വാഴക്കുന്നം നമ്പൂതിരി
••••••••••••••••••••••••
ആർ. ഗോപാലകൃഷ്ണൻ
🔸🔸
ഏകദേശേംഅരനൂറ്റാണ്ടു കാലത്തിനു മുമ്പുള്ള കേരളത്തിലെ ജനകീയനായ ജാലവിദ്യക്കാരനായിരുന്നു, വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരി. കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷപ്പകർച്ചയോ രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ അദ്ദേഹം ആസ്വാദകവൃന്ദത്തെ വിസ്മയിപ്പിച്ചു.
🔸വാഴക്കുത്തിന്റെ 122-ാം ജന്മവാർഷിക ദിനം, ഇന്ന്;
🔸നാളെ 42-ാം ചരമവാർഷിക ദിനം… 🌹
🌍
1903 ഫെബ്രുവരി 8-ന് പട്ടാമ്പിക്കടുത്ത്, തിരുവേഗപ്പുറയിൽ വാഴക്കുന്നത്ത് ഇല്ലത്ത് രാമൻ അടിതിരിപ്പാടിന്റെയും ആര്യ പത്തനാടിയുടെയും മകനായി ജനനം. ഓത്ത് അഭ്യാസത്തിന് ശേഷം ഇദ്ദേഹം സംസ്കൃതം, ഇംഗ്ലീഷ് എന്നിവ പഠിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തിരുവേഗപ്പുറയിലെ വാഴക്കുന്നം മനയിലേക്ക് ഒരു ജാലവിദ്യക്കാരനെത്തി: ‘മുണ്ടായ ഈച്ചരവാര്യര്‍’. കാലിക്കുടത്തില്‍നിന്ന് യഥേഷ്ടം വെള്ളംവീഴ്ത്തുന്ന വിദ്യ കാട്ടിയ ആ മനുഷ്യനാണ് മനയിലെ ഇളംമുറക്കാരനായ നീലകണ്ഠനെ ആദ്യമായി ജാലവിദ്യയിലേക്ക് പ്രചോദിപ്പിച്ചത്.
മുതിര്‍ന്നപ്പോള്‍ ജ്യേഷ്ഠനായ വാസുദേവന്‍ നമ്പൂതിരിയില്‍നിന്ന് സംസ്‌കൃതവും കൊടുങ്ങല്ലൂര്‍ കളരിയില്‍നിന്ന് ആനശാസ്ത്രവും പഠിച്ച വാഴക്കുന്നം നീലകണ്ഠന്‍ നമ്പൂതിരി ഒരു ഐന്ദ്രജാലികനായാണ് പേരെടുത്തത്.
ചെപ്പടിവിദ്യക്കാരനായ ‘പള്ളിത്തേരി നമ്പ്യാത്തൻ നമ്പൂതിരി’യുടെ ശിഷ്യത്വത്തിലാണ് തുടക്കം കുറിച്ചത്. ചെപ്പും പന്തും വിദ്യയിൽ ആചാര്യനായ ഇദ്ദേഹം ക്രമേണ കയ്യൊതുക്കത്തിലും പ്രാവീണ്യം നേടി. ബേക്കർ എന്ന ജാലവിദ്യക്കാരനിൽ നിന്നും ബുള്ളറ്റ് വിദ്യ പരിശീലിച്ചു. അപ്രത്യക്ഷനാവുന്ന വിദ്യ (escape tricks), ശൂന്യതയിൽ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു.
🌍
1940-കൾക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളിൽ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്, അതുവരേയും സന്ദർശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു. ഓങ്ങല്ലൂര്‍ ഗണപതിക്ഷേത്രത്തിലായിരുന്നു വാഴകുന്നത്തിന്റെ ആദ്യ മാജിക്.
ഒറ്റമുണ്ടുടുത്ത് നിലത്ത് ചമ്രംപടിഞ്ഞിരുന്ന് കാലിച്ചെപ്പുകള്‍ കമഴ്ത്തിവെച്ച് മാന്ത്രികന്‍ ഇരുന്നു.’അന്ത ചേരാനല്ലൂര്‍ കുഞ്ചുക്കര്‍ത്താവെ സ്മരിച്ച് ഇന്ത ചെപ്പുക്കുള്ളേ വാ!’ ഗുരുനാഥനെ സ്മരിച്ച് മാന്ത്രികന്‍ ചെപ്പു തുറന്നപ്പോള്‍ അതാ, പന്ത് ഒന്നല്ല, നിരവധി! ആ ചെപ്പില്‍നിന്ന് അവിലും മലരും ചിലപ്പോള്‍ കടുകും വന്നു. ചുറ്റും കാണികള്‍ വിസ്മയിച്ചുകൊണ്ടേയിരുന്നു.
