ഡോ.ജോസ് ജോസഫ്
ഫോറൻസിക് എന്ന സൈക്കോളജിക്കൽ ത്രില്ലറിനു ശേഷം അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഐഡൻ്റിറ്റി 2025 ൽ റിലീസാകുന്ന ആദ്യ മലയാളചിത്രമാണ്.
അതിസങ്കീർണ്ണമാ ണ് ചിത്രത്തിൻ്റെ കഥാതന്തു. കഥകളും ഉപകഥകളും ട്വിസ്റ്റുകളുമായി മുന്നോട്ടും പിന്നോട്ടും കയറിയിറങ്ങി നോൺ-ലീനിയറായി പറഞ്ഞു പോകുന്ന കഥ മനസ്സിലാക്കാൻ നല്ല ക്ഷമ വേണം.
ആദ്യ പകുതി കഥാപാത്രങ്ങളുടെ ജീവിത പരിസരങ്ങളും സ്വഭാവ വിശേഷങ്ങളും പരിചയപ്പെടുത്തി മുന്നേറുമ്പോൾ രണ്ടാം പകുതി അടിക്കടി ട്വിസ്റ്റുകളുമായി നായകനും വില്ലനും നേരിട്ട് ഏറ്റുമുട്ടുന്നു. കഥാപാത്രങ്ങളു ൾപ്പെടുന്ന പ്രത്യേക പശ്ചാത്തലം മലയാള സിനിമയിൽ അത്ര കണ്ടു പരിചയമുള്ള ഒന്നല്ല.
അതിവിശാലമായ ക്യാൻവാസിൽ കഥാപാത്രണങ്ങളെ പരിചയപ്പെടുത്താനും വികസിപ്പിച്ചെടുക്കാനും തിരക്കഥാകൃത്തുക്കൾ ഏറെ സമയം ചിലവഴിച്ചിട്ടുണ്ട്. 158 മിനിറ്റാണ് ചിത്രത്തിൻ്റെ ദൈർഘ്യം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ് ഭാഷകളിലും ഐഡൻ്റിറ്റി റിലീസ് ചെയ്യുന്നുണ്ട്,
ഹരൺ ശങ്കർ എന്ന ചൈൽഡ് പ്രോഡിജിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം. മാതാപിതാക്കൾ തമ്മിൽ വേർപിരിഞ്ഞ ഹരൺ ഏഴു വയസ്സുവരെ അച്ഛൻ്റെ സംരക്ഷണത്തിലായിരുന്നു .അച്ഛൻ്റെ മരണത്തോടെ അമ്മാവനായ ഡോക്ടറുടെ (ഷമ്മി തിലകൻ) അടുത്തെത്തി.ഹരൺൻ്റെ അമ്മ അപകടത്തിൽ പെട്ടു കിടപ്പിലാണ്.പോലീസിൽ സ്കെച്ച് ആർട്ടിസ്റ്റായിരുന്നു അവർ.
ബാലനായ ഹരൺ ഒബ്സെസ്സീവ് പേഴ്സണാലിറ്റി ഡിസ്ഓർഡർ എന്ന മാനസ്സിക രോഗം നേരിടുന്നുണ്ട്. എന്തും തികഞ്ഞ പെർഫെക്ഷനോടെ ചെയ്യണം.ഓരോന്നിൻ്റെയും സൂക്ഷ്മാംശങ്ങൾ വിശദമായി മനസ്സിലാക്കും.ഹരൺൻ്റെ ഒട്ടും വഴങ്ങാത്ത സ്വഭാവവും ദൃഡതയോടെയുള്ള നടത്തവും യുവാവായി വളരുമ്പോഴും കൂടെയുണ്ട്.യുവാവായ ഹരൺ (ടൊവിനോ തോമസ് ) താമസിക്കുന്ന ഫ്ലാറ്റിലേക്ക് കർണാടക പോലീസിലെ അലൻ ജേക്കബ്ബ് എന്ന ഓഫീസർ (വിനയ് റായ്) അലീഷ (തൃഷ കൃഷ്ൺ) എന്ന യുവതിയുമായി എത്തുന്നു.
