പ്രയാഗ്‌രാജ്: മുൻ ബോളിവുഡ് നടി മംമ്ത കുൽക്കർണിയെ മഹാകുംഭമേളക്കിടെ കിന്നർ അഖാരയിലെ മഹാമണ്ഡലേശ്വരായി വാഴിച്ചതിനെതിരെ വിമർശനവുമായി ബാഗേശ്വർ ധാമിലെ പീതാധീശ്വർ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും കഥാവച്ചക് ജഗത്ഗുരു ഹിമാംഗി സഖി മായും.
യഥാർത്ഥ സന്യാസി ചൈതന്യമുള്ളവർക്ക് മാത്രമേ ഇത്തരം പദവികൾ നൽകാവൂ എന്നും ശാസ്ത്രി പറഞ്ഞു.ബാഹ്യ സ്വാധീനത്തിൽ ഒരാളെ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വരനോ ആക്കും? തനിക്കിതുവരെ മഹാമണ്ഡലേശ്വരനാകാൻ കഴിഞ്ഞിട്ടില്ലെന്നും ശാസ്ത്രി കൂട്ടുചേർത്തു.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട മംമ്ത കുൽക്കർണി വാർത്തകളിൽ ഇടം പിടിക്കാനും പ്രസിദ്ധി നേടാനുമാണ് ഈ വേഷം കെട്ടുന്നതെന്ന് ഹിമാംഗി സഖി മാ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് കിന്നാർ അഖാരയിലെത്തിയ മംമ്ത കുൽക്കർണി ആചാര്യ മഹാമണ്ഡലേശ്വർ ഡോ. ലക്ഷ്മി നാരായൺ ത്രിപാഠിയെ സന്ദർശിച്ച് അനുഗ്രഹം തേടിയത്. തുടർന്ന് മഹാമണ്ഡലേശ്വർ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതോടെ കുൽക്കർണി സന്യാസ ജീവിതത്തിന് തുടക്കമിട്ടു. ശ്രീ യമായ് മമ്ത നാന്ദ്ഗിരി എന്ന പേരിലായിരിക്കും ഇനി അവർ അറിയപ്പെടുക.