January 31, 2025 9:25 pm

ഉയരത്തിൽ പറക്കുന്ന പൊൻമാൻ 

ഡോ ജോസ് ജോസഫ്
 ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ചു ചെറുപ്പക്കാർ ‘ എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്ത  പൊൻമാൻ.
പെണ്ണായാൽ പൊന്നു വേണം.പൊന്നില്ലെങ്കിൽ പെണ്ണിൻ്റെ ജീവിതം കോഞ്ഞാട്ടയാകും. പറഞ്ഞുറപ്പിച്ച സ്വർണം സ്ത്രീധനമായി കൊടുത്തില്ലെങ്കിൽ പിന്നീട് പെണ്ണിൻ്റെ ജീവിതം അടിമ ജീവിതമായി മാറും.
സ്ത്രീധനമായി നൽകേണ്ട  സ്വർണം ഒപ്പിക്കാൻ പാടുപെടുന്ന പാവപ്പെട്ട ഒരു  കുടുംബത്തിൻ്റെയും അവിടെ രക്ഷകനായി അവതരിക്കുന്ന ‘ ‘നടക്കുന്ന ജ്വല്ലറി ‘ പി പി അജേഷിൻ്റെയും കഥയാണ് പൊൻമാൻ. കൊല്ലമാണ് കഥാപരിസമെങ്കിലും അരികുവൽക്കരിക്കപ്പെട്ട മലയാളി കുടുംബങ്ങളുടെ നിസ്സഹായതയും സാധാരണക്കാരുടെ നിലനിൽപ്പിനായുള്ള പോരാട്ട വീര്യവുമെല്ലാം  ചിത്രത്തിൽ കാണാം.
Ponman: Malayalam Comedy-Drama Releasing on Jan 30, 2025
 ‘കൊല്ലം കണ്ടോടാ, ഇനി ഇല്ലം കാണണ്ടാ ‘ എന്ന കൊല്ലം പാട്ടോടെയാണ് ചിത്രത്തിൻ്റെ തുടക്കം. വളഞ്ഞു ചുറ്റി കൊല്ലം ടൗണിലേക്കു കയറുന്ന റെയിൽപ്പാതയും ഉയരത്തിൽ നേരം കാട്ടും ക്ലോക്കും ലൈറ്റ് ഹൗസും ചിന്നക്കട, ചാമക്കട തുടങ്ങിയ കൊല്ലത്തെ എല്ലാ ‘കട’കളും പൂട്ടിപ്പോയ പാർവ്വതി മില്ലുമെല്ലാം ടൈറ്റിൽ സോങിൽ കാണാം.
കൊല്ലത്തിൻ്റെ സ്വന്തം പാർട്ടി ആർ എസ് പി യുടെ ജാഥയുമുണ്ട്. ‘എന്തുവാടെ’ ‘അളിയാ ‘വിളികളും ചിത്രത്തിൽ സജീവമാണ്. പള്ളിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ് കൊല്ലത്തെ വോട്ട് ബാങ്കിനെ തിരിക്കുന്നത്. അലസനും തൊഴിൽ രഹിതനുമായ ബ്രൂണോയ്ക്ക്  (ആനന്ദ് മന്മഥൻ) പാർട്ടിയാണ് ചോര. കടലിൽ പോകത്തില്ല.പള്ളി മതിലിൽ ഒട്ടിച്ച പാർട്ടി സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഇളക്കി മാറ്റിയ കപ്യാരെ ബ്രൂണോ മർദ്ദിക്കുന്നു. എന്ത് അക്രമം കാണിച്ചാലും പാർട്ടി രക്ഷിക്കുമെന്നാണ് ബ്രൂണോയുടെ വിശ്വാസം.
 വാടക വീട്ടിലാണ് ബ്രൂണോയുടെ കുടുംബത്തിൻ്റെ താമസം. അടുത്ത മാസം ഒഴിഞ്ഞു കൊടുക്കണം. എഴുത്തും വായനയുമുള്ള ചെറുക്കനെ കാത്തിരുന്ന് ബ്രൂണോയുടെ സഹോദരി സ്റ്റെഫിക്ക്(ലിജോമോൾ ജോസ് ) 32 വയസ്സ് കഴിഞ്ഞു.25 പവൻ സ്വർണം സ്ത്രീധനം കൊടുക്കാമെന്ന വാക്കിന്മേൽ മുരടനായ കായൽപ്പണിക്കാരൻ  മാരിയോനുമായി (സജിൻ ഗോപു) സ്റ്റെഫിയുടെ വിവാഹം ഉറപ്പിച്ചു.കല്യാണത്തലേന്നു കിട്ടുന്ന ‘പിരിവി’ലായിരുന്നു അമ്മയുടെ (സന്ധ്യ രാജേന്ദ്രൻ)പ്രതീക്ഷ.
