെ തവണ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരക്കണക്കിന് രൂപ അനന്തു ചെലവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News