വാഷിംഗ്ടണ്‍: അമേരിക്കയിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിലെ തടങ്കല്‍ പാളയത്തിലേക്ക് മാററുന്നു. ഇതിനുള്ള പദ്ധതി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇവർ ഏകദേശം 11 ദശലക്ഷം വരും എന്നാണ് കണക്ക്.
‘കൂട്ട നാടുകടത്തല്‍’ പ്രചാരണത്തിന് നേതൃത്വം നല്‍കാമെന്ന തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കാനുള്ള ശക്തമായ നീക്കത്തിലാണ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട ലാക്കന്‍ റിലേ ആക്റ്റില്‍ അദ്ദേഹം ഒപ്പുവെച്ചു.
രേഖകളില്ലെങ്കിലും തങ്ങളുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സംരക്ഷകരായി സേവനമനുഷ്ഠിച്ച നിരവധിപേര്‍ പതിറ്റാണ്ടുകളായി രാജ്യത്തുണ്ട്. ഇങ്ങനെ കഴിയുന്ന വ്യക്തികളെ പുറത്താക്കാൻ കഴിയുന്ന നിയമമാണ് ലാക്കന്‍ റിലേ ആക്റ്റ്.
നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, കവര്‍ച്ച, മോഷണം, എന്നീ കുറ്റങ്ങള്‍ ചുമത്തി നിയമവിരുദ്ധമായി തടവിലാക്കപ്പെടുന്ന പൗരന്മാരല്ലാത്തവരെ തടവിലാക്കേണ്ടതുണ്ട്. അവർ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ അവരെ നാടുകടത്താന്‍ നിയമം അനുവദിക്കുന്നു.
ഗ്വാണ്ടനാമോ ബേയില്‍ 30,000 ആളുകളെ പാർപ്പിക്കാനുള്ള കുടിയേറ്റ കേന്ദ്രം തയ്യാറാക്കാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് പ്രസിഡൻ്റ് ഉത്തരവ് നൽകിയിട്ടുണ്ട്.
അതേസമയം, മനുഷ്യത്വരഹിതമായ പെരുമാറ്റവും നിയമപരമായ സംരക്ഷണത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടി ഗ്വാണ്ടനാമോ തടങ്കല്‍ കേന്ദ്രം അടച്ചുപൂട്ടണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
‘വിചാരണയില്ലാതെ ഇരുപതു വര്‍ഷത്തെ ഏകപക്ഷീയമായ തടങ്കലും പീഡനവും മോശം പെരുമാറ്റവും ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു സംഘം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.ഗ്വാണ്ടനാമോയെ അമേരിക്കയുടെ ചരിത്രത്തിലെ ‘വൃത്തികെട്ട അധ്യായം’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
‘ഭീകരതയ്ക്കെതിരായ യുദ്ധം’ എന്ന പേരില്‍ അറസ്റ്റുചെയ്യപ്പെട്ടവരെ പാര്‍പ്പിക്കുന്നതിന് 2002 ല്‍ ആരംഭിച്ച ഈ ഗ്വണ്ടനാമോ തടവറയിൽ നിരവധി തടവുകാരെ വിചാരണയില്ലാതെ വര്‍ഷങ്ങളോളം തടവിലാക്കിയിരുന്നു.
ഈ മാസം ആദ്യം,ഈ കേന്ദ്രം അതിന്റെ 23-ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടയില്‍ നിരവധി പേരെ വിട്ടയച്ച് തടവുകാരുടെ എണ്ണം കുറച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനമൊഴിഞ്ഞ ഭരണകൂടം അടുത്തിടെ തടവുകാരെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു.ഇവിടെ ഇപ്പോള്‍ 15 തടവുകാര്‍ മാത്രമേയുള്ളൂ.
പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് ഈ ജയില്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ട്രംപ്, 2018 ല്‍ തന്റെ ആദ്യ ഭരണകാലത്ത് ,ഭാവിയില്‍ ഗ്വാണ്ടനാമോ ബേ തുറക്കാന്‍ വീണ്ടും ഒരു ഉത്തരവില്‍ ഒപ്പുവച്ചു.
അമേരിക്കന്‍ ജനതയ്ക്ക് ഭീഷണിയാകുന്ന ഏറ്റവും മോശം ക്രിമിനലുകളായ 30,000 അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഗ്വാണ്ടനാമോയില്‍ സൗകര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു.