സതീഷ് കുമാർ വിശാഖപട്ടണം
തൃശൂർ ജില്ലയിലെ തീരദേശമായ വലപ്പാട് എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയ തുടിപ്പായിരുന്ന കൈലാസ് തിയേറ്റർ ഇന്നില്ല. തിയേറ്റർ പൊളിച്ചു പോയെങ്കിലും നാട്ടുകാരുടെ ഗൃഹാതുരത്വം കലർന്ന ഓർമ്മകളിലും , നമ്മളെ എന്നന്നേക്കുമായി വിട്ടു പിരിഞ്ഞ മലയാളത്തിന്റെ അക്ഷര കുലപതി എം ടി വാസുദേവൻ നായരുടെ മനസ്സിലും ഈ ഓല മേഞ്ഞ കൊട്ടകക്ക് ഒരു വലിയ സ്ഥാനമുണ്ട്.
എം ടി യുടെ വാക്കുകളിലൂടെ…
“ജീവിതത്തിൽ ആദ്യമായി സിനിമ കാണുന്നത് ജേഷ്ഠൻ ഗോവിന്ദനോടൊപ്പമാണ് … വലപ്പാട് ഗവൺമെൻറ് വിദ്യാലയത്തിലായിരുന്നു ഏട്ടൻ അദ്ധ്യാപകനായി ജോലി ചെയ്തിരുന്നത് . അവധിക്കാലത്ത് ഏട്ടൻ ജോലി ചെയ്യുന്ന വലപ്പാട്ട് ഞാനും കൊച്ചുണ്ണിയേട്ടനും പോയപ്പോളായിരുന്നു ആദ്യ സിനിമ കാഴ്ച .
കൂടെ ജോലി ചെയ്യുന്ന മാഷന്മാരുടെ കൂടെ തൃപ്രയാറിൽ ഒരു ലോഡ്ജിലാണ് ഏട്ടന്റെ താമസം .
ഗോവിന്ദൻ നായരുടെ അനിയന്മാരൊക്കെ വന്നതല്ലേ ഒരു സിനിമയ്ക്ക് പോകാം എന്ന് മാഷന്മാർ പറഞ്ഞേതിനെ തുടർന്നാണ് ഞങ്ങൾ സിനിമ കാണാൻ തീരുമാനിക്കുന്നത് .
ഓല മേഞ്ഞ സിനിമകോട്ടക . മുൻഭാഗത്ത് മണൽ വിരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ടിക്കറ്റിലുള്ളവർ അവിടെ തറയിൽ ഇരുന്നാണ് കാണുക . തൊട്ടു പിന്നിലായി ബെഞ്ചുകളും ഉണ്ട് .
ഞങ്ങൾ ബെഞ്ചുകളിൽ ഇരുന്നാണ് സിനിമ കണ്ടത് . ആദ്യമായി സിനിമ കാണുകയായിരുന്നിട്ടും എനിക്ക് അതിന്റെ ആവേശമോ വിസ്മയമോ താൽപര്യമോ ഒട്ടും തോന്നിയില്ല…”
ഇങ്ങനെ നിസ്സംഗതയോടെ ആദ്യ സിനിമ കണ്ട എം ടി വാസുദേവൻ നായർ പിൽക്കാലത്ത് മലയാള സാഹിത്യത്തിലും സിനിമയിലും കഥകളുടെ പെരുന്തച്ചനായി മാറിയത് കാലത്തിന്റെ കാവ്യനീതിയാകാം .
തകഴി, കേശവദേവ്, ബഷീർ , പൊൻ കുന്നം വർക്കി, ലളിതാംബിക അന്തർജ്ജനം, കാരൂർ തുടങ്ങിയ ആദ്യകാല എഴുത്തുകാരുടെ പിൻഗാമിയായി എത്തിയ എം ടി മലയാള സാഹിത്യത്തിൽ ശക്തമായ സ്വാധീനം നേടിയെടുത്തത് തന്റെ ഉജ്ജ്വലമായ കഥകളിലൂടെയായിരുന്നു.
