കൊച്ചി: സിനിമ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലായിരിക്കുമ്പോൾ മൂന്നു പ്രമുഖർ സന്ദർശിച്ച കാര്യം പുറത്ത് വന്നു.
ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബിയെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു ലഭിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോബിയെ കാണാൻ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവരുടെ പേര് വ്യക്തമായിട്ടില്ല.
ബോബിയുടെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിലിരുന്ന് സംസാരിച്ചു എന്നാണ് റിപ്പോർട്ട്. ബോബിയെത്തിയപ്പോൾ കൈയിൽ പണമില്ലായിരുന്നുവത്രെ. ജയിൽ ചട്ടം മറികടന്ന് ഫോൺ വിളിക്കാൻ 200 രൂപ നേരിട്ട് ബോബിക്ക് നൽകി. പിന്നീട് ഇത് രേഖയാക്കിയത്രെ.
ഹൈക്കോടതിയിൽ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്.
ഹര്‍ജി പരിഗണിക്കവെ ബോബി ചെമ്മണൂരിന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്തിനാണ് ഈ മനുഷ്യന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാര്‍ത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിള്‍ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.
ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ബോബി മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
വേഷത്തിലൂടെയോ രൂപത്തിലൂടെയോ ഒരാൾ സ്ത്രീയെ വിലയിരുത്തുമ്പോൾ വിലയിരുത്തപ്പെടുന്നത് സ്ത്രീയല്ല സ്വയം അയാൾ തന്നെയാണെന്നാണ് വിധിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്റ്റീവ് മർബോളിയെന്ന അമേരിക്കൻ മോട്ടിവേഷൻ സ്പീക്കറെ ഉദ്ധരിച്ചാണ് കോടതിയുടെ പരാമർശം.
മറ്റുള്ളവരെക്കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പരാമർശമുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ വാക് പ്രയോഗം ദ്വയാര്‍ത്ഥത്തില്‍ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടേത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്ന് ഏതൊരു മലയാളിക്കും ലളിതമായി മനസിലാകും.ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ നടിയെ വീണ്ടും അപമാനിക്കുന്നതല്ലേ?. വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേള്‍ക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്‍ ആരാഞ്ഞു. മോശം പരാമര്‍ശം നടത്തുന്നതിന്റെ പ്രത്യാഘാതം ജനം മനസ്സിലാക്കണം.
കടയുടെ ഉദ്ഘാടന സമയത്ത് ബോബി ചെമ്മണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തുമ്പോഴും നടി വളരെ മാന്യമായാണ് പെരുമാറുന്നത്. അത് അവരുടെ മാന്യതയാണ് പ്രകടമാക്കുന്നത്.ആ സമയത്ത് അവര്‍ പ്രതികരിക്കാതിരുന്നത് അവരുടെ മാന്യതയായി കണക്കാക്കണമെന്ന് കോടതി നിരീക്ഷിച്ചു. പാസ്‌പോര്‍ട്ട് ബോബി സറണ്ടര്‍ ചെയ്തിട്ടുള്ള കാര്യവും കോടതി പരിഗണിച്ചു.
ബോബി ചെമ്മണൂര്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഒരു തവണയല്ല, പലതവണ ഇയാള്‍ അത് ആവര്‍ത്തിക്കുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിന് പാഠമാകുന്ന തീരുമാനമാണ് കോടതിയില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം സമൂഹത്തിന് ഇപ്പോള്‍ തന്നെ ബോധ്യമായിട്ടുണ്ടാകുമല്ലോയെന്ന് കോടതി അഭിപ്രായപ്പെട്ടു.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു.’കുന്തീദേവി’ പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണ്. പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുക – പ്രോസിക്യൂഷന്‍ വാദിച്ചു.
നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് പ്രതിഭാഗം പറഞ്ഞു. ആരോപിച്ചിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല. മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ കൃത്യമായി പരിശോധിച്ചിട്ടില്ല.ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു