January 15, 2025 3:50 pm

രഹസ്യമായി സമാധിയായ ഗോപൻ സ്വാമിയും ഇന്ത്യൻ പീനൽകോഡും

കൊച്ചി: തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ആറാലുംമ്മൂട്ടില്‍ ഗോപന്‍ എന്നയാളുടെ വീട്ടുമുറ്റത്ത് ഒരു ദിവസം ഒരു ശവക്കല്ലറ പ്രത്യക്ഷപ്പെട്ടതിനെപ്പററിയും അതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തെക്കുറിച്ചും സാമൂഹിക നിരീക്ഷകനായ ആര്യലാൽ ഫേസ്ബുക്കിൽ വിമർശനക്കുറിപ്പെഴുതി.

ഗോപന്‍ സമാധിയായതാണെന്നാണ് മക്കളും ഭാര്യയുമടക്കമുള്ളവര്‍ ആണയിടുന്നു. ഗോപന്‍ എങ്ങിനെ മരിച്ചുവെന്നോ, മരണം ആര് സ്ഥിരീകരിച്ചുവെന്നോ ആര്‍ക്കുമറിയില്ല. എങ്ങനെയാണ് മരണപ്പെട്ടത് എന്ന് ചോദിച്ചപ്പോള്‍ മരിച്ചു എന്ന് പറയാന്‍ പാടില്ല എന്നാണ് കുടുംബം പറയുന്നത്.

After mysterious death, protests thwart exhumation efforts by police in  Neyyattinkara - The Hindu

ആര്യലാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

 

#ഹാ_സുഖങ്ങൾതൻ_ജാലം

ഴഞ്ചൊല്ലുകൾക്കും ശൈലികൾക്കും പേരു കേട്ട ഭാഷയാണ് മലയാളം. ചില കഥകൾക്കുമങ്ങനെ തന്നെ. ഒരിക്കൽ ചാറ്റൽ മഴയുള്ള ഒരു സന്ധ്യയിൽ ആറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ പോയ ഒരാൾ ഉമ്മറത്ത് ഇരുന്ന മുറം എടുത്ത് തലയ്ക്കുമേൽ ചൂടി എന്നൊരു കഥയുണ്ട്. ചോദിച്ചവരോട് “പനി പിടിക്കാതിരിക്കാനാണ്” എന്നു പറഞ്ഞത്രേ ഈ കഥ ‘നെയ്യാറ്റിൻ കരയിലെ ഗോപൻ സ്വാമി’യും കേട്ടുകാണും. ‘ജലസമാധി’ക്ക് പോകുന്നവന് പനിപിടിക്കും എന്ന ആധി തോന്നാമെങ്കിൽ ജീവ സമാധിക്കുമുന്നെ രക്താതിമർദ്ദത്തിന് ഒരു ഗുളിക കഴിക്കാം എന്നു ഏതു ഗോപൻ സ്വാമിക്കും തോന്നാം.

“ആരെങ്കിലും കണ്ടാൽ മോക്ഷം ലഭിക്കില്ല” എന്ന ഗോപൻ സ്വാമിയുടെ പ്രവചനം കേട്ട് അയ്യാ വൈകുണ്ഠൻ മുതലിങ്ങോട്ട് ചെങ്കോട്ടുകോണം സ്വാമി വരെ സമാധിയിലിരുന്ന് നടുങ്ങിക്കാണണം. മുജ്ജന്മത്തിലെ ശത്രുക്കൾ മക്കളായി മാത്രമല്ല തന്തമാരായും ജനിക്കാനിടയുണ്ട്. പണ്ടേയ്ക്കു പണ്ട് “ചത്തു കഴിഞ്ഞുടൻ മൂലത്തിൽ ഒരു പാരക്കോൽ കയറ്റണേ മക്കളേ” എന്ന ആവശ്യമുന്നയിച്ച തന്ത മുതൽ ചാവും മുന്നെ സമാധിയിരുത്താൻ പറഞ്ഞ തന്ത വരെ ആ കൂട്ടത്തിൽപ്പെടും.