 സ്വർണം എങ്ങനെ ഒപ്പിക്കുമെന്ന ആശങ്കയിലായ കുടുംബത്തിൻ്റെ മുന്നിൽ ബ്രൂണോയുടെ കൂട്ടുകാർ വഴി രക്ഷകനായി പി പി അജേഷ് (ബേസിൽ ജോസഫ്)അവതരിക്കുന്നു. ആത്മവിശ്വാസത്തിൻ്റെ ആൾ രൂപമാണ് അജേഷ്. “അജീഷാടാ പറയുന്നത് അജീഷ് ” എന്ന വാക്കുകളിൽ തന്നെ അയാളുടെ ആത്മധൈര്യം കാണാം. പോരാട്ടമാണ് കഠിനാധ്വാനിയായ  അയാൾക്ക് ജീവിതം. പ്രശ്നമുണ്ടെന്നു പറയുമ്പോൾ “പ്രശ്നമുണ്ടാകും, എത്രത്തോളം പ്രശ്നം ” എന്നാണയാളുടെ ചോദ്യം. സ്വന്തം ജീവിതത്തിൽ പോരാട്ടത്തിൻ്റെ അലക്സാണ്ടർ ചക്രവർത്തിയാണ് അജീഷ് .അപ്പനപ്പൂപ്പന്മാർ ഒന്നും ഉണ്ടാക്കിക്കൊടുത്തിട്ടില്ലെങ്കിലും അധ്വാനിച്ച് സുഖമായി ജീവിക്കുമെന്നതാണ് അയാളുടെ ലൈൻ.
Ponman' first look unveiled: Basil Joseph continues to shine after recent  success | Malayalam Movie News - Times of India
 “മടിയിൽ ജ്വല്ലറി ” യുടെഏജൻ്റാണ് അജീഷ്. “ടാക്സും കോപ്പുമൊന്നുമില്ലാത്ത ” ഇല്ലീഗൽ ബിസിനസ്സാണ് .കല്യാണത്തിന് സ്വർണം ആവശ്യമുള്ള കുടുംബങ്ങളിൽ അജീഷ്  അതെത്തിക്കും. കുടുംബവുമായി കരാർ ഒപ്പിടും.തലേ ദിവസത്തെ പിരിവിൽ കിട്ടുന്ന തുകയ്ക്കുള്ള സ്വർണം കുടുംബത്തിനെടുക്കാം. തുക തികഞ്ഞില്ലെങ്കിൽ ബാക്കി സ്വർണം അജീഷ് കൊണ്ടു പോകും. ഇതായിരുന്നു കരാർ .
 പള്ളിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള വോട്ട് ബാങ്ക് അന്തർധാര സജീവമായിരുന്നു.പള്ളിയുടെയും, പാർട്ടിയുടെയും സംഘടിത ശക്തിക്കു മുന്നിൽ ബ്രൂണോയുടെ കുടുംബം നിസ്സഹായരായി മാറുന്നു. പളളിയും പാർട്ടിയും സഹായിച്ചില്ല. ഉദ്ദേശിച്ച പിരിവ് കിട്ടിയില്ല. 13 പവൻ്റെ സ്വർണ്ണത്തിനുള്ള പിരിവെ കിട്ടിയുള്ളു. കമ്പനിയോടുള്ള വിശ്വസ്തതയാണ് അജീഷിൻ്റെ പ്രവർത്തനത്തിൻ്റെ മുഖമുദ്ര. ബാക്കി വരുന്ന സ്വർണം തിരികെ വാങ്ങാമെന്ന അയാളുടെ പ്രതീക്ഷ തെറ്റി. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
 ആരും കടന്നു ചെല്ലാൻ ഭയപ്പെടുന്ന തലവെട്ടിച്ചിറയിലാണ് മരിയോൻ്റെ വീട്. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട അവിടെ കടന്നു ചെല്ലാനും അവിടെ നിന്നു പുറത്തേക്ക് രക്ഷപെടാനുമാവില്ല. പൊന്നിനെ പോലെ വിലയുള്ള ചെമ്മീൻ കെട്ടിന്  കാവൽ നിൽക്കുന്നതാണ് തണ്ടും തടിയുമുള്ള അയാളുടെ ജോലി.മല പോലെ വളർന്നു നിൽക്കുന്ന ക്രിമിനലായ അയാളുമായി  ഒട്ടും മാനസ്സിക പൊരുത്തമില്ലാതെയാണ് സ്റ്റെഫി ജീവിതം തള്ളിനീക്കുന്നത്.
ക്രൂരന്മാരായ ആളുകൾ താമസിക്കുന്ന ആ ദ്വീപിലെത്തി സ്വർണം വീണ്ടെടുക്കാൻ അജീഷിൻ്റെ ഹ്യുബാൾട്ട്  മുതലാളിക്കു പോലും ധൈര്യമില്ല. അവിടേക്ക് അജീഷ് സധൈര്യം കടന്നു ചെല്ലുന്നു.മരിയോൻ എന്ന ശക്തനെ സാധാരണക്കാരനായ അജീഷ് അതിജീവിക്കുമോ? സ്വർണം അയാൾ വീണ്ടെടുക്കുമോ? സ്റ്റെഫിക്ക് എന്തു സംഭവിക്കും? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രത്തിൻ്റെ ക്ലൈമാക്സ്.
