കണ്ണൂർ: സി പി എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന്, കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് തെളിവുകൾ നിരത്തി ആരോപിച്ചു
ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ്. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവ് അജിത്തും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി ഇടപാട് രേഖകളൂം അദ്ദേഹം ഹാജരാക്കി.
ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ കമ്പനിക്ക് നൽകിയിരുന്നു.
കണ്ണൂർ പാലക്കയം തട്ടിൽ ആസിഫിന്റെയും അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തു.
മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയയായ ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. നവീൻ ബാബുവിൻ്റെ മരണത്തിൽ തിരിച്ചടികൾ നേരിട്ട ദിവ്യക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് മുഹമ്മദ് ഷമ്മാസ് ഉന്നയിക്കുന്നത്.
നേരത്തേയും പെട്രോൾ പമ്പുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭർത്താവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.