December 28, 2024 10:48 pm

പള്ളി-ക്ഷേത്ര തർക്കങ്ങൾ: അർ എസ് എസിൽ ഭിന്നത രൂക്ഷം

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുശേഷം രാജ്യത്ത് മസ്ജിദ്-മന്ദിർ തർക്കങ്ങൾ വ്യാപിക്കുന്നതിനെതിരെ ആർ എസ് എസ് മേധാവി ഡോ.മോഹൻ ഭഗവത് നൽകിയ മുന്നറിയിപ്പിനോട് വിയോജിച്ച് ആർ എസ് എസ് മുഖമാസികയായ ‘ഓർഗനെസർ’.

ഇത്തരം തര്‍ക്കങ്ങള്‍ ആശാസ്യമല്ലെന്നാണ് ഭാഗവത് അഭിപ്രായപ്പെട്ടത്. ഇതിനെ ഉത്തർ പ്രദേശിലെ
സംഭലില്‍ അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ മുഖപ്രസംഗത്തിലൂടെ ആണ് ഓർഗനെസർ വിമർശിക്കുന്നത്.

ചരിത്രസത്യം തേടിയുള്ള പോരാട്ടമാണ് ഇതെന്ന് മുഖപ്രസംഗം അഭിപ്രായപ്പെട്ടു. ഷാഹി ജുമാ മസ്ജിദിലുണ്ടായ സര്‍വേ നീക്കങ്ങളെ പൂര്‍ണമായും ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ജാതിവിവേചനങ്ങളുടെ മൂലകാരണം തേടിപ്പോയ അംബേദ്കര്‍ അതിന് ഭരണഘടനാപരമായ പരിഹാരമാര്‍ഗം നിര്‍ദേശിച്ചതുപോലെ മതവിവേചനം തടയാന്‍ നടപടിയാവശ്യമാണ്.ചരിത്രസത്യങ്ങളെ തിരിച്ചറിയാന്‍ ഭാരതീയ മുസ്‌ലിങ്ങളെ ഇത് പ്രാപ്തമാക്കും.

സത്യമറിയാനുള്ള എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങളെ നിഷേധിക്കുന്നത് വ്യാജ മതേതരവാദികളും ബുദ്ധിജീവിനാട്യക്കാരും തുടര്‍ന്നുവരുന്ന വ്യാഖ്യാനങ്ങളാണ്. ഇത് സമൂഹത്തില്‍ വെറുപ്പിനെ വളര്‍ത്തുകയേ ഉള്ളൂ.

മതഭ്രാന്തരായ മുഗള്‍ഭരണാധികാരികളായിരുന്നു ബാബറും ഔറംഗസേബും. ഇവര്‍ക്ക് വീരപരിവേഷം നല്‍കി അവതരിപ്പിച്ചത് കോണ്‍ഗ്രസാണ്.ബ്രിട്ടീഷുകാര്‍ക്ക് മുന്‍പുള്ള രാജ്യഭരണാധികാരികള്‍ ഇവരാണെന്ന ധാരണ മുസ്‌ലിങ്ങള്‍ക്കിടയില്‍ വളര്‍ന്നത് അങ്ങനെയാണെന്നും മുഖപ്രസംഗം പറയുന്നു.

മതേതര കാപട്യത്തിന്റെ സങ്കുചിതകാഴ്ചപ്പാടിലൂടെ ഹിന്ദു-മുസ്‌ലിം സംവാദങ്ങളെ ചുരുക്കിക്കാണുന്നത് ശരിയല്ല. . സോമനാഥ് മുതല്‍ സംഭല്‍വരെയും അതിനുശേഷവും നടക്കുന്ന പോരാട്ടങ്ങള്‍ ചരിത്രസത്യങ്ങള്‍ കണ്ടെത്തുന്നതിനായുള്ളതാണ്.

ജാതിചിന്തയില്‍നിന്ന് അത്രകണ്ട് വേറിട്ടുനില്‍ക്കുന്നതല്ല ഇന്ത്യയുടെ മതപരമായ സ്വത്വബോധം. എന്നാല്‍, തിരഞ്ഞെടുപ്പ് നേട്ടത്തിനായി ജാതിപ്രീണനത്തിലേര്‍പ്പെട്ട പാരമ്പര്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. മാതൃരാജ്യത്തെ വിഭജനത്തിന്റെ മുറിവേല്‍പ്പിച്ചിട്ടും രാജ്യത്തെ അതിക്രമിച്ച് കീഴ്പ്പെടുത്തിയവരുടെ പാപങ്ങളെ വെള്ളപൂശുകയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുമെന്നും ഓര്‍ഗനൈസര്‍ അഭിപ്രായപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News