February 5, 2025 9:37 pm

ഉദാരവൽക്കരണത്തിന്റെ അമരക്കാരൻ മൻമോഹൻ സിങ് ഓർമയായി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിങ് (92) അന്തരിച്ചു. രാഷ്ട്രീയത്തിലെ സൗമ്യമുഖമായ അദ്ദേഹം, രാജ്യത്തെ ഉദാരവൽക്കരണത്തിന്റെ ഉപജ്ഞാതാവായിരുന്നു. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായി.

2004 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ പ്രധാനമന്ത്രിയാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായില്ല. തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. 2009 ൽ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. അസമിൽ നിന്നുളള രാജ്യസഭാംഗം എന്ന നിലയ്ക്കാണ് മൻമോഹൻസിങ് ധനമന്ത്രിയും പ്രധാനമന്ത്രിയും ആയത്.

വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ വൈദ്യശാസ്ത്രത്തിന് അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഗുർശരൺ കൗർ ആണ് ഭാര്യ. ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ് എന്നിവരാണ് മക്കൾ.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. റിസർവ് ബാങ്ക് ഗവർണറായും (1982- 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും (1985– 87), നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായും (1991–96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998– 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

നിലവിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26 നാണ് ജനനം. പിതാവ് ഗുർമുഖ് സിങ്, മാതാവ് അമൃത് കൗർ.   സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മൻമോഹൻ സിങ്ങിന്റെ കുടുംബം അമൃത്‌സറിലേക്ക് മാറി.

പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇന്റർമീഡിയറ്റും ധനതത്വശാസ്ത്രത്തിൽ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ മൻമോഹൻ, കേംബ്രിജ്, ഒാക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനവും നടത്തി.

പഞ്ചാബ്, ഡൽഹി സർവകലാശാലകളിൽ അധ്യാപകനായും ജോലി ചെയ്തു. ഇതിനിടെ 3 വർഷം യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഒാൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ സാമ്പത്തിക വിദ്ഗ്ധനായി സേവനമനുഷ്ഠിച്ചു. 1972ൽ ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1980–82 കാലയളവിൽ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.

1991 ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ ധനമന്ത്രിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News