January 15, 2025 6:22 am

ഹണിറോസ് കേസ്: രാഹുല്‍ ഈശ്വർ ജാമ്യം തേടി കോടതിയിൽ

കൊച്ചി : സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ ആണ് രാഹുല്‍ ഈശ്വറിനെതിരെയും  സിനിമ നടി ഹണി റോസ് പൊലിസില്‍ പരാതി നല്‍കിയത്.

താന്‍ ബോബി ചെമ്മണൂരിനെതിരെ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശ്യത്തോടെ സൈബര്‍ ഇടത്തില്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണ് രാഹുല്‍ ഈശ്വര്‍ ചെയ്യുന്നതെന്ന് അവർ ഫെയ്‌സ്ബുക്കില്‍
കുറിച്ചു.

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണ്. രാഹുലും ഈശ്വറും ബോബിയുടെ പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ല.

രാഹുല്‍ ഈശ്വറിനെ പോലുള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍പ്പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിക്കും. അത്തരം നടപടികള്‍ ആണ് തുടര്‍ച്ചയായി രാഹുല്‍ ഈശ്വര്‍ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ഇതിനിടെ, ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് തയാറെടുക്കുകയാണ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ വന്ന സാഹചര്യത്തിലാണ് ഇത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും.

ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും. ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യൂട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളും പരിശോധിക്കും. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളിലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഒരാളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. തുടര്‍ന്നാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News