വാക്കുകളുടെ മൂർച്ചയായിരുന്നു എം.ടി യുടെ എഴുത്തിന്റെ സവിശേഷത. ഇംഗ്ലീഷിലെങ്ങാനും എഴുതിയിരുന്നെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമായിരുന്നു എന്നാണ് നിരൂപകർ വിലയിരുത്തുന്നത് .
മഹാഭാരതത്തിലെ ഭീമനെ മറ്റൊരു എഴുത്തുകാരനും വിഭാവനം ചെയ്യാൻ പോലുമാകാത്ത തരത്തിൽ “രണ്ടാമൂഴ’ത്തിലൂടെ വരച്ചുകാട്ടിയപ്പോൾ ഇന്ത്യൻ സാഹിത്യ ലോകത്ത് അതൊരു മഹാസംഭവമായി മാറി.
എം.ടി.യുടെ കഥകൾ അഭ്രപാളികളിലെത്തിയപ്പോഴെല്ലാം ആ സിനിമകളെ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.
നഗരമേ നന്ദി, അസുരവിത്ത്, മുറപ്പെണ്ണ്, വിത്തുകൾ, കുട്ടേടത്തി , പാതിരാവും പകൽ വെളിച്ചവും, മഞ്ഞ്, ഇരുട്ടിന്റെ ആത്മാവ് , വളർത്തുമൃഗങ്ങൾ, നിർമ്മാല്യം, ആൾക്കൂട്ടത്തിൽ തനിയെ , അക്ഷരങ്ങൾ, പരിണയം , ഒരു വടക്കൻ വീരഗാഥ തുടങ്ങി എത്രയോ ചിത്രങ്ങളാണ് ഇന്നും നമ്മുടെ മനസ്സിൽ മായാതെ കിടക്കുന്നത്.
എഴുത്തുകാരനിൽ നിന്നും ഒരു ചലച്ചിത്രകാരനായി “നിർമ്മാല്യ “ത്തിലൂടെ എം.ടി. പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ത്യൻ ചലച്ചിത്രലോകം ആ പ്രതിഭയുടെ കരുത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിത്തരിച്ചു പോയി എന്നുള്ളതാണ് വാസ്തവം.
അതെ , എം.ടി.ക്ക് പകരം വെക്കാൻ നമുക്കൊരു എം.ടി. മാത്രമേ ഉള്ളൂ!
സാഹിത്യത്തിലും ചലച്ചിത്ര മണ്ഡലത്തിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ഈ ജ്ഞാനപീഠ ജേതാവ് എന്നും മലയാള സിനിമയിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്തായിരുന്നു. എം ടി യുടെ ഒരു കഥ സംവിധാനം ചെയ്യുക എന്നുള്ളത് ഏതൊരു സംവിധായകൻ്റേയും സ്വപ്നമായിരുന്നു.
പി ഭാസ്കരനും ഐ വി ശശിയ്ക്കും ഹരിഹരനുമാണ് ആ ഭാഗ്യം കൂടുതൽ ലഭിച്ചത്.
എം ടി വാസുദേവൻ നായർ ഒരു ഗാനരചയിതാവ് കൂടിയാണെന്ന് പലർക്കും അറിയില്ല. 1954-ൽ ന്യൂയോർക്കിലെ ഹെരാൾഡ് ട്രിബ്യൂൺ നടത്തിയ ലോക ചെറുകഥാ മത്സരത്തിന്റെ ഭാഗമായി നടത്തിയ
കഥാമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ” വളർത്തുമൃഗങ്ങ”ളുടെ ചലച്ചിത്രാവിഷ്ക്കാരത്തിന് വേണ്ടിയാണ് അദ്ദേഹം 4 ഗാനങ്ങൾ എഴുതിയത് .
