January 5, 2025 3:58 am

പൊലീസ് എതിർത്തിട്ടും ടി പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍

കൊച്ചി : പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ച് ജയില്‍ ഡിജിപി. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാൾക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മനുഷ്യാവകാശ കമ്മിഷന് സുനിയുടെ അമ്മ അപേക്ഷ നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി 30 ദിവസം പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചതോടെ അഞ്ചു വര്‍ഷത്തിനു ശേഷം തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി.

പരോള്‍ നല്‍കിയത് അസാധാരണ സംഭവമെന്നും ടി പിയുടെ ഭാര്യയും എംഎല്‍എയുമായ കെ കെ രമ പ്രതികരിച്ചു. കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘത്തിന്റെയും ഇടപെടലിലാണ് പരോള്‍ അനുവദിച്ചത്.

അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരില്‍, സ്ഥിരം കുറ്റവാളിയായ ഒരാള്‍ക്ക് ഒരു മാസത്തെ പരോള്‍ അനുവദിച്ചത് ദുരൂഹമാണ്. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കവെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കൊടി സുനി ഒരു മാസത്തെ പരോള്‍ കാലയളവില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്ന എന്ത് ഉറപ്പാണ് ആഭ്യന്തര വകുപ്പിനുള്ളത്.

കൊലപാതകം ആസൂത്രണം ചെയ്തും അത് നടപ്പിലാക്കിയും കൊലയാളികളെ സംരക്ഷിച്ചും പൂര്‍ണമായും കൊലയാളി പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചിരിക്കുകയാണ്. ടി.പി വധക്കേസിലെയും പെരിയ ഇരട്ടക്കൊലക്കേസിലെയും പ്രതികള്‍ ഉള്‍പ്പെടെയുള്ള ക്രിമിനലുകള്‍ക്കും നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ക്കും സംരക്ഷണം നല്‍കുമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഓരോ നടപടികളിലൂടെയും കേരളത്തോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്.

കൊലയാളികളുടെയും ലഹരി മാഫിയകളുടെയും ക്രിമിനലുകളുടെയും സംരക്ഷകരായി ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും മാറുന്നത് കേരളത്തിനു തന്നെ അപമാനമാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളും സത്യസന്ധരായ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ കേരളം ഒന്നാകെ നിങ്ങളുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ തിരിയിയുന്ന കാലം വിദൂരമല്ലെന്ന് സി.പി.എം നേതൃത്വം ഓര്‍ത്താല്‍ നന്നെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News