പറന്നുയരാൻ 'പൊൻMAN'; ബേസിൽ ജോസഫ്-ജ്യോതിഷ് ശങ്കർ ചിത്രത്തിന്റെ ട്രെയിലർ  പുറത്ത്, റിലീസ് 30-ന്
രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. ഉദ്വേഗം നിറയ്ക്കുന്നതാണ് കഥാഗതി. നോവലിൻ്റെ വിശാലമായ ഭൂമികയിൽ നിന്നും സിനിമയുടെ ക്യാൻവാസിലേക്കെത്തുമ്പോൾ  കഥയുടെ ആവേശം തെല്ലും  ചോർന്നിട്ടില്ല.സിനിമ അനാവശ്യമായി വലിച്ചു നീട്ടിയിട്ടുമില്ല.
പൊൻമാൻ സാധാരണക്കാരൻ്റെ പോരാട്ട വീര്യത്തിനൊപ്പം പുരുഷൻ്റെ മേൽക്കോയ്മയ്ക്കു വഴങ്ങി ഇഷ്ടമില്ലാത്ത വിവാഹ ജീവിതത്തിൽ അടിമ ജീവിതം നയിക്കേണ്ടി വരുന്ന സ്ത്രീയുടെ കഥ കൂടി പറയുന്നു. സാധാരണക്കാരെ ബലിയാടാക്കുന്ന രാഷ്ട്രീയമുൾപ്പെടെ പല അടരുകൾ ചിത്രത്തിനുണ്ട് .സ്ത്രീക്ക് തിളങ്ങാൻ പൊന്നു വേണ്ട എന്ന സന്ദേശം ക്ലൈമാക്സിൽ നൽകുന്നുണ്ടെങ്കിലും സ്ത്രീധനത്തെ ചിത്രം പ്രത്യക്ഷത്തിൽ തള്ളിപ്പറയുന്നില്ല.
 ജി ആർ ഇന്ദുഗോപനാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്നതാണ് സംഭാഷണങ്ങൾ. മിന്നൽ മുരളിക്ക് തിരക്കഥ എഴുതിയ ജസ്റ്റിൻ മാത്യുവും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കലാസംവിധായകനായി തിളങ്ങിയ ജോതിഷ് ശങ്കറിന് സംവിധായകനെന്ന നിലയിലും ഭാവിയുണ്ട്. അടുത്ത കാലത്ത് സിനിമയാക്കിയ ജി ആർ ഇന്ദുഗോപൻ്റെ ശംഖുമുഖി (കാപ്പ ), അമ്മിണിപ്പിള്ള വെട്ടു കേസ് (ഒരു തെക്കൻ തല്ലു കേസ് ) തുടങ്ങിയ കഥകളെക്കാൾ കൂടുതൽ മിഴിവോടെയാണ് പൊൻമാൻ്റെ മേക്കിംഗ്.
 നാലഞ്ചു ചെറുപ്പക്കാരിൽ പ്രേക്ഷകരോട് ചേർന്നു നിൽക്കുന്നത് അജീഷും സ്റ്റെഫിയും മരിയോനുമാണ്. ഓരോരുത്തർക്കും അവരുടേതായ കാഴ്ച്ചപ്പാടുകളുണ്ട്. ബേസിൽ ജോസഫിൻ്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അജീഷ്. ബേസിലിൻ്റെ സ്റ്റീരിയോടൈപ്പ് കോമിക്  കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനാണ് കരളുറപ്പോടെ ഏതു പ്രതിസന്ധിയെയും നേരിടുന്ന അജീഷ്. ഓവറാക്കാതെ ഗംഭീരമായി ബേസിൽ അജീഷിനെ അവതരിപ്പിച്ചു.
കഥ പുരോഗമിക്കുന്നതോടെ കൂടുതൽ പക്വതയാർജ്ജിക്കുന്ന കഥാപാത്രമാണ് സ്റ്റെഫി.സ്റ്റെഫിയായി ലിജോമോൾ ജോസും തിളങ്ങി.ആവേശത്തിലെ രംഗണ്ണൻ്റെ സന്തത സഹചാരിയായ കോമാളി അമ്പാനിൽ നിന്നും തികച്ചും വ്യത്യസ്തനാണ് പൊൻമാനിലെ ഭീകരനായ  മാരിയോൻ.സജിൻ ഗോപു മാരിയോനായി  മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ബ്രൂണോയായി ആനന്ദ് മന്മഥൻ്റെ പ്രകടനവും കൊള്ളാം.
 സാനു ജോണ്‍ വര്‍ഗ്ഗീസിന്റെ ക്യാമറയും നിധിന്‍ രാജ് ആരോളിന്റെ എഡിറ്റിംഗും മികച്ചതാണ്.ജസ്റ്റിൻ വർഗീസിന്റെ സംഗീതവും നിലവാരമുള്ളതാണ്. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Ponman X Review | Ponman X Review Rating | Ponman Malayalam Movie Review |  Here's What Audiences Have To Say About Basil Joseph And Sajin Gopu's Film  - Filmibeat
————————————————————————————————————————————-

 (കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)

——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News