കോയമ്പത്തൂരിൽ സമുദ്ര സിൽക്ക്സിൻ്റെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നടന്ന ഒരു കൊലപാതകത്തിൻ്റെ ദൃക്സാക്ഷിയാണ് അലീഷ. അവരെ സംരക്ഷിക്കുന്ന വിറ്റ്നെസ് പ്രൊട്ടക്ഷൻ ഓഫീസറാണ് അലൻ. ഒരു അപകടത്തെ തുടർന്ന് ആളുകളുടെ മുഖം തിരിച്ചറിയാനാവാത്ത ‘ഫേസ് ബ്ലൈൻഡ്നെസ് ‘ എന്ന രോഗം നേരിടുകയാണ് മുമ്പ് ടി വി റിപ്പോർട്ടറായിരുന്ന അലീഷ.
അതെ ഫ്ലാറ്റിൽ താമസിക്കുന്ന കേരള പോലീസ് ഓഫീസർ ദിനേശ് ചന്ദ്രൻ്റെ (അജു വർഗീസ്)വീടുമായി ബന്ധപ്പെട്ട ഒരു മോഷണത്തിലെ പ്രതിയുടെ രേഖാചിത്രം എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട് ഹരൺ കൃത്യമായി വരയ്ക്കുന്നു തുടർന്ന് അലീഷ കണ്ട പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അലൻ ഹരൺൻ്റെ സഹായം തേടുന്നു.
ഫേസ് ബ്ലൈൻഡ്നെസ്, ഒബ്സെസ്സീവ് പേഴ്സണാലിറ്റി ഡിസ്ഓർഡർ തുടങ്ങിയ മെഡിക്കൽ പദങ്ങളെക്കുറിച്ചും പോലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുന്നതിനെ കുറിച്ചുമെല്ലാം തിരക്കഥാകൃത്തുക്കൾ ഒന്നാം പകുതിയിൽ വിശദമായി തന്നെ പറയുന്നുണ്ട്. കോയമ്പത്തൂർ, ബംഗളൂരു, കൊച്ചി എന്നീ മൂന്നു നഗരങ്ങളിൽ കഥ മാറി മാറി ചുറ്റിക്കറങ്ങുന്നു. ആദ്യ പകുതിയിൽ സംശയമുന നീളുന്നത് ഹരൺൻ്റെ നേർക്കാണ്.
രണ്ടാം പകുതിയിൽ നായകൻ്റെയും വില്ലൻ്റെയും യഥാർത്ഥ ഐഡൻ്റിറ്റി വെളിപ്പെടുന്നു. പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങളും പീഡനവും പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന ഒരു വലിയ മാഫിയ സംഘം.കോയമ്പത്തൂർ ടെക്സ്റ്റൈൽസിലെ അമറിൽ (അർജുൻ രാധാകൃഷ്ണൻ ) തുടങ്ങുന്ന നായകൻ്റെ അന്വേഷണം അവസാനം എത്തുന്നത് ഇൻ്റർനാഷണൽ ബന്ധങ്ങളുള്ള ഒരു വലിയ ക്രിമിനൽ കൂട്ടത്തിലേക്കാണ്.
അതിൻ്റെ തലപ്പത്ത് സുപ്രിയ (മന്ദിര ബേദി ) എന്ന വനിതയും. ആരാണ് അലൻ ജേക്കബ്ബ് ? എന്താണ് ഹരൺ ശങ്കറിൻ്റെ യഥാർത്ഥ ഐഡൻ്റിറ്റി ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് രണ്ടാം പകുതി. ഹരൺ ശങ്കർ, അലീഷ, അലൻ ജേക്കബ്ബ് എന്നീ മൂന്ന് കഥാപാത്രങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. രണ്ടാം പകുതിയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ട്വിസ്റ്റുകളെ ബന്ധിപ്പിക്കാൻ വളഞ്ഞ വഴികളിലൂടെയാണ് തിരക്കഥാകൃത്തുക്കളുടെ സഞ്ചാരം.