“കാക്കാലൻ കളിയച്ഛൻ
കണ്ണു തുറന്നുറങ്ങുന്നു
കരി മറയ്ക്കകം ഇരുന്നു
വിരൽ പത്തും വിറക്കുന്നു…..”
https://youtu.be/2GR26TKnuWw?t=50
എം.ബി.ശ്രീനിവാസൻ ഈണമിട്ട് യേശുദാസ് പാടിയ പ്രശസ്ത ഗാനം വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുല്ലോ.
“ഒരു മുറി കണ്ണാടിയിൽ നോക്കി…..”(എസ് ജാനകി.)
https://youtu.be/iKgshyLvWPc?t=35
“ശുഭരാത്രി ശുഭരാത്രി…”(യേശുദാസ് )
https://youtu.be/E33CgXs0d90?t=6
https://youtu.be/FMD4VBngrRw?t=10
എന്നിവയെല്ലാമായിരുന്നു ചിത്രത്തിൽ എം ടി എഴുതിയ മറ്റു മൂന്നു ഗാനങ്ങൾ.
മലയാളികൾ എന്നുമെന്നും മനസ്സിൽ ഓമനിക്കുന്ന ഒട്ടേറെ ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് എം ടി യുടെ ചിത്രങ്ങൾ .
“കരയുന്നോ പുഴ ചിരിക്കുന്നോ ..”
( ചിത്രം മുറപ്പെണ്ണ് , രചന പി ഭാസ്കരൻ ,സംഗീതം ചിദംബരനാഥ്, ആലാപനം യേശുദാസ്)
“മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവത്ത് …” ( ചിത്രം നഗരമേ നന്ദി, രചന പി ഭാസ്കരൻ, സംഗീതം കെ രാഘവൻ ,ആലാപനം എസ് ജാനകി.)
“ഗോപുരമുകളിൽ
വാസന്ത ചന്ദ്രൻ …. ” ( ചിത്രം വിത്തുകൾ , രചന
പി ഭാസ്കരൻ, സംഗീതം പുകഴേന്തി ,ആലാപനം എസ് ജാനകി)
“കണ്ണീരാറ്റിലെ തോണി …” ( ചിത്രം പാതിരാവും പകൽവെളിച്ചവും , രചന യൂസഫലി കേച്ചേരി , സംഗീതം കെ രാഘവൻ, ആലാപനം ബ്രഹ്മാനന്ദൻ )
“കറുത്ത തോണിക്കാരാ
കടത്തു തോണിക്കാരാ … “
( ചിത്രം അക്ഷരങ്ങൾ ,രചന ഒ എൻ വി , സംഗീതം ശ്യാം , ആലാപനം ജയചന്ദ്രൻ , എസ് ജാനകി )
“ചന്ദനലേപസുഗന്ധം തൂകിയതാരോ കാറ്റോ കാമിനിയോ …. “.
( ചിത്രം ഒരു വടക്കൻ വീരഗാഥ, രചന കെ ജയകുമാർ , സംഗീതം ബോംബെ രവി , ആലാപനം യേശുദാസ്)
https://youtu.be/505oFCq03Gk?t=6
“ഈറനടുത്തും കൊണ്ടംബരം ചുറ്റുന്ന …. ” ” ( ചിത്രം ഇരുട്ടിന്റെ ആത്മാവ്, രചന
പി ഭാസ്കരൻ , സംഗീതം ബാബുരാജ് , ആലാപനം എസ് ജാനകി)
“മണിമാരൻ തന്നത്
പണമല്ല പൊന്നല്ല … ( ചിത്രം ഓളവും തീരവും, രചന പി ഭാസ്കരൻ, സംഗീതം ബാബുരാജ്, ആലാപനം യേശുദാസ്, മച്ചാട് വാസന്തി )
“രാഗം ശ്രീരാഗം…”
( ചിത്രം ബന്ധനം, രചന
ഒ എൻ വി , സംഗീതം എം ബി ശ്രീനിവാസൻ ആലാപനം ജയചന്ദ്രൻ)
“പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചു …”
( ചിത്രം ഓപ്പോൾ , രചന പി ഭാസ്കരൻ, സംഗീതം എം ബി ശ്രീനിവാസൻ, ആലാപനം യേശുദാസ് )
“പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ … “
( ചിത്രം പകൽക്കിനാവ്, രചന പി ഭാസ്കരൻ, സംഗീതം ചിദംബരനാഥ്, ആലാപനം യേശുദാസ്.)
“സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ …”
( ചിത്രം പഞ്ചാഗ്നി , രചന ഒഎൻവി , സംഗീതം ബോംബെ രവി , ആലാപനം യേശുദാസ്)
“ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് നീ …”
(ചിത്രം നഖക്ഷതങ്ങൾ, രചന ഒഎൻവി , സംഗീതം
ബോംബ രവി , ആലാപനം യേശുദാസ്.)
“ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ വസന്തം വന്നു …. ” ( ചിത്രം എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് , രചനയും സംഗീതവും കൈതപ്രം ദാമോദരൻ നമ്പൂതിരി, ആലാപനം കെ എസ് ചിത്ര’)
മൈനാകം കടലിൽ നിന്നുയരുന്നുവോ …. ” ( ചിത്രം തൃഷ്ണ , രചന ബിച്ചു തിരുമല , സംഗീതം ശ്യാം , ആലാപനം
എസ് ജാനകി )
“ഇന്ദ്രനീലിമയോലും …. “
( ചിത്രം വൈശാലി , രചന ഒ എൻ വി ,സംഗീതം ബോംബെ രവി , ആലാപനം കെ എസ് ചിത്ര)
“കുന്നത്തെ കൊന്നയ്ക്കും
പൊൻ മോതിരം … ” ( ചിത്രം കേരളവർമ്മ പഴശ്ശിരാജ , രചന ഒഎൻവി , സംഗീതം ഇളയരാജ, ആലാപനം കെ എസ് ചിത്ര )
തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം എം ടി യുടെ കനക തൂലികയിൽ നിന്നുമുതിർന്നുവീണ കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് അനുഭവവേദ്യമായത് . പിറന്നാളാഘോഷങ്ങളിലൊന്നും വലിയ താൽപര്യമില്ലാത്ത നിളയുടെ പ്രിയ കഥാകാരൻ കർക്കിടകത്തിലെ ഉത്രട്ടാതി നാളിലാണ് ജനിച്ചതും അപൂർവ്വം ചിലപ്പോൾ പിറന്നാളാഘോഷങ്ങൾ നടത്തിയിട്ടുള്ളതും ..
കഴിഞ്ഞ ഒരാഴ്ച മുമ്പാണ് എം ടിയുടെ ആരോഗ്യനിലയെക്കുറിച്ച് മാദ്ധ്യമങ്ങൾ കേരളത്തെ അറിയിക്കുന്നത്.
മരണത്തെ ഇതിനുമുമ്പ് പലപ്പോഴും അഭിമുഖീകരിച്ചിട്ടുള്ള എം ടി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരും എന്നായിരുന്നു അക്ഷരകേരളം ആശിച്ചത്.
എന്നാൽ എല്ലാ പ്രതീക്ഷകളേയും കാറ്റിൽ പറത്തി മലയാളനാടിൻ്റെ അക്ഷരസൂര്യൻ അക്ഷരാർത്ഥത്തിൽ എരിഞ്ഞടങ്ങി.
നിളയുടെ കഥാകാരൻ എന്നന്നേയ്ക്കുമായി വിട വാങ്ങുമ്പോൾ നമുക്ക് അദ്ദേഹത്തിൻ്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മാത്രമേ കഴിയൂ….!
പ്രണാമം.
————————————————————————–
(സതീഷ് കുമാർ : 9030758774)
—————————— —————————— ————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 136