കൊല്‍ക്കത്ത: ഇടതുമുന്നണി എം എൽ എ ആയി കേരള നിയമസഭയിലെത്തിയ പി.വി.അൻവർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിൽ ചേർന്നു. തുടർന്ന് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ തൃണമൂല്‍ കുടുംബത്തിലെ അംഗമാണെന്ന് അഭിഷേക് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് അന്‍വര്‍, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മമതാ ബാനര്‍ജി കേരളത്തില്‍ എത്തും. കോഴിക്കോട്ടോ മലപ്പുറത്തോ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അവർ പങ്കെടുക്കും. ശനിയാഴ്ച അന്‍വറും മമത ബാനര്‍ജിയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നും അന്‍വറിന്റെ ഓഫീസ് അറിയിച്ചു.
അന്‍വറിന്റെ പൊതുസേവനത്തിനായുള്ള സമര്‍പ്പണവും കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തുമെന്നും അഭിഷേക് ബാനര്‍ജിയുടെ എക്സിലെ കുറിപ്പിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
നേരത്തെ ഡി എം കെ യിൽ ചേരാൻ അൻവർ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പിന്നീട് കോൺഗ്രസിലും യു ഡി എഫിലും ചേക്കേറാനായിരുന്നു ശ്രമം. അതും വഴിമുട്ടി.