നിലമ്പൂര്‍ക്കാടിന് അടുത്തുള്ളൊരു കുറവനില്‍നിന്നാണ് അദ്ദേഹം ചെപ്പടിവിദ്യയുടെ ‘കാക്കാലമുറ’ പഠിച്ചത്. ആലപ്പുഴക്കാരന്‍ ബക്കറില്‍നിന്ന് തോക്കില്‍നിന്ന് ചീറിപ്പാഞ്ഞുവരുന്ന ഉണ്ട കടിച്ചുപിടിക്കുന്ന വിദ്യയും പഠിച്ചു. അങ്ങനെ ജാലവിദ്യയുടെ വ്യത്യസ്തധാരകള്‍ വാഴകുന്നത്തില്‍ സംഗമിച്ചൊഴുകി. കൈയടക്കവും കണ്‍കെട്ടും ഫലിതവും നാടകവും നിറഞ്ഞ കലാപ്രകടനങ്ങളായിരുന്നു വാഴകുന്നത്തിന്റേത്.
ചെപ്പും പന്തും നിറച്ച തോള്‍സഞ്ചി തൂക്കി വാഴക്കുന്നം മലയാളക്കര ചുറ്റി. തീവണ്ടിമുറിയിലും ജനങ്ങള്‍ക്കിടയിലും ഇന്ദ്രജാലങ്ങളരങ്ങേറി. നാടകാചാര്യൻ സി.എൻ. ശ്രീകണ്ഠനായരുടെ പുത്രൻ സി.എൻ. ഉണ്ണികൃഷ്‌ണൻ കഴിഞ്ഞ വർഷം പറഞ്ഞു: “അദ്ദേഹം (വാഴക്കുന്നം) അച്ഛൻ്റെ സുഹൃത്തായിരുന്നു. ഞങ്ങൾ കോഴിക്കോട് താമസിക്കുമ്പോൾ വീട്ടിൽ വന്ന് മാന്ത്രിക വിദ്യകൾ കൊണ്ട് അത്ഭുതപ്പെടുത്തി യതോർക്കുന്നു. ചെപ്പടി വിദ്യയിൽ നിപുണനായിരുന്നു.”
ഇദ്ദേഹത്തിന്റെ അനുയായിയായി പരിയാനംപെറ്റയില്ലത്ത് കുഞ്ചുണ്ണി നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. പരിയാനംപെറ്റയെ കൂടാതെ മഞ്ചേരി അലി ഖാൻ, ആർ.കെ. മലയത്ത്, ജോയ് ഒലിവർ, ചീരക്കുഴി ഉണ്ണികൃഷ്ണന്‍ നായര്‍, കെ.എസ്. മനോഹരന്‍, നാണു കുറ്റിയാടി, വടക്കേപ്പാട്ട് പരമേശ്വരന്‍, തുടങ്ങിയവരും ശിഷ്യന്മാരായുണ്ട്. നീണ്ടുപോകുന്ന ശിഷ്യരുടെ നിര തന്നെ…
🌍
🔸തീവണ്ടിയിലെ യാത്രക്കാരുടെ ടിക്കറ്റുകള്‍ അപ്രത്യക്ഷമായി എന്നും മറ്റുമുള്ള ഇന്ദ്രജാലക്കഥകള്‍ പറഞ്ഞുപറഞ്ഞു നാടകകെ പരന്നു: ആ കഥ ഇങ്ങനെയാണ്- “തീവണ്ടി നീങ്ങിത്തുടങ്ങിയതിനാൽ ടിക്കറ്റെടുക്കാതെ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു വാഴക്കുന്നം. ടിക്കറ്റ് പരിശോധകൻ ഇദ്ദേഹത്തോട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ തന്റെ കയ്യിൽ ടിക്കറ്റില്ലെന്ന് പറയുകയും മറ്റു യാത്രക്കാരോട് ടിക്കറ്റ് വാങ്ങിവരാൻ അദ്ദേഹത്തോട് അഭ്യർഥിച്ചുക്കുകയും ചെയ്തു.
എന്നാൽ തന്റെ ജാലവിദ്യ വഴി മറ്റെല്ലാ യാത്രക്കാരുടേയും ടിക്കറ്റുകൾ ഇദ്ദേഹം കൈവശപ്പെടുത്തിയിരുന്നു. തങ്ങളുടെ ടിക്കറ്റ് കാണാഞ്ഞു അന്ധാളിച്ചുനിന്ന യാത്രക്കാർക്കും ടിക്കറ്റ് പരിശോധകനും ഒരു കെട്ട് ടിക്കറ്റുകൾ ഇദ്ദേഹം കാണിച്ചു” എന്നാണ് കഥ. ‘ജാലവിദ്യ’ ഒക്കെത്തന്നെയാണെങ്കിലും ഈ കഥ വിശ്വസിക്കാൻ പ്രയാസം, അല്ല?
ഈ ട്രെയിൻ കഥയുടെ വിശദീകരണം ഒരിക്കൽ മാതൃഭൂമിയിൽ വന്നിരുന്നു. തിരക്കില്ലാത്ത ദിവസം. അടുത്തുള്ള യാത്രക്കാർ വാഴക്കുന്നത്തിന്റെ കൂടെയുള്ളവർ. എല്ലാവരുടെയും ടിക്കറ്റ് വാഴക്കുന്നത്തിന്റ കയ്യിലും. പരിശോധനകൻ ടിക്കറ്റ് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു കുസൃതി തോന്നി. ടിക്കറ്റ് കയ്യിലില്ലാത്തതായി ഭാവിച്ചു. കൂടെയുള്ളവരും ഈ കളിയിൽ ചേർന്നു. ബഹളത്തിനിടയിൽ നമ്പൂതിരി ടിക്കറ്റ് കെട്ട് ചെക്കറുടെ പോക്കറ്റിൽ ഇട്ടു!