അത് കഥയുടെ സ്ഥിരത കുറെയൊക്കെ നഷ്ടപ്പെടുത്തി. ഫോറൻസിക് സിനിമയുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊവിനോയുടെ ഹീറോയെ കൂടുതൽ പൊലിപ്പിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ട് ഐഡൻ്റിറ്റിയിൽ സംവിധായകർ.
ഇതിൻ്റെ ഭാഗമായി കൊമേഴ്സ്യൽ എയർലൈൻസ് പ്ലെയിനിലുള്ള രംഗങ്ങളും സ്വകാര്യ ജെറ്റിലുള്ള സംഘട്ടനവും ഹൈവേയിലൂടെയുള്ള കാർ ചേസും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൈമാക്സിൽ സ്വകാര്യ ജെറ്റിലുള്ള സംഘട്ടനം മലയാള സിനിമയ്ക്ക് അപരിചിതമാണ്. പുതുമയുണ്ട്. ഒന്നാം പകുതി പതിഞ്ഞ താളത്തിലാണ് തുടങ്ങുന്നതെങ്കിൽ രണ്ടാം പകുതി കൂടുതൽ വേഗത്തിലാണ് നീങ്ങുന്നത്.
ദൃഡതയുള്ള നടത്തവും സൂക്ഷ്മാംശങ്ങൾ ശ്രദ്ധിക്കുന്ന മുഖഭാവങ്ങളുമുള്ള ഹരൺ ശങ്കർ എന്ന ഹീറോയെ ടൊവിനോ തോമസ് മിതത്വത്തോടെ അവതരിപ്പിച്ചു.സംഘട്ടന രംഗങ്ങളിലും താരം തിളങ്ങി.തൃഷയുടെ അലീഷയാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നതെങ്കിലും നടിക്ക് കൂടുതലൊന്നും ചെയ്യാനില്ലാത്ത വേഷമാണ്. സൂര്യയുടെ എതർക്കും തുനിന്തവൻ എന്ന ചിത്രത്തിൽ സെക്സ് റാക്കറ്റിൻ്റെ തലവനായി വിനയ് റായിയെ മുമ്പും കണ്ടിട്ടുണ്ട്. ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, അജു വർഗീസ, വിശാഖ് നായർ, ജിജു ജോൺ, ആദിത്യ മേനോൻ , അർച്ചനാ കവി, ആര്യ, മദിരാ ബേദി, ഗോപികാ രമേശ് തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി.
ഫോറൻസിക്കിൽ നിന്നും ഏറെ മുന്നോട്ടു പോയിട്ടുണ്ട് സംവിധായകരും തിരക്കഥാകൃത്തുക്കളുമായ അഖിൽ പോളും അനസ് ഖാനും. മേക്കിംഗിലും സാങ്കേതിക മേഖലയിലും ഉയർന്ന നിലവാരം പുലർത്തുന്ന ചിത്രമാണ് ഐഡൻ്റിറ്റി.
ജെയ്ക്ക്സ് ബിജോയ് യുടെ സംഗീതം ആകർഷകമാണ്. ചമൻ ചാക്കോയുടെ എഡിറ്റിംഗും അഖിൽ ജോർജിൻ്റെ ഛായാഗ്രഹണവും മികച്ചതാണ്. രാഗം മൂവീസിനു വേണ്ടി രാജു മല്യത്തും കോൺഫിഡൻ്റ് ഗ്രൂപ്പിനു വേണ്ടി ഡോ സി ജെ റോയിയും ചേർന്നാണ് ഐഡൻ്റിറ്റി നിർമ്മിച്ചത് .
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 127