ജനനവും മരണവുമൊന്നും രഹസ്യമാക്കി വയ്ക്കുന്നത് ഇക്കാലത്ത് പഞ്ചായത്തു പോലും സമ്മതിക്കുന്ന അത്ര നല്ല കാര്യമല്ല. പണ്ട് കനേഷുമാരിക്കണക്കിൽ നിന്നും രക്ഷപെട്ടു എങ്കിലും ആ ‘രഹസ്യം’ യേശുവിനെപ്പോലും കുരിശിൽ നിന്നു രക്ഷിച്ചില്ല. അതുകൊണ്ടാണ് അതിനു മുന്നെ കംസനെ പേടിച്ചു രഹസ്യമാക്കിയ ഒരു ജനനം ആകാശത്തുനിന്നുതന്നെ “തവാന്തകൻ ഭൂമിതലേ പിറന്നൂ..”എന്ന് പരസ്യമാക്കിയത്. മരണവും അങ്ങനെ തന്നെ. നചികേതസ്സു കാലനോടു ചോദിച്ച ‘മരണരഹസ്യം’ പോലെയല്ല മരണം. അത് “അശ്വത്ഥാമാ ഹത:”എന്ന പോലെ ഉറക്കെ പറയേണ്ടതാണ്. ഗോപൻ സ്വാമിക്ക് മരണരഹസ്യം മാത്രമല്ല ഇന്ത്യൻ പീനൽ കോഡും അറിയാതെ പോയി. ശത്രു തന്തയായി ജനിച്ചാൽ ഇങ്ങനെയിരിക്കും!

ഇനിയിപ്പോ ഈ വിഷയം പൊതു കാര്യമാണ്. രാത്രിയിൽ എന്തെങ്കിലും ഗുളിക കഴിച്ചിരുന്നുറങ്ങിപ്പോകാനിടയുള്ള സകല മാതാപിതാക്കൾക്കും വേണ്ടിയാണ് ആ കല്ലറ പൊളിക്കേണ്ടത്. മക്കൾ എടുത്തു കൊണ്ടുപോയി രഹസ്യമായി സമാധിയിരുത്താതിരിക്കാൻ അത്രയെങ്കിലും ചെയ്യണം;അല്ലെങ്കിൽ വൃദ്ധ സദനങ്ങൾക്കു പകരം നാടൊട്ടുക്ക് സമാധിസ്ഥലങ്ങളായിരിക്കും. എന്തായാലും
“നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് “തീയറ്ററിൽ നേരത്തെ റിലീസായെങ്കിലും ശരിക്കും പ്രേക്ഷക ശ്രദ്ധകിട്ടിയത് ഇപ്പോഴാണ്.

പഴഞ്ചൊല്ലിന് പതിരു മാത്രമല്ല പഞ്ഞവുമില്ലാത്ത കൊണ്ട് ഒരെണ്ണം ഓർമ്മിപ്പിക്കട്ടെ.. “എള്ളുണങ്ങുന്നത് എണ്ണയ്ക്കാണ് അതിൻ്റെ കൂടെയിരുന്ന് കുറുഞ്ചാത്തൻ ഉണങ്ങുന്നതെന്തിനാണ്?” സമാധികൊണ്ട് ഗോപൻ സ്വാമിക്ക് മോക്ഷവും മക്കൾക്ക് ഒന്നുകിൽ ചക്രവും അല്ലെങ്കിൽ ജയിലെങ്കിലും കിട്ടിയേക്കും അതിൽ പക്ഷം പിടിക്കുന്ന സംഘടനകൾക്ക് എന്താണ് ഗുണം ? പണ്ട് പാണ്ടി മണിയൻ കയറ്റാൻ പറഞ്ഞ പാരക്കോൽ ഊരി സ്വയം കയറ്റുന്നതിൽ എന്താനന്ദമാണുള്ളത്? ആർക്കറിയാം… ഹാ സുഖങ്ങൾ തൻ ജാലം !

ഇതുവരെ ഒരു പ്രസിദ്ധ “കല്ലറ ഗോപൻ ” മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോ രണ്ടായി!

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News