അടുത്ത സ്റ്റേഷനിൽ ചെക്കർ എല്ലാവരെയും താഴെയിറക്കി. സ്റ്റേഷൻ മാസ്റ്റർ വാഴക്കുന്നത്തിന്റ പരിചയക്കാരനായിരുന്നു. വാഴക്കുന്നം അദ്ദേഹത്തോട് പരാതി പറഞ്ഞു, ഈ ചെക്കർ ഞങ്ങളുടെ ടിക്കറ്റ് വാങ്ങി, ഇപ്പോൾ ഞങ്ങളുടെ കയ്യിൽ ടിക്കറ്റ് ഇല്ല എന്നു പറയുന്നു. സ്റ്റേഷൻ മാസ്റ്റർ പരിശോധിച്ചപ്പോൾ എല്ലാ ടിക്കറ്റും ചെക്കറുടെ പോക്കറ്റിൽ.
🔸 പോലീസ് കമ്മീഷണറുടെ മോതിരംകൊണ്ട് വാഴകുന്നം കാണിച്ച ജാലവിദ്യ ഏറെ പ്രസിദ്ധമാണ്. തിരുവിതാംകൂറിലെ ഒരു മുറജപകാലത്തായിരുന്നു അത്. മഹാകവി ഉള്ളൂരും സ്ഥലത്തെ പോലീസ് കമ്മീഷണറും കൂടി ശംഖുമുഖം കടപ്പുറത്ത് സായാഹ്നസവാരിക്കിറങ്ങിയതായിരുന്നു. വഴിയില്‍വച്ച് വാഴകുന്നത്തെ കണ്ടപ്പോള്‍ മഹാകവി, കമ്മീഷണര്‍ക്ക് പരിചയപ്പെടുത്തി:
”കേട്ടിട്ടില്ലേ, മഹാജാലവിദ്യക്കാരനാണ്!”
അതുകേട്ടപ്പോള്‍ കമ്മീഷണര്‍ക്ക് ജാലവിദ്യകാണാന്‍ മോഹം. കമ്മീഷണറുടെ കൈയിലെ സ്വര്‍ണമോതിരം ഊരിവാങ്ങി വാഴകുന്നം ജാലവിദ്യയ്‌ക്കൊരുങ്ങി. ”ഇത് ശരിക്കും സ്വര്‍ണമാണെങ്കില്‍ തിരിച്ചുവരും. അല്ലെങ്കില്‍ കടല് കൊണ്ടുപോകും”, എന്നുപറഞ്ഞ് വാഴക്കുന്നം അത് കടലിലേക്ക് വലിച്ചെറിഞ്ഞു. കവിയും കമ്മീഷണറും സ്തബ്ധരായി നിന്നു. സമയം കുറേയായിട്ടും മോതിരം തിരിച്ചുവന്നില്ല. കമ്മീഷണര്‍ അസ്വസ്ഥനായി. മഹാകവി ദയനീയമായി വാഴക്കുന്നത്തെ നോക്കി. വാഴകുന്നം ചിരിച്ചു.
അപ്പോഴാണ് ചില നമ്പൂതിരി യുവാക്കള്‍ കടപ്പുറത്തുകൂടി വന്നത്. വാഴക്കുന്നം അവരിലൊരാളെ വിളിച്ച് അരയില്‍ തിരുകിയ മുറുക്കാന്‍പൊതിയഴിക്കാന്‍ പറഞ്ഞു. അത്ഭുതം! നേരത്തേ കടലിലേക്ക് വലിച്ചെറിഞ്ഞ സ്വര്‍ണമോതിരം മുറുക്കാന്‍പൊതിയില്‍! പോലീസ് കമ്മീഷണര്‍ വാഴകുന്നത്തെ ആലിംഗനം ചെയ്തു. കടപ്പുറത്ത് മുറുക്കാൻ പൊതിയുമായി പ്രത്യക്ഷപ്പെട്ട നമ്പൂതിരി യുവാവ് വാഴകുന്നത്തിന്റെ സഹായികളില്‍ പ്രധാനിയായിരുന്ന പരിയാനമ്പറ്റയായിരുന്നു! (പരിയാനംപറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാട്- നടൻ)
🌍
കോട്ടക്കൽ കോവിലകത്തെ കെ.സി. അനുജത്തി തമ്പുരാട്ടിയായിരുന്നു വാഴക്കുന്നത്തിന്റെ ഭാര്യ. ഇവർ 1980-ൽ മരണമടഞ്ഞു. മൂന്ന് വർഷം കഴിഞ്ഞു 1983 ഫെബ്രുവരി 9-ന്, 80-ാം വയസ്സിൽ) വഴക്കുന്നവും അന്തരിച്ചു.
——————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
___________________________________________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 46